in , , , , ,

മുലയൂട്ടാനെന്താ ഇത്ര മടി

Share this story

മുലപ്പാലിന്റെ പ്രാധാന്യവും ഗുണങ്ങളും വിശേഷണങ്ങള്‍ക്ക് അതീതമാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി പൊതുജനങ്ങളേയും ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്നവരേയും ബോധവല്‍ക്കരിക്കാനായി എല്ലാ വര്‍ഷവും ആഗസ്റ്റ് 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. എല്ലാ വര്‍ഷവും ഈ സമയത്ത് സര്‍ക്കാര്‍ തലത്തിലും അല്ലാതെയും മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടത്തി വരുന്നു.

അമ്മയ്ക്ക് കുഞ്ഞിനു നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമാണ് മുലപ്പാല്‍. കുഞ്ഞിനു വേണ്ട എല്ലാ പോഷകങ്ങളും ശരിയായ അളവില്‍, അനുയോജ്യമായ താപനിലയില്‍, അണുബാധ സാധ്യതകള്‍ ഒന്നും ഇല്ലാതെ, പ്രത്യേകിച്ച് അധികച്ചെലവുകള്‍ ഒന്നും ഇല്ലാതെ കൊടുക്കാന്‍ കഴിയുന്നു എന്നതാണ് മുലപ്പാലിന്റെ പ്രത്യേകത. ശരിയായ മുലയൂട്ടലിലൂടെ കുഞ്ഞിന് കൃത്യമായ പോഷണവും അണുബാധകളില്‍ നിന്നുള്ള സംരക്ഷണവും ലഭിക്കുന്നു. ജനിച്ച് ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രമേ നല്‍കാവൂ എന്ന് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു.

മുലയൂട്ടല്‍ ആദ്യമായി തുടങ്ങുന്ന അമ്മയ്ക്ക് ആശങ്കയും സംശയങ്ങളും സാധാരണമാണ്. കുഞ്ഞ് ജനിച്ച് എത്രയും പെട്ടെന്നു തന്നെ മുലപ്പാല്‍ നല്‍കേണ്ടതാണ്. മുലപ്പാല്‍ കൊടുക്കുന്നതിനു മുമ്പ് മറ്റു പദാര്‍ത്ഥങ്ങള്‍ (തേന്‍, വെള്ളം) ഒന്നും നല്‍കാന്‍ പാടില്ല. ആദ്യമാസങ്ങളില്‍ രണ്ടു മൂന്നു മണിക്കൂര്‍ ഇടവിട്ട് മുലപ്പാല്‍ നല്‍കണം. മുലപ്പാല്‍ നല്‍കുമ്പോള്‍ ഒരു സ്തനത്തില്‍ നിന്നും 10 – 15 മിനിറ്റ് പാല്‍ കുടിപ്പിച്ചതിനു ശേഷം അടുത്ത സ്തനത്തില്‍ നിന്നും പാല്‍ നല്‍കാം. പാലിനോടൊപ്പം അല്‍പം വായുവും വിഴുങ്ങുന്നതിനാല്‍ വയറു വീര്‍ക്കുന്നതും ചര്‍ദ്ദിലും തടയാനായി പാലു നല്‍കിയതിനു ശേഷം 10 – 20 മിനിറ്റ് കുഞ്ഞിനെ തോളില്‍ കിടത്തി തട്ടി കൊടുക്കുക.

ആദ്യത്തെ ഒന്നു രണ്ടു ദിവസം പാലിന്റെ അളവു കുറവായിരിക്കും. പ്രത്യേകിച്ച് ആസുഖങ്ങളോ ഭാരക്കുറവോ ഒന്നും ഇല്ലാത്ത കുട്ടിക്ക് ഇത്ര പാല്‍ തന്നെ മതിയാകും. ആദ്യ ദിവസങ്ങളില്‍ കിട്ടുന്ന ഈ പാല്‍ (കൊളസ്ട്രം) പോഷക സംമ്പുഷ്ടമാണെന്നു മാത്രമല്ല; കുഞ്ഞിന്റെ പ്രതിരോധ ശക്തി കൂട്ടുകയും ചെയ്യുന്നു.

മുലയൂട്ടലിനുള്ള തയ്യാറെടുപ്പുകള്‍ പ്രസവത്തിനു മുമ്പു തന്നെ തുടങ്ങേണ്ടതാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ സ്തനങ്ങളുടെ പരിശോധന നടത്തേണ്ടതും മുലക്കണ്ണ് ഉള്‍വലിഞ്ഞിരിക്കുന്നതു പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം തേടുകയും ചെയ്യണം.

മുലയൂട്ടല്‍ ഒരു കൂട്ടുത്തരവാദിത്തം ആണ്. കുടുംബത്തിന്റെയും സമൂഹത്തിന്റേയും പിന്തുണ ഉണ്ടെങ്കില്‍ മാത്രമേ വിജയകരമായി മുലയൂട്ടല്‍ തുടങ്ങാനും തുടരാനും സാധിക്കുകയുള്ളൂ

Dr. Bhavya S.
Consultant Pediatrician
SUT Hospital, Pattom

ഭക്ഷണം കഴിച്ച് 45 മിനുറ്റിന് ശേഷം പാനീയങ്ങള്‍ കഴിക്കണമെന്ന് പറയുന്നത് എന്തിന്

കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന മാരക വൈറസ് യൂറോപ്പില്‍