ലോകാരോഗ്യസംഘടനയുടെ ജാഗ്രതാനിര്‍ദേശത്തെത്തുടര്‍ന്ന് വിവാദക്കുരുക്കിലായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്നുനിര്‍മാണം ഉടനടി നിര്‍ത്തി വെക്കാന്‍ ഹരിയാണസര്‍ക്കാര്‍ നിര്‍ദേശിച്ചു. കമ്പനിയുടെ ഹരിയാണ സോനീപതിലുളള നിര്‍മാണശാലയുടെ പ്രവര്‍ത്തനമാണ് തടഞ്ഞത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിനിടയാക്കിയെന്ന് കരുതുന്ന നാല് ചുമ, ജലദോഷ സംഹാരികളുടെ നിര്‍മാതാക്കളാണ് ഈ കമ്പനി.
കേന്ദ്രസര്‍ക്കാരിന്റെയും ഹരിയാണയുടെയും വിദഗ്ധസംഘങ്ങള്‍ ഈയിടെ നടത്തിയ സംയുക്തപരിശോധനയില്‍ മെയ്ഡന്‍ഫാര്‍മയുടെ പ്രവര്‍ത്തനത്തില്‍ ഒട്ടേറെ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേക്കുറിച്ച് ഒരാഴചയക്കകം വിശദീകരണം നല്‍കണം. അതല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കി.
സോനീപതിലെ നിര്‍മാണശാലയില്‍ നടത്തിയ പരിശോധാനയില്‍ 12 ചട്ടലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു. അതിന്റെ യടിസ്ഥാനത്തിലാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. ആരോപണവിധേയമായ നാലുമരുന്നുകളുടെ സാംപിളുകളും കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി പരിശോധിച്ചുവരുകയാണ്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നട പടികളുണ്ടാവും.സിറപ്പ് നിര്‍മാണത്തിനായി ഉപയോഗിച്ച അസംസക്യതഘടകങ്ങളിലൊന്നായ പ്രൊപിലിന്‍ ഗ്ലൈകോളിന്റെ ഗുണനിലവാരപരിശോധന നടത്തിയിട്ടില്ലെന്നതാണ് ചട്ടലംഘനങ്ങളില്‍ പ്രധാനം.
ചുമ, ജലദോഷ സംഹാരികള്‍ക്ക് രുചിനല്‍കാനായി ചേര്‍ക്കുന്ന ഡൈഎതിലിന്‍ ഗ്ലൈകോള്‍, എതിലിന്‍ ഗ്ലൈകോള്‍ എന്നീ രാസസംയുക്തങ്ങളുടെ അടിസ്ഥാന ഘടകമാണിത്. ഇവ അമിതമായ അളവില്‍ കലര്‍ന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. രണ്ട് രാസസംയുക്തങ്ങളും കൂട്ടമരണത്തി നിടയാക്കിയത്. മൂന്നുദശാബ്ദങ്ങളായി ഔഷധ നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും നിര്‍ദിഷ്ട മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെന്നും കമ്പനി ഡയറക്ടര്‍ വിവേക് ഗോയല്‍ അവകാശപ്പെട്ടു. ഗാംബിയയിലെ സംഭവം നടുക്കിയെന്നും അഗാധദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.