നെഞ്ചിനും വയറിനും മുകളിലായി ഉണ്ടാകുന്ന എരിയുന്നത് പോലെയുള്ള അനുഭവമാണ് നെഞ്ചെരിച്ചില്‍. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ നെഞ്ചെരിച്ചില്‍ തടയാം. അന്നനാളത്തെയും ആമാശത്തെയും ബന്ധിപ്പിക്കുന്നത് ലോവര്‍ ഈസോഫാഗല്ഫിക്റ്റര് എന്ന മാംസപേശിയാണ്. കഴിക്കുമ്പോള്‍ ഈ മാംസപേശി വികസിച്ച് അന്നനാളത്തില്‍ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണം കടത്തിവിടും. അല്ലാത്ത സമയങ്ങളില്‍ ഇവ മുറുകി അടയും. ഈ മാംസപേശി ദുര്‍ബലമാകുമ്പോഴോ ഇടയ്ക്കിടെ വികസിക്കുമ്പോഴോ പാതി ദഹിച്ച ഭക്ഷണവും ദഹനരസങ്ങളും അന്നനാളത്തിലേക്ക് കയറി വരാം. ഇത് അന്നനാളത്തില്‍ എരിച്ചില്‍ ഉണ്ടാക്കാം.
ചിലതരം ഭക്ഷണം നെഞ്ചെരിച്ചില്‍ ഉണ്ടാക്കുകയോ വഷളാക്കുകയോ ചെയ്യാം. ചോക്ലേറ്റ്, കൊഴുപ്പ് കൂടിയ ഭക്ഷണം, മദ്യം തുടങ്ങിയവ സ്ഫിന്‍ക്റ്റര്‍ പേശിയെ അയയ്ക്കുകയും ആമാശയത്തില്‍ നിന്ന് ദഹനരസങ്ങള്‍ അന്നനാളിത്തിലേയ്ക്ക് കയറാന്‍ ഇടയാകുകയും ചെയ്യും. കാപ്പി, കോള എന്നിവയും ദഹനരസങ്ങളുടെ അമ്ലസ്വഭാവം വര്‍ധിപ്പിച്ചു കൂടുതല്‍ തീവ്രമാക്കും. അസിഡിറ്റി കൂടുതലായി കാണുന്നവരില്‍ നെഞ്ചെരിച്ചിലും ഉണ്ടാകാറുണ്ട്. അമിതഭക്ഷണം കഴിക്കുന്നത് സ്വതവേ ബലം കുറഞ്ഞ സ്ഫിന്‍ക്റ്റര്‍ മസിലുകളില്‍ കൂടുതല്‍ മര്‍ദം ചെലുത്തി അതു വികസിക്കാന്‍ ഇടയാക്കും.
കാപ്പി, കോള, ചായ തുടങ്ങി കഫീന്‍ അടങ്ങിയ ഭക്ഷണവസ്തുക്കള്‍ നിയന്ത്രിക്കുക. നെഞ്ചെരിച്ചില്‍ ഉള്ളവര്‍ വൈകുന്നേരത്തെ ഭക്ഷണശേഷം ഇവ ഉപയോഗിക്കുരുത്. വറുത്തതും പൊരിച്ചതും മസാല ചേര്‍ത്തതുമായ ഭക്ഷണം, കേക്ക്, ബിസ്ക്റ്റ്, ക്രീമുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുകയോ പരിമമിതപ്പെടുത്തുകയോ ചെയ്യുക. അസ്വസ്ഥത ഉണ്ടാകുന്നവര്‍ വെളുത്തുള്ളി, ഓറഞ്ച്, നാരങ്ങ പാനീയങ്ങള്‍ , തക്കാളി എന്നിവ ഒഴിവാക്കുക.
ദഹിക്കാന്‍ എളുപ്പമുള്ളതും ദഹനരസങ്ങളുടെ ഉല്‍പ്പാദനം കുറയ്ക്കുന്നതുമായ ഭക്ഷണപദാര്‍ത്ഥങ്ങളാണ് നെഞ്ചെരിച്ചില്‍ ഉള്ളവര്‍ക്ക് നല്ലത്. ബ്ലാന്‍ഡ് ഡയറ്റ് ഇത്തരക്കാര്‍ക്ക് അനുയോജ്യമാണ്. ഉരുളക്കിഴങ്ങ്, ബീന്‍സ്, അരി, ബാര്‍ലി, തവിട് നീക്കാത്ത ധാന്യങ്ങള്‍ എന്നിവയിലെ സങ്കീര്‍ണഘടനയോടു കൂടിയ അന്നജം എളുപ്പം ദഹിക്കും. കൊഴുപ്പ് കുറഞ്ഞ പാലും പാല് ഉല്‍പ്പന്നങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും, ഏത്തപ്പഴവും പുഴുങ്ങി കഴിക്കാം. കോളിഫ്ളവര്‍, കാബേജ്, വെള്ളരിക്ക തുടങ്ങിയവ ഗ്യാസ് ഉണ്ടാക്കും. ഇവ ഒഴിവാക്കണം.
മുട്ട, മത്സ്യം ഇവ കഴിക്കാം. മത്സ്യം , കൊഴുപ്പ് കുറഞ്ഞ മാംസം എന്നിവയിലെ പ്രോട്ടീന്‍ ആമാശയത്തിനു മുകളിലുള്ള മസിലിനെ ദൃഢമാക്കാന്‍ സഹായിക്കും. തേന്‍, പഴച്ചാറുകള്‍ എന്നിവയും നല്ലതാണ്. കുരുമുളക്, ഗരംമസാലകള്‍, വിനാഗിരി, കടുക് എന്നിവ വളരെ കുറച്ചു മാത്രം ഉപയോഗിക്കുക. അസിഡിക് ഭക്ഷണമാണ് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുക. ആല്‍ക്കലൈന്‍ (ക്ഷാരഗുണമുള്ളവ) ഭക്ഷണം അസിഡിറ്റി കുറയ്ക്കും. ഇലക്കറികള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ആപ്പിള്‍, അപ്രിക്കോട്ട്, ഈന്തപ്പഴം, വാഴപ്പഴം, ഓറഞ്ച്, പൈനാപ്പിള്‍, മുന്തിരി എന്നിവ മിതമായി കഴിക്കാം. ഭക്ഷണശേഷം മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞു മാത്രം കിടക്കുക. ഇടതുവശം ചെരിഞ്ഞു കിടക്കുന്നത് ദഹനരസങ്ങള്‍ അന്നനാളത്തിലേക്കു വരുന്നത് തടയും