- Advertisement -Newspaper WordPress Theme
HEALTHഅര്‍ബുദചികിത്സാ പരിശോധന; കണ്ടെത്തിയത് ശ്വാസകോശത്തിലെ ഈന്തപ്പഴക്കുരു

അര്‍ബുദചികിത്സാ പരിശോധന; കണ്ടെത്തിയത് ശ്വാസകോശത്തിലെ ഈന്തപ്പഴക്കുരു

തിരുവനന്തപുരം: അര്‍ബുദരോഗ ചികിത്സാ പരിശോധനയില്‍ കണ്ടെത്തിയത് ശ്വാസകോശത്തില്‍ തറഞ്ഞിരുന്ന ഈന്തപ്പഴക്കുരു. സങ്കീര്‍ണ ബ്രോങ്കോസ്‌കോപിയിലൂടെ കുരു പുറത്തെടുത്ത് കിംസ്‌ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍.

കഴുത്തിലൊരു മുഴയുമായാണ് തിരുവനന്തപുരം സ്വദേശിയായ 75-കാരനെ കിംസ്‌ഹെല്‍ത്ത് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ കഴുത്തിലെ മുഴ നട്ടെല്ലിനെ ബാധിച്ചിട്ടുള്ള അര്‍ബുദമാണെന്ന് കണ്ടെത്തി. തുടര്‍ചികിത്സയ്ക്ക് മുന്നോടിയായി എടുത്ത പിഇടി സിടി സ്‌കാനിംഗില്‍ ശ്വാസകോശത്തില്‍ 2ഃ1 സെന്റിമീറ്റര്‍ വലുപ്പമുള്ള മറ്റൊരു മുഴ കിംസ്‌ഹെല്‍ത്തിലെ ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ചികിത്സ തീരുമാനിക്കുന്നതിനായി ഓങ്കോളജിസ്റ്റ്, സ്‌പൈന്‍ സര്‍ജന്‍, ലാറിംഗോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തി മള്‍ട്ടി ഡിസിപ്ലിനറി ബോര്‍ഡ് ചേര്‍ന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് ശ്വാസകോശത്തില്‍ പുതുതായി കണ്ടെത്തിയ മുഴ വിലയിരുത്താന്‍ ബോര്‍ഡ് തീരുമാനിച്ചു.

തുടര്‍ന്ന് രോഗിയെ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി യൂണിറ്റിലേക്ക് മാറ്റി. ബ്രോങ്കോസ്‌കോപ്പിയിലൂടെയാണ് ഈ മുഴ, ഇരുണ്ട തവിട്ടുനിറത്തിലുള്ള ഒരു വസ്തുവാണെന്ന് വ്യക്തമായത്. കോശകലകളാല്‍ അത് ഭാഗികമായി മൂടിയിരുന്നു. അത് മുഴയല്ലെന്നും മൂന്നാഴ്ച മുമ്പ് ഭക്ഷണത്തിനിടെ അറിയാതെ ഉള്ളില്‍പോയ ഈന്തപ്പഴക്കുരു ആയിരുന്നു അതെന്ന് അപ്പോഴാണ് തിരിച്ചറിഞ്ഞത്. ബ്രോങ്കോസ്‌കോപ്പിയുടെ സഹായത്തോടെ തന്നെ ശ്വാസനാളികള്‍ക്ക് മറ്റ് പരിക്കുകളൊന്നും കൂടാതെ ഈന്തപ്പഴക്കുരു വിജയകരമായി നീക്കം ചെയ്യാന്‍ സാധിച്ചതിനാല്‍ ജനറല്‍ അനസ്‌തേഷ്യ തുടങ്ങിയ സങ്കീര്‍ണ നടപടിക്രമങ്ങള്‍ ഒഴിവാക്കാനായി.

കഴിഞ്ഞ മൂന്നാഴ്ചകളില്‍ രോഗിക്ക് നേരിയ ചുമ ഉണ്ടായിരുന്നു. ഈന്തപ്പഴക്കുരു നീക്കം ചെയ്ത ശേഷം ഇത്തരം അസ്വസ്ഥതകള്‍ മാറുകയും അതേദിവസം തന്നെ വയോധികന് വീട്ടില്‍ പോകാനുമായി.

ചെറിയ വസ്തുക്കള്‍ ശ്വാസകോശത്തില്‍ കുടുങ്ങുന്നത് കൂടുതലായി കാണപ്പെടുന്നത് കുട്ടികളിലാണെന്നും അവരുടെ ശ്വാസനാളം ഇടുങ്ങിയതായതിനാല്‍ എത്രയും വേഗം വസ്തു നീക്കം ചെയ്തില്ലെങ്കില്‍ ജീവന് ഭീഷണിയായേക്കാമെന്നും കിംസ്‌ഹെല്‍ത്ത് ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി കണ്‍സള്‍ട്ടന്റ് ഡോ.അജയ് രവി പറഞ്ഞു. ശ്വാസനാളത്തില്‍ നിന്ന് വസ്തുക്കളെ സുരക്ഷിതമായി നീക്കംചെയ്യുന്നതിന് റിജിഡ് ബ്രോങ്കോസ്‌കോപ്പി, ക്രയോതെറാപ്പി പോലുള്ള നൂതനസാങ്കേതിക വിദ്യകള്‍ ഇന്ന് ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme