in ,

ന്യുമോണിയ

Share this story

ശ്വസനേന്ദ്രിയത്തിലെ വായു അറകളില്‍ രോഗാണുക്കള്‍ പെരുകി ശ്വസനേന്ദ്രീയ മൃദൂതകത്തില്‍ വീക്കവും പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണു ന്യുമോണിയ. ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ ഒന്നാംസ്ഥാനമാണു ന്യുമോണിയയ്ക്ക്. ബാക്റ്റീരിയ, വൈറസുകള്‍, പൂപ്പലുകള്‍ എന്നിങ്ങനെ പലതരം അണുക്കളാണ് പ്രാഥമികമായും ന്യുമോണിയയുണ്ടാക്കുന്നതെങ്കിലും അണുബാധയിലേക്ക് നയിക്കുന്ന ദ്വിതീയഘടകങ്ങളെയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട്. ബാധിക്കുന്ന അണുക്കളുടെ അടിസ്ഥാനത്തിലും നിദാനശാസ്ത്രാടിസ്ഥാനത്തിലും രോഗബാധിതമാകുന്ന ശ്വാസകോശഭാഗങ്ങളുടെ ശരീരഘടനാശാസ്ത്രപരമായ അടിസ്ഥാനത്തിലും ന്യുമോണിയയെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു.

ചുമ, കഫക്കെട്ട്, നെഞ്ചില്‍പഴുപ്പ്, പനി, ശ്വാസമ്മുട്ടല്‍, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങള്‍. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു (പ്രതിജൈവികം) മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്. ഇതിനൊപ്പം ശ്വാസകോശത്തിലെ നീര്‍ക്കെട്ടോ ശ്വസനീ സങ്കോചങ്ങളോ കഫമോ കുറയ്ക്കാനുള്ള മരുന്നുകളും ഉപയോഗിക്കപ്പെടുന്നു. ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം ന്യുമോണിയാ രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടര്‍ന്നുള്ള മരണനിരക്കിനെ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും വ്യാപകമായി ന്യുമോണിയയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയങ്ങളായ ന്യൂമോക്കോക്കസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവെന്‍സ എന്നിവയ്‌ക്കെതിരേ ഫലപ്രദമായ പ്രതിരോധകുത്തിവയ്പുകള്‍ ഇപ്പോള്‍ ലഭ്യമാണ്. വില്ലന്‍ചുമ (Pertussis), മണ്ണന്‍ (Measles) തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്ക് എതിരേയും പ്രതിരോധകുത്തിവയ്പ്പുകള്‍ നല്‍കുന്നത് ന്യുമോണിയയെ നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്.

അതേസമയം പലതരം പശ്ചാത്തല ശ്വാസകോശരോഗങ്ങള്‍ ഉള്ളവരിലും ആവര്‍ത്തിച്ച് ആന്റിബയോട്ടിക്കുകള്‍ എടുക്കേണ്ടിവരുന്നവരിലും ആശുപത്രികളുമായി ബന്ധപ്പെട്ടുമൊക്കെ മരുന്നുകള്‍ക്കെതിരേ പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ സമൂഹത്തില്‍ പരക്കുകയും ന്യുമോണിയ ഉണ്ടാക്കുകയും ചെയ്യുന്നത് ഈ രംഗത്തെ പ്രധാന ആശങ്കകളിലൊന്നാണ്

രക്തക്കുറവ് അഥവാ അനീമിയ

നടുവേദനക്കാരുടെ ശ്രദ്ധക്ക്