മരണത്തെ ആഘോഷിക്കുന്ന നാടുണ്ടോ ? ഉണ്ട് എന്ന് തന്നെ ഉത്തരം. മരണമെന്നത് വിടവാങ്ങലല്ല ജീവിതത്തിന്റെ അവസാന പാർട്ടിയെന്ന് കരുതുന്ന ഒരു നാട്. എല്ലാവരും ഒരുമിച്ച് അതൊരു കളർ ഫുൾ വൈബാക്കും. അതിനായി അവർ ഉപഗോഗിക്കുന്ന ശവപ്പെട്ടികൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്.
“ഫാന്റസി കഫീൻ ” എന്ന് പേരിട്ട അവരുടെ ശവപ്പെട്ടികൾ കണ്ടാൽ “ഇതൊക്കെ ശവപ്പെട്ടിയാണോ അതോ വല്ല ആർട്ട് എക്സിബിഷനാണോ” എന്ന് നമ്മൾ തന്നെ ഒന്ന് ചിന്തിച്ച് പോകും. കറുപ്പും വെളുപ്പുമിട്ട് സീരിയസായ ഡിസൈനുകളൊന്നും ഇവിടെ പ്രതീക്ഷിക്കരുത്. മീനിന്റെ രൂപം, പൈനാപ്പിളിന്റെ രൂപം, വിമാനം പോലെ പറക്കുന്ന ശവപ്പെട്ടി, മരിച്ച വ്യക്തിയുടെ ജോലിയായിരുന്ന ടാക്സിയുടെ അതേപോലെയുള്ള ശവപ്പെട്ടി അങ്ങനെ പോകുന്നു അവരുടെ ‘കളർഫുൾ’ ഐഡിയകൾ.

ഒരാളുടെ ജീവിതവും സ്വപ്നങ്ങളും ഒരു കലാസൃഷ്ടിയാക്കി മാറ്റി, “മരിച്ചയാൾ ആരായിരുന്നു” എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ രീതി ശരിക്കും രസകരമാണ്. അതുകൊണ്ട് ഒരു കാര്യം ഉറപ്പാണ്; ഘാനയുടെ ഫാന്റസി കഫീനുകൾ വെറും സംസ്കാരത്തിന്റെ ഭാഗമല്ല. മരണം എന്നത് അത്ര സീരിയസായി കാണേണ്ട ഒന്നല്ല എന്നും, അതിനെ കളറും, ക്രിയേറ്റിവിറ്റിയും, തമാശയും ചേർത്ത് ആഘോഷിക്കാമെന്നും ഈ കലാരൂപം ലോകത്തിന് കാണിച്ചുതരുന്നു…

ഘാനയിലെ ‘അക്രാ’ എന്ന പ്രദേശത്ത് ഉടലെടുത്ത ഈ കലാരൂപം ഇന്ന് ലോകശ്രദ്ധ നേടിയിരിക്കുന്നു. മത്സ്യവ്യാപാരിക്ക് മീനിന്റെ രൂപത്തിലുള്ള ശവപ്പെട്ടി, കർഷകന് പൈനാപ്പിളിന്റെ രൂപത്തിലുള്ള ശവപ്പെട്ടി, ഡ്രൈവർക്ക് ലോറിയുടെ രൂപത്തിലുള്ള ശവപ്പെട്ടി എന്നിങ്ങനെ ഓരോ വ്യക്തിയുടെയും ജീവിതത്തെ ഈ ശവപ്പെട്ടികൾ ഓർമ്മിപ്പിക്കുന്നു. വിഖ്യാത ഫോട്ടോഗ്രാഫറായ റേഗുല ട്ഷുമിയുടെ ചിത്രങ്ങളിലൂടെ ഈ കലാരൂപം ലോകമറിഞ്ഞു. മത്സ്യക്കച്ചവടക്കാരനോടുള്ള ആദരസൂചകമായി നിർമ്മിച്ച മത്സ്യത്തിന്റെ ആകൃതിയിലുള്ള ശവപ്പെട്ടി, ഗ്രാമങ്ങളിലേക്ക് തക്കാളി കൊണ്ടുപോകുന്ന ഡ്രൈവറെ ഓർമ്മിപ്പിക്കുന്ന തക്കാളിയുടെ ആകൃതിയിലുള്ള ശവപ്പെട്ടി, കൂടാതെ ബെഡ്ഫോർഡ് ട്രക്കിന്റെ രൂപത്തിലുള്ള ശവപ്പെട്ടി എന്നിവയെല്ലാം ഈ കലയുടെ വൈവിധ്യം വെളിവാക്കുന്നു.

ഘാനയിലെ ഈ ശവപ്പെട്ടികൾ, മരണത്തെക്കുറിച്ചുള്ള സാധാരണ കാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്നവയാണ് . അവ മരണത്തിൻ്റെ വേദനയെ ലഘൂകരിക്കുന്ന ഒരുതരം കലാപ്രകടനമാണ്. ‘അബെബു അദേക്കായ്’ (proverb boxes) എന്നറിയപ്പെടുന്ന ഈ ശവപ്പെട്ടികൾ, മരിച്ചവരുടെ സ്വപ്നങ്ങളും വ്യത്യസ്തതകളും ഒരുമിപ്പിക്കുന്നു. ഈ കലാരൂപം ഘാനയുടെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെയും അവരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്നു.