- Advertisement -Newspaper WordPress Theme
HEALTHവ്യായാമവും മാനസിക സ്വാസ്ഥ്യവും

വ്യായാമവും മാനസിക സ്വാസ്ഥ്യവും

വ്യായാമം തലച്ചോറിലെ എന്‍ഡോഫിനുകളെ  ഉത്തേജിപ്പിക്കുന്നതിലൂടെ മാനസിക പിരിമുറുക്കം കൊണ്ടുള്ള കുഴപ്പങ്ങളെ ചെറുത്ത് വിഷാദ രോഗത്തിനെതിരെ പൊരുതാനും മാനസിക സ്വാസ്ഥ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നു”. നമ്മളിൽ കൂടുതൽ പേരും ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ എന്നാണ് അർത്ഥമാക്കുന്നത് (പ്രത്യേകിച്ച് ശാരീരികമായ രോഗങ്ങൾ).

നമ്മുടെ മൊത്തത്തിൽ ഉള്ള ഉന്മേഷത്തിൽ വൈകാരിക ആരോഗ്യത്തിന്റെയും സാമൂഹിക മനശാസ്ത്രത്തിന്റെയും പ്രാധാന്യം വളരെ കുറച്ചുപേർ മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. വ്യായാമവും കായിക പ്രവര്‍ത്തനങ്ങളും നമ്മുടെ ശരീരത്തിലുണ്ടാക്കുന്ന നല്ല ഗുണങ്ങളെകുറിച്ച് നമുക്ക് അറിവുണ്ടെങ്കിലും ഇവ നമ്മുടെ മനസ്സിന് ഉണ്ടാക്കുന്ന നല്ല  സ്വാധീനത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ?

‘സ്പോര്‍ട്സ് മെഡിസിൻ’ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള “എക്സര്‍സൈസും ബ്രെയിന്‍ ന്യൂറോട്രാന്‍സ്മിഷനും“ എന്ന ഗവേഷണ പേപ്പര്‍ അനുസരിച്ച് മസ്തിഷ്ക രാസവസ്തുക്കളായ സെറോട്ടോനിന്റേയും  ഡോപ്പമെയ്നിന്റെയും വര്‍ദ്ധിച്ച അളവുകള്‍ നിങ്ങളിലെ വിദ്വേഷത്തെ കുറച്ച് മനോഭാവത്തെ മെച്ചപ്പെടുത്തി (ഉത്തേജിപ്പിച്ച്) നിങ്ങളെ കൂടുതല്‍ സാമൂഹികമായി സജീവമാക്കുന്നു. നിങ്ങളുടെ വിശപ്പ്, ഓര്‍മ്മശക്തി, ലൈംഗീക മോഹങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെ മൊത്തത്തില്‍ മെച്ചപ്പെടുത്തുന്നു. നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിനും മറ്റു കര്‍ത്തവ്യങ്ങള്‍ നിറവേറ്റുമ്പോൾ കൂടുതല്‍ ഏകാഗ്രത   കേന്ദ്രീകരിക്കാനും കഴിയുന്നു. അതാകട്ടെ നിങ്ങളുടെ നിശ്ചയബോധത്തേയും സ്വന്തം മൂല്യത്തേയും ഉയര്‍ത്തി ആത്മാഭിമാനം  വർദ്ധിപ്പിക്കുന്നതിനു സഹായിക്കുന്നു.

നല്ല വ്യായാമശീലം ആരോഗ്യവാനായിരിക്കുവാൻ  സഹായിക്കുന്നു എന്ന് നിങ്ങൾക്കറിയാം. കൂടാതെ അത് നിങ്ങളുടെ  രോഗപ്രതിരോധാവസ്ഥയെ ശക്തമാക്കി രോഗം ഉണ്ടാകാനുള്ള അവസരങ്ങൾ കുറയ്ക്കുന്നു. എന്നാൽ, സ്ഥിരവ്യായാമം നിങ്ങളുടെ ദൈനംദിന പിരിമുറുക്കങ്ങളെ വിജയകരമായി നേരിടാൻ സഹായിക്കുന്ന കാര്യം നിങ്ങൾക്കറിയുമോ?

വ്യായാമത്തിന്റെ മറ്റുചില വൈകാരികമായ ഗുണങ്ങൾ ഇവയാണ്:

വ്യായാമത്തിന്റെ കാര്യത്തിൽ നിങ്ങൾ ലക്ഷ്യം കൈവരിക്കുമ്പോൾ ആ നേട്ടത്തിൽ  അഭിമാനവും ആത്മവിശ്വാസവും ഉണ്ടാകുന്നു. ഉദാഹരണത്തിന് എല്ലാ തിരക്കുകൾക്കുമുപരി ഒരാഴ്ച ഇത്രതവണ വ്യായാമം ചെയ്യുമെന്ന ലക്ഷ്യം നിങ്ങൾ നേടുമ്പോൾ അത് നിങ്ങൾക്ക് ഒരു ലക്ഷ്യം നേടിയ സംതൃപ്തിയും  ധാർമ്മികമായ  ഉത്തേജനവും നല്കുന്നു.

നിങ്ങൾ കായികാഭ്യാസത്തിൽ ഏർപ്പെടുമ്പോൾ നിങ്ങളുടെ മനസ്സ് ശരിയായ ദിശയിൽ പ്രവർത്തിക്കുകയും അത് ദൈനംദിന ജീവിതത്തിലെ പിരിമുറുക്കത്തിൽ നിന്നും വ്യാകുലതയിൽ  നിന്നും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുന്നു.

തുറസ്സായ സ്ഥലങ്ങളിൽ കായികാഭ്യാസം നടത്തുന്നത് രസകരമാണ്. കൂടാതെ അത്  സാമൂഹിക ഇടപെടലുകൾക്കുള്ള  സാധ്യതകൾ ഉയർത്തി നിങ്ങളുടെ മാനസികാവസ്ഥയെ  ഉത്തേജിപ്പിക്കാനും സഹായിക്കുന്നു.

ഇവ വ്യായാമം കൊണ്ടുണ്ടാകുന്ന നല്ല ഫലങ്ങളിൽ ചിലത് മാത്രമാണ്. ഫലത്തിൽ വ്യായാമം നിങ്ങളുടെ ജീവിതത്തിന് മൊത്തത്തിൽ ഒരു ഉത്തേജനം നൽകുന്നു. നാം വ്യായാമം വേണ്ടെന്നു വയ്ക്കുന്നതിന് ഒരു കാരണം ജിമ്മുകളിലെ കഠിനമായ പരിശീലനവുമായി  അതിനെ ബന്ധപ്പെടുത്തുന്നതുകൊണ്ടാണ്. ആ ധാരണ നമ്മെ വ്യായാമം ചെയ്യുന്നതിൽ നിന്ന് അകറ്റിനിർത്തുന്നു. എന്നാൽ ദിവസേന സ്ഥിരമായി നടക്കുന്നതോ ചെറിയ രീതിയിലുള്ള ഓട്ടമോ വളരെ ഫലപ്രദമാണ് എന്നതാണ് യാഥാർഥ്യം.

സാധാരണ നമ്മൾ മനസിന്റെ  ഉന്മേഷ  കുറവിനുള്ള  പ്രതിവിധിയായി വ്യായാമത്തെ  കരുതാറില്ല. അതിന്‌ വിപരീതമായി ആണ് ചെയ്യുന്നത്. മനസ്സിന് ഉന്മേഷം കുറഞ്ഞ സമയത്ത് ഒറ്റയ്ക്ക് ഇരിക്കാനും സ്വയം പഴിക്കാനുമാണ്‌ നാം തയ്യാറാകുന്നത്.  അത് ക്രമേണ നമ്മെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. മറിച്ച്, ഈ സമയത്ത് കായികാഭ്യാസത്തിൽ  ഏർപ്പെടുന്നത്  അത്തരം അസ്വസ്ഥതകളിൽ നിന്നു ശ്രദ്ധമാറി മാനസികമായ പ്രസരിപ്പ്  വീണ്ടെടുക്കാൻ സഹായിക്കുന്നു. “മാനസികമായ ഉന്മേഷം കുറഞ്ഞിരിക്കുന്ന സമയത്ത് ഒരു ചലനമോ നടത്തയോ, എന്തിനു ഒരു ചാട്ടം പോലും അവരുടെ പ്രസരിപ്പിന്റെ നിലവാരം ഉയർത്താൻ സഹായിക്കുന്നു”, ഡോക്ടർ ശ്രീധർ പറയുന്നു. മദ്യപാനം, പുകവലി തുടങ്ങിയ ആസക്തികളെ വേണ്ടെന്നുവയ്ക്കാനും അത്തരം വസ്തുക്കളോടുള്ള ആർത്തി കുറയ്ക്കാനും വ്യായാമം വളരെ സഹായകരമായിരിക്കുമെന്ന്  ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഉറക്കമില്ലായ്മ, വിഷാദരോഗം, ഉത്ക്കണ്ഠ കൊണ്ടുള്ള കുഴപ്പങ്ങൾ,  സ്‌കിസോഫ്രീനിയ എന്നിവയുടെ ലക്ഷണങ്ങളെ ചെറുക്കാൻ യോഗയ്ക്ക് പ്രത്യേക  കഴിവുണ്ട്.

മറവിരോഗംപോലെ പ്രായാധിക്യം മൂലം വരാവുന്ന അസുഖങ്ങൾ വരുന്നത് വൈകിക്കാനും, കുഞ്ഞുങ്ങൾക്കുണ്ടാകുന്ന മാനസിക അസുഖങ്ങൾ കുറയ്ക്കാനും അവരുടെ ശ്രദ്ധയെ വർദ്ധിപ്പിക്കാനും വ്യായാമം സഹായിക്കുന്നു.

കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഇപ്പോൾ ക്രമേണ കുറഞ്ഞു വരികയാണ്.    അതിനിയും കുറഞ്ഞുകൊണ്ടിരിക്കും.  നമ്മുടെ മുൻതലമുറ കായികാദ്ധ്വാന പ്രാധാന്യമുള്ള ജോലികളിലും ജീവിത ശൈലിയിലും സജീവമായിരുന്നു. എന്നാൽ ഇന്ന്  കാര്യക്ഷമത കൂട്ടാനായി മനുഷ്യ പ്രയത്നം കുറച്ച് കൂടുതൽ കൂടുതൽ യന്ത്രങ്ങളെ ആശ്രയിക്കുന്നു. ഹൃസ്വദൂരം പോകാൻ പോലും നമ്മൾ വാഹനങ്ങളെ ഉപയോഗിക്കുന്നു. പടികൾക്കുപകരം ലിഫ്റ്റും ചലിക്കുന്ന കോണിയും. എന്തിന്, പല്ല് തേക്കുന്ന ബ്രഷ് പോലും യന്ത്രം ഘടിപ്പിച്ചതാണ്

  അതേസമയം, ഉത്കണ്ഠയും വിഷാദരോഗവും മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നത് നമ്മുടെ സാമൂഹികക്ഷേമത്തിനുമേൽ ഉണ്ടാകുന്ന ഒരു വെല്ലുവിളിതന്നെയാണ്‌. മാനസികാരോഗ്യ പ്രശ്നങ്ങൾക്ക്   വ്യായാമം ഇല്ലായ്മ  എന്നത്  നേരിട്ടുള്ള  ഒരു കാരണമല്ലെങ്കിലും,  സ്ഥിരമായി വ്യായാമം ചെയ്യുന്നവരിൽ മാനസിക അസ്വസ്ഥത വളരെ താഴ്ന്ന നിലയിലായിരിക്കും  എന്നതിന്  ഇന്ന് ധാരാളം തെളിവുകൾ ഉണ്ട്. സ്ഥിരമായ നടത്തം പോലുള്ള ഒരു ചെറിയ കാര്യത്തിനുപോലും നിങ്ങളുടെ ജീവിതനിലവാരത്തെ അഭിവൃദ്ധിപ്പെടുത്താൻ സാധിക്കുമെങ്കിൽ, അതിനുവേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കുന്നത് നല്ലത്

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme