മനസ്സെത്തുന്നിടത്ത് ശരീരത്തിന് എത്താനായില്ലെങ്കിലോ അതൊരു വിഷമംതന്നെയാണ്. സന്ധിവാതരോഗങ്ങള്‍ സന്ധികള്‍ക്ക് വിട്ടുമാറാത്ത വേദനയും നീര്‍ക്കെട്ടും ഉണ്ടാക്കുമ്പോള്‍ ചലനശേഷിയാണ് കുറയുന്നത്. സന്ധികളെ മാത്രമല്ല ചില സന്ധിവാതരോഗങ്ങള്‍ ബാധിക്കുന്നത്. ഹൃദയം, ശ്വാസകോശം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന തകരാറുകള്‍ക്കും സന്ധിരോഗങ്ങള്‍ കാരണമായെന്നുവരാം.ആധുനിക ജീവിതശൈലിയുടെ പ്രധാന അടയാളങ്ങളിലൊന്നാണ് ഇരുന്നും കിടന്നും എപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുമൊക്കെയുള്ള മെയ്യനങ്ങാത്ത ശീലങ്ങള്‍. വ്യായാമമില്ലാത്ത ശരീരത്തില്‍ അമിതവണ്ണവും ദുര്‍മേദസ്സും അമിതകൊഴുപ്പുമൊക്കെ പെട്ടെന്ന് കുടിയേറും.
പൊണ്ണത്തടിയന്മാരില് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്പോലെയുള്ള സന്ധി തേയ്മാന രോഗങ്ങള്‍ വ്യാപകമാണ്.ജീവിതശൈലിയിലെ മാറ്റംഇന്ന് ഏറ്റവും കൂടുതലായി കണ്ടുവരുന്ന സന്ധിവാതരോഗമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. സന്ധിയെ രൂപപ്പെടുത്തുന്ന അസ്ഥികളെ പൊതിഞ്ഞുസംരക്ഷിക്കുന്ന തരുണാസ്ഥിക്ക് ഉണ്ടാകുന്ന തേയ്മാനമാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനു കാരണം.
നില്ക്കുമ്പോള് ശരീരഭാരം മുഴുവന്‍ താങ്ങേണ്ടിവരുന്നത് കാല്മുട്ടുകള്ക്കാണ്. പൊണ്ണത്തടികൂടിയാകുമ്പോള്‍ സന്ധികളിലെ മര്‍ദം താങ്ങാനാകാതെ മുട്ടുകള്‍ക്ക് ക്ഷതവും തരുണാസ്ഥിക്ക് തേയ്മാനവും ഉണ്ടാകുന്നു. മുന്‍കാലങ്ങളില്‍ 60നുമേല്‍ പ്രായമുള്ളവരിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസും കാല്‍മുട്ടുവേദനയുമൊക്കെ കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് യൗവനത്തിലേക്കു കടക്കുമ്പോള്‍തന്നെ പൊണ്ണത്തടിയുള്ളവരായി മാറുന്നവര്‍ക്ക് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഒപ്പമുണ്ടാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് പൊണ്ണത്തടി കുറയാതെ സന്ധിവേദനകള്‍ക്ക് പരിഹാരം ലഭിക്കുകയില്ല. ഇത്രത്തോളം കൂടുതല്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടിവരുന്നത് ഓസ്റ്റിയോ ആര്‍ത്രൈറ്റിസിനുള്ള പ്രതിവിധിയായാണ്.
കംപ്യൂട്ടറിനു മുമ്പില്‍ ഏറെനേരം ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് കഴുത്തുവേദന, നടുവേദന, മറ്റ് പേശീവേദനകള്‍ എന്നിവ സാധാരണമാണ്. തെറ്റായ രീതിയിലുള്ള ഇരുപ്പും കിടപ്പുമൊക്കെയാണ് വിട്ടുമാറാത്ത വേദനകള്‍ക്കു കാരണം. ദീര്‍ഘനാളായുള്ള പേശീപിരിമുറുക്കവും കഴുത്തുവേദനയും കഴുത്തിനു പിറകിലെ അസ്ഥികളുടെ തേയ്മാനത്തിനും കാലിലേക്കുള്ള നാഡീഞരമ്പുകളുടെ ഞെരുക്കത്തിനും കാരണമാകാം.