വാര്‍ദ്ധക്യത്തില്‍ ചര്‍മ്മത്തില്‍ പലവിധ വ്യത്യാസങ്ങള്‍ കാണപ്പെടാം. പ്രായമാകുമ്പോള്‍ തൊലിയില്‍ ചുളിവുകള്‍, നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച, ഇത്രയുമാണ് പ്രധാനമായും കാണുന്നത്.
ചുളിവുകള്‍ (Wrinkles)
പ്രായമേറുമ്പോള്‍ മുഖത്ത് ചുളിവുകള്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. തൊലിയുടെ സൗന്ദര്യം നിലനിര്‍ത്താനായി Emollients വിഭാഗത്തില്‍പ്പെടുന്ന ചര്‍മ്മ ലേപനങ്ങള്‍ ഉപയോഗപ്രദമാണ്. അതിനകത്ത് Jojoba oil, mink oil എന്നിവ അടങ്ങിയിട്ടുണ്ടെങ്കില്‍ ചുളിവുണ്ടാകുന്നത് തടയുന്നതായി കണ്ടിട്ടുണ്ട്. ലാക്റ്റിക് ആസിഡ്, ഗ്ലിസറിന്‍, യൂറിയ അടങ്ങിയ ലേപനങ്ങള്‍ തൊലിയുടെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ വിറ്റാമിന്‍ സി (Vitamin C), വിറ്റാമിന്‍ ഇ – ഇവയുള്ള ലേപനങ്ങള്‍ ചര്‍മ്മത്തിന് ഉപദ്രവകാരിയായ വിഷാംശങ്ങളെ മാറ്റാന്‍ സഹായിക്കുന്നു. ഗ്രീന്‍ ടീ കുടിക്കുന്നതും, കറ്റാര്‍വാഴ ജെല്‍ ഉപയോഗിക്കുന്നതും ചുളിവുകള്‍ തടയാന്‍ ഒരു പരിധിവരെ സഹായകമാണ്. ആര്‍ഗണ്‍ ഓയില്‍ (Argan oil) അടങ്ങിയ മോയ്‌സ്ചറൈസര്‍ നിത്യവും പുരട്ടുന്നതും ഗുണപ്രദമാണ്. പകല്‍ ഉപയോഗിക്കുന്ന മോയ്‌സ്ചറൈസേഴ്‌സില്‍ സണ്‍സ്‌ക്രീന്‍ ഉള്ളത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അള്‍ട്രാ വയലറ്റ് രശ്മികളുടെ ദോഷങ്ങള്‍ പ്രായമായവരില്‍ കൂടുതല്‍ കാണപ്പെടുന്നു.
നിറവ്യത്യാസം
- മെലാസ്മ (Melasma)
പ്രായമാകുമ്പോള്‍ മുഖത്ത് കാണുന്ന ഇരുണ്ട നിറമുള്ള പാടുകള്‍ക്കാണ് മേലാസ്മ എന്ന് പറയുന്നത്. ഇത് പ്രധാനമായും മദ്ധ്യവയസ്‌കരായ സ്ത്രീകളിലാണ് കാണുന്നത്. 0.5mm – 10cm വരെ ഇതിന് വലുപ്പം കാണും. ഇത് കവിളുകളിലും, താടിയെല്ലിന്റെ വശത്തും, മൂക്കിലും പ്രത്യക്ഷപ്പെടാം. മുഖത്തെ രണ്ടുവശത്തും ഇത് കാണും. ചിലരില്‍ നെഞ്ചിലും തോളിലും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഗര്‍ഭിണികളിലും, പ്രസവം കഴിഞ്ഞ ഉടനെയും കണ്ടുവരുന്നു. ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കുന്നവര്‍ക്കും രോഗശാന്തിക്കായി മറ്റു ഹോര്‍മോണുകള്‍ കഴിക്കുന്നവരിലും ഇത് ഉണ്ടാകാം.
Wood’s Lamp എന്ന ഉപകരണം ഉപയോഗിച്ച് ചര്‍മ്മത്തില്‍ എത്രത്തോളം ഇത് വ്യാപിച്ചിട്ടുണ്ടെന്നറിയാം. പലവിധ കാരണങ്ങളാലാണ് ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. പ്രധാനമായും ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും അള്‍ട്രാവയലറ്റ് രശ്മികളുമാണ്. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകളും ഒരു കാരണമാണ്.
സണ്‍സ്‌ക്രീനുകളും, ഹൈഡ്രോക്വിനോണ്‍ അടങ്ങിയ ലേപനങ്ങളുമാണ് സാധാരണ ഉപയോഗിക്കുന്നത്. പലവിധ കെമിക്കല്‍സ് അടങ്ങിയ ലേപനങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ ഒരു ത്വക് രോഗ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ.
- വെള്ളപ്പാണ്ട് (Vitiligo)
മദ്ധ്യവയസ്‌കരിലും, വൃദ്ധരിലും വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാറുണ്ട്. മറ്റു രോഗലക്ഷണങ്ങള്‍ – ചൊറിച്ചില്‍, വേദന – ഇവയൊന്നും ഇതിനോടൊപ്പം കാണാറില്ല. ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ (ഉദാഹരണം – ആട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍) ലക്ഷണമായും ഇവയുണ്ടാകാം.
വുഡ്‌ലാംപ് ഉപയോഗിച്ച്, പരിശോധന നടത്തുകയും ത്വക് രോഗ വിദഗ്ദ്ധന്റെ മേല്‍നോട്ടത്തില്‍ തന്നെ ചികിത്സ തേടുകയും വേണം. പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍, വിളര്‍ച്ച ഇവയൊക്കെ ഉണ്ടോ എന്ന് അറിയാന്‍ പരിശോധനകള്‍ നടത്തണം.
അണുബാധ
- ഫംഗസ്
മിക്ക വൃദ്ധജനങ്ങള്‍ക്കും പ്രമേഹം, കരള്‍ രോഗങ്ങള്‍ ഇവ കണ്ടുവരുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും.
- പൂപ്പല്‍ ബാധ (fungal infection)
കാന്‍ഡിഡാ വിഭാഗത്തില്‍പ്പെട്ട ഫംഗസ്, തൊലിയെയും നഖത്തെയും ഗുഹ്യ ഭാഗങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. അത് നേരത്തെ തന്നെ കണ്ടുപിടിക്കുകയും ആന്റിഫംഗല്‍ ലേപനങ്ങളും ഗുളികകളും ഉപയോഗിക്കേണ്ടതാണ്.
- പേന്‍ ബാധ (Pediculosis), ചൊറി (Scabies)
വ്യക്തി ശുചിത്വം കുറവായ വൃദ്ധ ജനങ്ങളില്‍, തലമുടിയിലും ഗുഹ്യഭാഗങ്ങളിലും പേന്‍ ശല്യം കൂടുതലായി കാണപ്പെടുന്നുണ്ട്. ചൊറി (Scabies) വളരെ സാധാരണമായി ഇത്തരം രോഗികളില്‍ കാണുന്നു. ദീര്‍ഘകാലം, ശയ്യാവലംബികളായ രോഗികളിലും, കൃത്യമായി ശരീരം ശുചിയാക്കാത്തവരിലും ഇത് ഒരു പ്രശ്‌നമാണ്.
ഇതിനെല്ലാം വളരെ ഫലപ്രദമായ Ivermectin, Permethrin എന്ന മരുന്നുകള്‍ ലഭ്യമാണ്. ഇവയടങ്ങിയ സോപ്പുകളും ലഭ്യമാണ്.
- ബാക്ടീരിയല്‍ ബാധ
രോഗങ്ങള്‍ മൂലം പ്രതിരോധശക്തി കുറവുള്ളവരില്‍ ത്വക്കില്‍ ബാക്ടീരിയ, പ്രധാനമായും സ്ട്രെപ്‌റ്റോ കോക്കസ് ബാധ കണ്ടുവരുന്നു. തൊലിയില്‍ ചുവപ്പ് കൂമിളകള്‍, പനി, എന്നിവ രോഗലക്ഷണങ്ങളാണ്. കൃത്യമായ ആന്റിബയോട്ടിക്‌സ് ഉപയോഗിച്ച് ഏറ്റവും നേരത്തെ ചികിത്സ നല്‍കേണ്ടതാണ്.
കുരുക്കള്‍
- Milia
യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെ മുഖത്തും ശരീരഭാഗങ്ങളിലും കാണുന്ന വെളുത്ത ചെറിയ കുരുക്കളാണ് Milia എന്ന് അറിയപ്പെടുന്നത്. 1-2mm വലിപ്പമുള്ള ഇവ മുഖത്തും കണ്‍പോളകളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത്.
റെറ്റിനോയ്ക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇലക്ട്രോകോട്ടറിയും (Electro cautery) ഇതിന് ഫലപ്രദമാണ്.
- സെബോറിക് കെരറ്റോസസ്
മങ്ങിയ നിറമോ, ഉരുണ്ട നിറമോ ഉള്ള ചെറുതും വലുതുമായ കുരുക്കളാണിവ. മിക്കവാറും പ്രായമായവരിലാണ് ഇത് കാണപ്പെടുന്നത്.
ത്വക്കിന്റെ പോഷകം
വാര്‍ദ്ധക്യത്തില്‍ വിറ്റാമിന്റെയും പോഷകങ്ങളുടെയും കുറവുണ്ടാകാറുണ്ട്. പേല്ലഗ്രാ പോലുള്ള അസുഖങ്ങള്‍ – ത്വക്കിനെ ബാധിക്കുന്നവ – Vitamin Cയുടെ അഭാവം കൊണ്ട് ഉണ്ടാകാം. അതുകൊണ്ട് സമീകൃത ആഹാരം ത്വക്കിന് അത്യന്താപേക്ഷിതമാണ്.
മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള Vitamin A, Vitamin C & Vitamin E കൂടുതലുള്ള പച്ചയും മഞ്ഞയും നിറമുള്ള പച്ചക്കറികള്‍, സിട്രസ് പഴങ്ങള്‍, മധുരക്കിഴങ്ങ്, ഇവ ത്വക്കിന്റെ സംരക്ഷണത്തിന് നല്ല പ്രയോജനം ചെയ്യും. തണ്ണിമത്തങ്ങ പോലുള്ള ജലാംശം കൂടുതലുള്ള ഫലങ്ങള്‍, ചുരുക്കത്തില്‍ നാരുകളും വിറ്റാമിനുകളും കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും, നട്ട്‌സ്, മീന്‍ ഇവ സ്ഥിരമായി കഴിക്കേണ്ടതാണ്.
പുറമേയുള്ള ലേപനങ്ങള്‍
Vitamin C, Vitamin E അടങ്ങിയ ലേപനങ്ങള്‍ ത്വക്കിലെ ജലാംശം നിലനിര്‍ത്തുകയും ചുളിവുകള്‍ തടയുകയും ചെയ്യും. Vitamin E അടങ്ങിയ മരുന്നുകള്‍ പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ പുറം പാളിയില്‍ അത് തങ്ങിനില്‍ക്കുകയും പുറമേയുള്ള ദോഷകാരകങ്ങള്‍ – ഉദാഹരണത്തിന്, അള്‍ട്രാ വയലറ്റ് രശ്മികള്‍ – നിന്നൊക്കെ സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റ് ആയ ഈ വിറ്റാമിനുകള്‍ തൊലിക്ക് സ്‌നിഗ്ധതയും മൃദുത്വവും കൊടുക്കും.
ജീവിതശൈലി
സംഘര്‍ഷം ഇല്ലാത്ത ജീവിതരീതിയും, ആവശ്യത്തിനുള്ള വിശ്രമവും, ശരീര ശുചിത്വവും, നല്ല ത്വക്കിന് ആവശ്യമാണ്.
ചര്‍മ്മ സംരക്ഷണത്തിന് കൂടെക്കൂടെ സോപ്പ് ഉപയോഗിക്കുന്ന നല്ലതല്ല – ക്ഷാരാംശം കുറവുള്ള മൃദുവായ സോപ്പാണ് ഏറ്റവും നല്ലത്. തൊലിയുടെ വരള്‍ച്ച ഒഴിവാക്കാനാണ് ഇത്. ത്വക്കിന്റെ PH 5.5 ആണ്. കുറഞ്ഞ PH ഉള്ള സോപ്പ് തൊലിക്ക് ഗുണകരമാണ്. ത്വക്കില്‍ പ്രകൃത്യാ ഉള്ള നല്ല ബാക്ടീരിയയെ നിലനിര്‍ത്താന്‍ അത് സഹായകമാകും.
വരണ്ട ചര്‍മ്മമുള്ളവര്‍ കൊക്കോ ബട്ടര്‍, ലനോലിന്‍, ഗ്ലിസറില്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കണം. കിടക്കുന്നതിനു മുമ്പ് മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുന്നത് ത്വക്കിന്റെ മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും.
സൂര്യരശ്മിയില്‍ നിന്നുള്ള സംരക്ഷണം
അള്‍ട്രാവയലറ്റ് രശ്മികള്‍ സ്ഥിരമായി ഏല്‍ക്കുന്ന വൃദ്ധജനങ്ങള്‍ക്ക് ടാനിംഗ് (ചാര്‍മ്മത്തിലെ ഉരുണ്ട നിറം), സൂര്യാഘാതം, ചര്‍മ്മാര്‍ബുദം ഇവ ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലുണ്ട്.
ടൈറ്റാനിയം ഡയോക്‌സൈഡ്, സിങ്ക് ഓക്‌സൈഡ് തുടങ്ങിയ സണ്‍ സ്‌ക്രീനുകള്‍ നല്ല സൂര്യപ്രകാശത്ത് പുറത്തു പോകുമ്പോള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. Vitamin D കുറവുണ്ടെങ്കില്‍ അത് കഴിക്കുന്നതും ത്വക്കിന് ഗുണം ചെയ്യും.
സിറം (Serum)
മുഖത്തെ തൊലികള്‍ ചുളുങ്ങി വാര്‍ദ്ധക്യം സൃഷ്ടമാകുന്നവരില്‍, ഫില്ലറുകള്‍ അടങ്ങിയ സിറങ്ങള്‍ പ്രയോജനം ചെയ്യും.
തൊലിയുടെ താഴെയുള്ള പാളികളില്‍ ഇവ അടിയുകയും പോഷകഗുണം നല്‍കുകയും ചെയ്യുന്നു. മുഖത്തെ നിറവ്യത്യാസം മാറുവാനും യുവത്വം നിലനിര്‍ത്താനും ഇവ സഹായിക്കും – പോഷകങ്ങള്‍ നിറഞ്ഞ മോയ്‌സ്ചറൈസറുകളും ചര്‍മ്മത്തിന് ഗുണം നല്‍കും.
പൗഡറുകള്‍
ഈര്‍പ്പം മൂലം അണുബാധയുണ്ടാകുന്ന രോഗികളായ വൃദ്ധരില്‍, ശരീര മടക്കുകളില്‍ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും ചേര്‍ന്ന പൗഡറുകള്‍ വളരെ പ്രയോജനകരങ്ങളാണ്. നനവ് മാറാനും, പ്രതിരോധശക്തി നല്‍കാനും ഇത് സഹായിക്കും.
മുടിയുടെ സംരക്ഷണം
വാര്‍ദ്ധക്യത്തില്‍ തലയോട്ടിയിലെ ചര്‍മ്മം വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ രോമകോശങ്ങളില്‍ അണുബാധ വരാന്‍ സാദ്ധ്യത കൂടുതലാണ്. മൃദുവായ ഷാംപൂ ഉപയോഗിച്ച്, മുടി വൃത്തിയാക്കണം, ആഴ്ചയിലൊരിക്കല്‍ മാത്രം പല്ലുകള്‍ അകന്ന ചീപ്പ് കൊണ്ട് മുടി ബ്രഷ് ചെയ്യുന്നത് തലയോട്ടിയില്‍ രക്തസംക്രമണം കൂടുകയും പോഷകങ്ങള്‍ രോമകൂപത്തിലെത്താന്‍ സഹായിക്കുകയും ചെയ്യുന്നു. രൂക്ഷമായ കെമിക്കലുകള്‍ അടങ്ങിയ ഡൈകള്‍, കെമിക്കലുകള്‍ ഉപയോഗിച്ചുള്ള ഹെയര്‍ സ്‌റ്റൈലിംഗ്, രോമ കോശങ്ങള്‍ക്ക് ഹാനികരമാണ്. അത് ഒഴിവാക്കണം.
വാര്‍ദ്ധക്യത്തിലും ശൈശവത്തിലും തൊലി വളരെ സംരക്ഷണം അര്‍ഹിക്കുന്നു. ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിനെ ഏറ്റവും ശ്രദ്ധയോടെ പരിപാലിക്കുക തന്നെ വേണം. ഓരോ ചര്‍മ്മവും ഓരോ തരമാണെന്ന തിരിച്ചറിവോടെ, നല്ല സൂക്ഷ്മതയോടെ ത്വക് സംരക്ഷണം നടത്തിയാല്‍ യുവത്വം പ്രസരിക്കുന്ന ആരോഗ്യമുള്ള ചര്‍മ്മവും കേശവും എല്ലാ പ്രായത്തിലും സ്വന്തമാക്കാം.
Dr. Sreerekha Panicker
Consultant Dermatologist
SUT Hospital, Pattom