ശരീരമാസകലം ചുവന്നുതടിക്കല്‍, നീറ്റല്‍ തുടങ്ങിയവയൊക്കെയാണ് അലര്‍ജിയുടെ ലക്ഷണങ്ങള്‍. അലര്‍ജിക്ക് കാരണമാവുന്നത്എന്തുതരം വസ്തുവാണെന്ന് തിരിച്ചറിയാന്‍ ശ്രമിക്കാതെ, ചികിത്സിക്കാതിരുന്നാല്‍ അലര്‍ജി ശല്യം കാലങ്ങളോളം അനുഭവിക്കേണ്ടി വരും.ഭക്ഷണത്തിലൂടെയും, ശ്വാസത്തിലൂടെയും, ത്വക്കിലൂടെയുമാണ് പ്രധാനമായും അലര്‍ജി ശല്യമുണ്ടാകുന്നത്. പൊതുവെ കണ്ടുവരുന്ന വിവിധതരം അലര്‍ജികള്‍.
കഴിക്കുന്ന ഭക്ഷണത്തിലൂടെ: 90 ശതമാനം അലര്‍ജിയും നമ്മള് കഴിക്കുന്ന ഭക്ഷണത്തിലൂടെ വരുന്നതാണ്. ആദ്യം ഓരോരുത്തര്‍ക്കും അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഏതെന്ന് തിരിച്ചറിയണം. മുട്ട, പാല്, ഗോതമ്പ്, നിലക്കടല, കൊഞ്ച് പോലുള്ള ചിലതരം മത്സ്യങ്ങള്‍, കക്കയിറച്ചി, തുടങ്ങിയവയാണ് പ്രധാനമായും അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍. ഭക്ഷ്യഅലര്ജിയാണെങ്കില് കഴിച്ച് രണ്ട് മിനിറ്റ്മുതല്‍ ഒന്നോ, രണ്ടോ മണിക്കൂര്‍ വരെയുള്ള സമയത്തിനകം ലക്ഷണങ്ങള്പ്രത്യക്ഷപ്പെടാം. ചിലരില്‍ ശരീരമാസകലം ചൊറിച്ചില്‍,നീറ്റല്‍ തുടങ്ങി പലതരത്തിലുള്ള ലക്ഷണങ്ങള്‍ കാണാം.
ഇത് വലിയ പ്രശ്നങ്ങളില്ലാത്ത ലക്ഷണങ്ങളാണ്.എന്നാല്‍ ഗുരുതരമായ ലക്ഷണങ്ങളുമുണ്ട്. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുക, ഹൃദയമിടിപ്പ് കൂടുക, തുടര്‍ച്ചയായി ചുമയ്ക്കുക തുടങ്ങിയവ അപകടകരമായ ലക്ഷണങ്ങളാണ്. തൊണ്ടയ്ക്കുള്ളിലെ വീക്കം, തലകറക്കം, ബോധക്ഷയം എന്നിവയും കുറെക്കൂടി ഗുരുതരമായ ലക്ഷണങ്ങളാണ്. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗം തീര്‍ത്തും ഒഴിവാക്കണം. മാത്രമല്ല ഗുരുതരമായ ലക്ഷണങ്ങളാണ് അനുഭവപ്പെടുന്നതെങ്കില്‍ ഡോക്ടറെ കാണുകയും വേണം.
ത്വക് അലര്‍ജി: സാധാരണ കൂടുതലായി കണ്ടുവരുന്ന അലര്‍ജിയാണിത്. വളര്‍ത്തു മൃഗങ്ങളുമായുള്ള സമ്പര്‍ക്കം, കടന്നല്, തേനീച്ച, തേള്, എട്ടുകാലി, വിവിധ പുഴുക്കള്‍, പോളിസ്റ്റര്‍ പോലുള്ള വസ്ത്രങ്ങള്‍, ചില ആഭരണങ്ങള്‍ എന്നിവയൊക്കെ ത്വക്കില്‍ അലര്‍ജി ഉണ്ടാക്കും. അര്‍ടിക്കേരിയ, എക്സിമ, കോണ്ട്ര്രാക്ഡെര്മറ്റൈറ്റിസ് എന്നിങ്ങനെ മൂന്നു തരത്തിലാണ് തൊലിപ്പുറമെയുള്ള അലര്ജികാണപ്പെടുന്നത്. തൊലിപ്പുറമേ കാണുന്ന, പൊങ്ങിയ പാടുകളായിട്ടാണ്അര്ടിക്കേരിയ പലപ്പോഴും പ്രത്യക്ഷപ്പെടുക.
മിക്കവാറും കടുത്ത ചൊറിച്ചില്കാണപ്പെടുമെങ്കിലും തൊലി പൊട്ടുകയോ വ്രണമായിത്തീരുകയോ ചെയ്യാറില്ല.ചിലര്‍ക്ക് പുകച്ചില്‍, ഊത്തല്, ചൂടനുഭവപ്പെടുക എന്നിവയും കാണാം. വായ, തൊണ്ട, ജനനേന്ദ്രിയങ്ങള്‍ മുതലായ ഭാഗങ്ങളിലും ഇങ്ങനെ തടിച്ചുപൊങ്ങാം.ഇത്തരം അലര്‍ജിയുള്ളവരില്‍ ചിലപ്പോള്‍ ശ്വാസതടസ മനുഭവപ്പെടാനിടയുണ്ട്.ആഹാരസാധനങ്ങള്‍, പ്രാണികള്‍, ചില മരുന്നുകള്‍ എന്നിവയോടെല്ലാമുളള അലര്‍ജിമൂലം അര്‍ടിക്കേരിയ ഉണ്ടാവാം. ചിലര്‍ക്ക് ചൂട്, തണുപ്പ്, മര്‍ദ്ദം എന്നിവ മൂലവും ഉണ്ടാവാം. തൊലിപ്പുറമേ പേനകൊണ്ടോ മറേറാ വരച്ചാലുടന്‍ തടിച്ചുവീര്‍ത്തുവരുന്ന ഡെര്‍മറ്റോഗ്രാഫിസം എന്ന അവസ്ഥയും ഇതിന്റെ ഭാഗമാണ്.
എക്സിമ: പ്രധാനമായും ചില ഭക്ഷണംകൊണ്ടുള്ള അലര്‍ജിയാണിത്. മുഖത്തും കൈകാലുകളിലും മറ്റും ചൊറിഞ്ഞുപൊങ്ങി കരപ്പന് പോലെ കാണപ്പെടും. ഇരുപത്തിയഞ്ചു വയസുവരെയുള്ള കാലയളവില്‍ എക്സിമ വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അലര്‍ജി കാണപ്പെടുന്നവരില്‍ ഭൂരിഭാഗത്തിനും ഭാവിയില്‍ ആസ്ത്മ വരാനും സാധ്യതയുണ്ട്.
കോണ്‍ട്രാക് ഡെര്‍മറ്റൈറ്റിസ്: ഏററവും കൂടുതല്‍ കാണപ്പെടുന്ന സ്കിന്‍ അലര്‍ജിയാണിത്. അലര്ജനുകളുമായിനേരിട്ടുള്ള സ്പര്‍ശനമോ സാമീപ്യമോ മൂലമാണ് ഇത്തരത്തിലുളള അലര്ജിഉണ്ടാവുന്നത്. മററു ശരീരഭാഗത്തെങ്ങും ചൊറിച്ചിലുണ്ടാവില്ല. എന്നാല്‍ നിരന്തരമായ ചൊറിച്ചില്‍ കാരണം തൊലി കട്ടികൂടിയും വരണ്ടും കറുത്തും കാണപ്പെടും. കൈകള്‍, മുഖം, ചുണ്ട്, കണ്പോളകള്, കഴുത്ത്, കാലുകള്‍, ജനനേന്ദ്രിയങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇത്തരം അലര്‍ജി കാണപ്പെടുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ തുടര്‍ച്ചയായുള്ള ഉപയോഗം, ഹെയര്‍ ഡൈ, എണ്ണ, ഡിയോഡറന്റുകള്‍, ചെരുപ്പ്, ലൂബ്രിക്കന്റ് ജെല്ലി, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങിയവയും കോണ്ട്ര്രാക് ഡെര്‍മറ്റൈറ്റിസിനു കാരണമാവാറുണ്ട്. ലതര്‍ സ്ട്രാപ്പുകള്‍, റബര്‍, ഡിറ്റര്ജന്റുകള്എന്നിവയും അലര്‍ജിക്കു കാരണമാകുന്നുണ്ട്.
കാലാവസ്ഥാ മാറ്റവും അലര്‍ജിയും: നാം ശ്വസിക്കുന്ന വായുവിലൂടെയുണ്ടാകുന്ന അലര്‍ജി സര്‍വ സാധാരണമാണ്. ശ്വാസകോശത്തെയും മൂക്കിനെയുമാണിതു കൂടുതലായും ബാധിക്കുക. മഴ, മഞ്ഞ്, വെയില് അങ്ങനെ ഓരോ കാലാവസ്ഥയിലും വിവിധ തരം അലര്‍ജികള്‍ പലരിലും കണ്ടുവരാറുണ്ട്. പൊടി, പൂമ്പൊടികള്‍, മൃഗരോമങ്ങള്‍, പൂപ്പലുകള്‍, അടച്ചിമുറികള് എന്നിവ ശ്വാസകോശ അലര്‍ജിക്ക് കാരണമാവാം. ആസ്ത്മ രോഗമുള്ളവരെ വലയ്ക്കുന്നതാണ് കാലാവസ്ഥാ മാറ്റം. മഞ്ഞുമാറി മഴ വരുമ്പോഴും, ചൂട് മാറി തണുപ്പു വരുമ്പോഴുമെല്ലാം ആസ്ത്മ കൂട്ടാം. മാത്രമല്ല പൊടി, ഫംഗസ്, പൂപ്പല്‍, പൂമ്പൊടി എന്നിവയും അലര്‍ജിക്ക് കാരണമാവും.
ചിലര്‍ക്ക് സൂര്യനോടുപോലും അലര്‍ജിയുണ്ടാവാം. വെയിലുകൊണ്ടാല്‍ മിനിറ്റുകള്‍ക്കകം തൊലിപ്പുറമെ തടിപ്പ്, ചൊറിച്ചില്‍, ചുവപ്പുനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍. സൂര്യപ്രകാശം ഏല്ക്കുന്ന ശരീരഭാഗങ്ങളില്‍ മാത്രം രോഗമുണ്ടാവുന്നു എന്നതുകൊണ്ടുതന്നെ എളുപ്പം രോഗനിര്‍ണയം നടത്താം. വെയിലത്തിറങ്ങുമ്പോള്‍ കുടപിടിക്കുക, ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന തരത്തില്‍ വസ്ത്രം കൊണ്ടുമൂടുക എന്നിവയോടൊപ്പം ത്വക്കില്‍ സണ്‍സ്ക്രീന്‍ ലോഷന്‍ പുരുന്നതും ഒരുപരിധിവരെ സൂര്യനോടുളള അലര്‍ജിയില്‍നിന്നും സരക്ഷണം നല്‍കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അലര്‍ജിയുള്ള വസ്തുക്കള്‍ തിരിച്ചറിയുകയും അവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും വേണം. അലര്‍ജിയുണ്ടാക്കുന്നവയെന്ന് ബോദ്ധ്യപ്പെട്ട ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുന്നതാണ് ഉചിതം. കോണ്ട്ര്രാക്ഡെര്മറ്റൈറ്റിസിനു കാരണമാവുന്ന വസ്തുക്കളും കഴിയുന്നത്ര ഒഴിവാക്കണം. ഗ്ലൗസുപയോഗിച്ച് ജോലി ചെയ്യുന്നത് ജോലിസംബന്ധമായ സ്കിന്‍ അലര്‍ജിക്ക് ഒരുപരിധിവരെ സഹായകമാവും .
കുട്ടികളിലെ അലര്‍ജി : ചിലപ്പോഴൊക്കെ പാരമ്പര്യമായി കാണാറുണ്ടെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ല . എന്നാല്‍ മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അലര്‍ജി ഉണ്ടെങ്കില്‍ കുട്ടികള്‍ക്കും അലര്‍ജി വരാനുള്ള സാധ്യതകളുണ്ട്. മാതാപിതാക്കളില്‍ ഇരുവര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജി വരാനുള്ള സാധ്യത ഇരട്ടിയാണ്. കളിച്ചു നടക്കേണ്ട പ്രായത്തിലുള്ള അലര്‍ജി കുഞ്ഞുങ്ങളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. ഭക്ഷണത്തിലൂടെയും, അന്തരീക്ഷത്തില്‍ നിന്നുമെല്ലാം കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാവാറുണ്ട്. പശുവിന് പാല്, മുട്ട, ഗോതമ്പ്, പയര്‍ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളോടുളള അലര്‍ജി കുട്ടികളില്‍ കൂടുതലായി കണ്ടുവരാറുണ്ട്. ശരീരം ചൊറിഞ്ഞു തടിക്കുക, ചര്‍ദ്ദി, വയറു വേദന, വയറിളക്കംഎന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
മരുന്നുകളും അലര്‍ജിയാകുമോ : ശരീരത്തില്‍ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായിപ്രതികരിക്കുന്നതാണ് അലര്‍ജി . പെനിസിലിന്, സല്‍ഫര്‍ അടങ്ങിയ ചിലമരുന്നുകള്‍, ആസ്പിരിന്‍ തുടങ്ങിയ വേദനാസംഹാരികള്‍ എന്നിവ ചിലരില്‍ അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടാക്കുന്ന മരുന്നുകള്‍ ആണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍, അതിന്റെ ഉപയോഗം നിര്‍ത്തുകയും, ഡോക്ടറെ സമീപിച്ച് കുറിപ്പ് മാറ്റിവാങ്ങേണ്ടതുമാണ്.
അലര്‍ജിയുള്ളവര്‍ ചെയ്യേണ്ടത് : ഏത് വസ്തുവാണ് അല്ലെങ്കില്‍ ഭക്ഷണപദാര്‍ത്ഥമാണ് . അലര്‍ജിക്ക് കാരണമാകുന്നതെന്ന് തിരിച്ചറിഞ്ഞ് അതില്‍ നിന്നും അകലം പാലിക്കുകയാണ് ആദ്യംവേണ്ടത്. വിരുദ്ധാഹാരം, പകലുറക്കം ഒഴിവാക്കുക, പൊടിയുള്ള അന്തരീക്ഷത്തില്‍ അധിക സമയം ചെലവഴിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളും സ്വീകരിക്കണം