രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കുറയുന്നവരുണ്ടാകാം. ബ്ലഡ്ഷുഗര്‍ പെട്ടെന്നു കുറയുന്നതു തടയാന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, അന്നജം ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. ചിലപ്പോള്‍ ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാലും ഈ അവസ്ഥ വരാം. രക്തത്തിലെ പഞ്ചസാരയുടെ അല്ലെങ്കില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നവര്‍ ഈ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം. ശരീരത്തിലെ ഊര്‍ജത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഗ്ലൂക്കോസ്. ഇതില്‍ പകുതിയും തലച്ചോര്‍ ഉപയോഗിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ തലച്ചോറിനു പ്രയാസമാകും. ഏകാഗ്രതയും നഷ്ടപ്പെടും. തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയായി നടക്കാനും ഗ്ലൂക്കോസ് ആവശ്യത്തിനു ലഭിക്കാനും പ്രധാന ഭക്ഷണങ്ങള്‍ക്കിടയ്ക്ക് ലഘുഭക്ഷണം ശീലമാക്കുക. വ്യായാമശേഷമോ വേനല്‍ക്കാലത്തോ ഒക്കെ വിയര്‍ക്കുക സ്വാഭാവികം. എന്നാല്‍ ഓഫിസിലും വീട്ടിലും വെറുതെയിരിക്കുമ്പോഴും വിയര്‍ക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയുന്നതിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാലുടന്‍ എന്തെങ്കിലും കഴിക്കണം. ഷുഗറിന്റെ അളവ് രാത്രിയില്‍ കുറയും എന്നതിനാല്‍ രാവിലെയാകും ഈ പ്രശ്നം വരുക.ഷുഗറിന്റെ അളവ് കുറഞ്ഞാല്‍ ഉറക്കം തടസപ്പെടും. തുടര്‍ച്ചയായി ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടെ ഉണരുകയാണെങ്കില്‍ ഷുഗര്‍ കുറയുന്നതാകാം കാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ ശരീരം സ്ട്രെസ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഇത് ഉറക്കം തടസ്സപ്പെടാന്‍ കാരണമാകുന്നു. ഇടയ്ക്കിടെ മാനസിക നിലയില്‍ ഉണ്ടാകുന്ന മാറ്റം ലോ ബ്ലഡ്ഷുഗറിന്റെ ലക്ഷണമാകാം. ഒരു നിമിഷം നല്ല സന്തോഷത്തോടെയിരിക്കുന്ന നിങ്ങള്‍ അടുത്ത നിമിഷം സങ്കടത്തിലേക്കു വഴുതുന്നു. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെതന്നെ മൂഡ് മാറുന്നു. പെട്ടെന്ന് നിങ്ങളില്‍ ഇങ്ങനെ മാറ്റം ഉണ്ടാകുകയാണെങ്കില്‍ വൈദ്യസഹായം തേടണം. സാധാരണയിലും കൂടുതലാണ് നെഞ്ചിടിപ്പ് എന്നു തോന്നുന്നെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതാകാം കാരണം. പെട്ടെന്ന് ഈ അവസ്ഥ പരിഹരിക്കാന്‍ പഴങ്ങളോ പഴച്ചാറുകളോ കഴിക്കാം.