- Advertisement -Newspaper WordPress Theme
AYURVEDAമാസം തികയാതെയുള്ള പ്രസവം; ഇന്ത്യ മുന്നിലെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്

മാസം തികയാതെയുള്ള പ്രസവം; ഇന്ത്യ മുന്നിലെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്

ഡല്‍ഹി: മാസം തികയാതെയുള്ള പ്രസവങ്ങളില്‍ ഇന്ത്യ വളരെ മുന്നിലെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്. 2020 ല്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആരോഗ്യ വിഷയങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തുന്ന ആധികാരിക മെഡിസിന്‍ ജേര്‍ണലാണ് ലാന്‍സെറ്റ്.

ഉയര്‍ന്ന ജനസംഖ്യാ നിരക്ക്, ഗര്‍ഭകാല പരിചരണം, സേവനങ്ങള്‍ ലഭ്യമാക്കാന്‍ പര്യാപ്തമല്ലാത്ത ആരോഗ്യ സംവിധാനം എന്നിവയാണ് മാസം തികയാതെയുള്ള പ്രസവത്തിനു പ്രധാന കാരണം. പ്രതിവര്‍ഷം 30 ലക്ഷത്തോളം കുഞ്ഞുങ്ങളാണ് മാസം തികയാതെ ഇന്ത്യയില്‍ ജനിച്ചു വീഴുന്നത്. ആഗോളതലത്തില്‍ 20 ശതമാനത്തോളം ഇത്തരം ജനനങ്ങള്‍ ഉണ്ടാകുന്നതും നമ്മുടെ രാജ്യത്താണ്.

ഇന്ത്യക്കു തൊട്ടു പിന്നാലെ പാകിസ്ഥാന്‍, നൈജീരിയ, ചൈന, എന്നീ രാജ്യങ്ങളാണ് കണക്കുകളിലുള്ളത്. ഉയര്‍ന്ന ജനസംഖ്യാ നിരക്കുള്ള ഇത്തരം രാജ്യങ്ങളില്‍ മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളിലെ കുറവ്, നിലവാരമില്ലാത്ത കുടുംബാസൂത്രണം, കൃത്യമായ ഗര്‍ഭകാല പരിചരണം നല്‍കാന്‍ കഴിയാത്തത്, പ്രസവ സേവനങ്ങള്‍ ആവശ്യക്കാരിലേക്ക് എത്താതിരിക്കുക എന്നിവയെല്ലാം അകാല ജനനങ്ങള്‍ക്ക് കാരണമാകുന്നു.

മാസം തികയാതെയുള്ള ജനനം നവജാതശിശുവിന്റെ മരണത്തിനു പ്രധാന കാരണമാണ്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍, അംഗവൈകല്യം, വളര്‍ച്ചാപ്രശ്‌നങ്ങള്‍, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

40 ആഴ്ചകള്‍ കഴിഞ്ഞാണ് സാധാരണഗതിയില്‍ പ്രസവം നടക്കുന്നതെങ്കില്‍, ഗര്‍ഭാവസ്ഥയുടെ 37 ആഴ്ചയ്ക്ക് മുന്‍പ് ജനിക്കുന്ന കുഞ്ഞിനെയാണ് മാസം തികയാതെയുള്ള ജനനമായി കണക്കാക്കുന്നത്. 194 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള പഠന റിപ്പോര്‍ട്ടാണിത്. ലോകാരോഗ്യ സംഘടന, യൂണിസെഫ്, യുഎന്‍ഡിപി, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിന്‍ എന്നിവയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.

ലോകത്ത് 2020ല്‍ 13 കോടി കുട്ടികളാണ് മാസം തികയാതെ ജനിച്ചത്. ഇതില്‍ 10 ലക്ഷം കുട്ടികള്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരിച്ചതായും പറയുന്നു. അകാല ജനനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പരിരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഗര്‍ഭിണികളുടെ ആരോഗ്യത്തിനും പോഷണത്തിനും മുന്‍തൂക്കം നല്‍കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിലൂടെ ശിശു മരണനിരക്ക് കുറയ്ക്കാന്‍ കഴിയും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme