ഒരു നിമിഷത്തെ ലഹരിക്കു വേണ്ടി വിവിധ വസ്തുക്കള് ഉപയോഗിക്കുന്നവര് നേരിടേണ്ടി വരുന്നതു വലിയ ആരോഗ്യ പ്രശ്‌നങ്ങള്. രാസലഹരി വസ്തുക്കളുടെ ഉപയോഗം ശാരീരിക പ്രശ്‌നങ്ങള്ക്കു പുറമേ മാനസികാരോഗ്യത്തെയും ബാധിക്കും. ആരോഗ്യം ക്ഷയിച്ചു തുടങ്ങുമ്പോഴാണു പലപ്പോഴും തിരിച്ചറിയുന്നതെന്നു മാത്രം.
തുടര്ച്ചയായി എംഡിഎംഎ ഉപയോഗിക്കുന്നവര്ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണു റിപ്പോര്ട്ട് ചെയ്യുന്നത്. 7 വര്ഷത്തോളം തുടര്ച്ചയായി എംഡിഎംഎ ഉപയോഗിച്ച 2 പേര്ക്ക് ശരീരത്തില് ഗുരുതരമായ ത്വക് രോഗം പിടിപെട്ടു. ഹൈറേഞ്ചില് ലഹരിക്ക് അടിമയായ യുവാവ് മെലിഞ്ഞ് എല്ലുകളടക്കം പുറത്തു കാണാവുന്ന വിധത്തില് ആരോഗ്യ പ്രശ്‌നം നേരിട്ടപ്പോഴാണു വീട്ടുകാര് അറിയുന്നത്. ആദ്യത്തെ ഉപയോഗത്തില് വായിലെ തൊലി അടര്ന്നുപോകുന്നുവെന്ന് ഉപയോഗിച്ചവര് പറയുന്നു. എംഡിഎംഎ ഉപയോഗിച്ച് അതിന്റെ ഫലം പോവുന്നതോടെ ഉറക്കം കുറയുകയും കൂടുതലായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. സ്ഥിരമായി ഉപയോഗിക്കുന്നവരില് പല്ലുകൊഴിയുന്നതായും കണ്ടെത്തിയിട്ടുണ്ട
സിന്തറ്റിക് ലഹരി തലച്ചോറിനെ ബാധിക്കും
എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം പ്രധാനമായും തലച്ചോറിനെയാണു ബാധിക്കുക. തലച്ചോറിന്റെ പ്രധാന പ്രവര്‍ത്തനങ്ങളായ ഓര്‍മ രൂപീകരണം, വികാര നിയന്ത്രണം, സ്വഭാവ രൂപീകരണം തുടങ്ങി പല പ്രവര്‍ത്തനങ്ങളെയും ഇവ താറുമാറാക്കും. ചിന്താശേഷിയെ ബാധിക്കും. ഇത്തരം ലഹരി ഉപയോഗിക്കുന്നവര്‍ പേടി പോലുള്ള വിഭ്രാന്തി ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. കഞ്ചാവ് വലിക്കുന്നതു മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വരാനും സാധ്യത കൂടുതലാണ്. ലഹരിമരുന്നുകള്‍ കുത്തിവയ്ക്കുന്നതിന് ഒരു സിറിഞ്ച് തന്നെ പലരും മാറിമാറി ഉപയോഗിക്കുന്നതുമൂലം എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍ വരാനും സാധ്യത കൂടുതലാണ്.
എംഡിഎംഎ
സിന്തറ്റിക് ലഹരി മരുന്നായ എംഡിഎംഎ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതു കഴിച്ചാല്‍ പിന്നീട് മൂന്നു ദിവസത്തേക്കു ഉറക്കമില്ല. പിന്നെ ഭക്ഷണം വേണ്ടാതാകും. തൊണ്ട വരളും. ഒന്നും കഴിക്കാന്‍ തോന്നില്ല. ഭക്ഷണം കഴിക്കാന്‍ കഴിയാതെ ആകുമ്പോള്‍ അസ്വസ്ഥതകള്‍ ഗുരുതരമാകും. മദ്യമോ പുകവലിയോ പോലെയല്ല, എംഡിഎംഎയുടെ പ്രത്യാഘാതങ്ങള്‍. സ്ഥിരമായി ഉപയോഗിച്ചാല്‍ മൂന്നു വര്‍ഷത്തിനകം മരണം വരെ സംഭവിക്കാം.
എല്‍എസ്ഡി
ലൈസര്‍ജിക് ആസിഡ് ഡൈതൈലാമൈഡ് എന്ന എല്‍എസ്ഡി കണ്ടാല്‍ വെറും സ്റ്റാംപ് പോലെ ഇരിക്കും. എന്നാല്‍ മറു വശത്തു ലൈസര്‍ജിക് ആസിഡ് ഡൈതൈലാമൈഡ് സ്‌പ്രേ ചെയ്യും. സ്റ്റാംപ് പൂര്‍ണമായി നാക്കില്‍ ഒട്ടിച്ചാല്‍ അബോധവസ്ഥയിലാകും. എല്‍എസ്ഡിയുടേയും ലഹരി ഗുളികയുടെയും നിരന്തര ഉപയോഗം ബുദ്ധിശേഷിയില്‍ കുറവു വരുത്തും.
കരളടിച്ചു കളയുന്ന മദ്യം
മദ്യപാനം ഏറ്റവുമധികം ബാധിക്കുന്നത് കരളിനെയാണ്. തുടര്‍ച്ചയായ മദ്യപാനം ഫാറ്റിലിവറിനും ലീവര്‍ സീറോസിസിനും വരെ കാരണമാകാം. അള്‍സര്‍, ആമാശയത്തിലെയും കുടലിലെയും അര്‍ബുദം തുടങ്ങി ഉദര സംബന്ധമായ പല ഗുരുതര രോഗങ്ങള്‍ക്കും മദ്യപാനം പ്രധാന കാരണമാണ്. അമിത മദ്യപാനം ആഗ്‌നേയ ഗ്രന്ഥിയുടെ പ്രവര്‍ത്തനം തകരാറിലാക്കും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയാന്‍ ഇടയാക്കും. വിശപ്പ് കുറയാനും അതുവഴി ശരീരഭാരം കുറയാനും മദ്യപാനം കാരണമാണ്. ലൈംഗികമായ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയാണ് മദ്യപാനത്തിന്റെ മറ്റ് ദൂഷ്യഫലങ്ങള്‍. മദ്യപാനികളില്‍ ആത്മഹത്യാ നിരക്കും കൂടുതലാണ്.
ശ്വാസകോശം സ്‌പോഞ്ച് പോലെ തന്നെയാണ്
പുകവലി ഏറ്റവുമധികം ബാധിക്കുന്നതു ശ്വാസകോശത്തെയാണ്. ശ്വസനസംബന്ധമായ പ്രശ്‌നങ്ങളും ശ്വാസകോശ അര്‍ബുദവും ഹൃദ്രോഗവും വരെയുണ്ടാകാന്‍ പുകവലി കാരണമാകുന്നുണ്ട്. ജീവിതശൈലി രോഗങ്ങള്‍ക്കും വായിലെയും തൊണ്ടയിലെയും അര്‍ബുദത്തിനും പുകവലി കാരണമാകാം. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ടാര്‍ പോലുള്ള വിഷാംശങ്ങള്‍ വന്നടിയുന്നതുമൂലം ശ്വാസകോശത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഇത് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സിഒപിഡി എന്ന ശ്വാസകോശ രോഗത്തിലേക്കു നയിക്കുകയും ചെയ്യാം. ശ്വാസംമുട്ടലും വിട്ടുമാറാത്ത ചുമയുമാണു സിഒപിഡിയുടെ ലക്ഷണങ്ങള്‍. പുകവലിക്കുന്നവരില്‍ ക്ഷയരോഗ സാധ്യതയും കൂടുതലാണ്.