ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് എന്ത് കഴിക്കുന്നു എന്നത് പോലെ പ്രധാനമാണ് പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പത്രങ്ങളും. ഭംഗിയും ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യത്തിനും അനുസരിച്ചാണ് മിക്കവരും പത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ അതിന്റെ ഗുണനിലവാരത്തെ കുറിച്ച് ശ്രദ്ധിക്കാന്‍ പലരും മറന്നു പോകുന്നു. ചില പാത്രങ്ങളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ശരീരത്തിന് ദോഷകരമായ രാസവസ്തുക്കള്‍ ചേര്‍ത്ത ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പാത്രങ്ങള്‍ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ കമ്പനിയായ സരസ്വതി സ്ട്രിപ്സ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചില പാത്രങ്ങളില്‍ അപകടകരമായ അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ടെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയുരുന്നു. ശുദ്ധ അലുമിനിയം പത്രങ്ങളെന്ന് പേരില്‍ വിറ്റഴിക്കുന്ന മിക്ക പത്രങ്ങളും അലുമിനിയം, പിച്ചള, എന്നിവയുടെ മിശ്രിതം കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഇത്തരം പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇതില്‍ നിന്ന് ലെഡ് പുറത്തുവിടാനുള്ള സാധ്യത ഏറെയാണെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (യുഎസ്എഫ്ഡിഎ) ചൂണ്ടിക്കാട്ടുന്നു. ഇത് ഭക്ഷണത്തെ വിഷലിപ്തമാക്കുമെന്നും യുഎസ്എഫ്ഡിഎ പറയുന്നു.
ലെഡിന്റെ ദോഷവശങ്ങള്‍
ശരീരത്തില്‍ അടിഞ്ഞുകൂടി ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്ന വിഷാംശം അടങ്ങിയിട്ടുള്ള ഒരു ഘനലോഹമാണ് ലെഡ്. ഇത് ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് അറിയാം.
അലുമിനിയം പത്രങ്ങളില്‍ അടങ്ങിയിട്ടുള്ള ലെഡ് കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വളരെ അപകടകരമാണ്.തലച്ചോര്‍, നാഡീവ്യവസ്ഥ തുടങ്ങിയവയെ മോശമായി ബാധിച്ചേക്കും. വിളര്‍ച്ച, രക്തകോശങ്ങളുടെ അഭാവം, ക്ഷീണം, ബലഹീനത എന്നിവയിലേക്ക് നയിക്കും. ശരീരത്തിലെ വിഷാംശങ്ങള്‍ ശരിയായി പുറന്തള്ളാന്‍ കഴിയാതെ വരും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
രക്തക്കുഴലുകള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയിലേക്ക് നയിക്കും.
ഓര്‍മ്മശക്തിയും പഠന ശേഷിയും കുറയുക.
മാനസികാരോഗ്യത്തെ ബാധിക്കും
അലുമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ ലെഡ് ഭക്ഷണപദാര്‍ത്ഥത്തില്‍ കലരും. ഈ ഭക്ഷണം കഴിക്കുമ്പോള്‍ ലെഡ് ശരീരത്തിനുള്ളില്‍ എത്തുകയും കാലക്രമേണ അടിഞ്ഞുകൂടുകയും ചെയ്യും. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. തക്കാളി, നാരങ്ങാ, വിനാഗിരി തുടങ്ങി അസിഡിറ്റി പ്രത്യേകതയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുമ്പോള്‍ ലെഡ് വേഗത്തില്‍ കലരും. അതിനാല്‍ ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. അലുമിനിയം പാത്രങ്ങളില്‍ പെട്ടന്ന് പോറലും കുഴികളും വീഴാന്‍ സാധ്യതയുണ്ട്. ഇത് ബാക്ടീരിയകള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കുകയും പാത്രത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.
അലുമിനിയം പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
അലുമിനിയം പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. ഭക്ഷണം തയ്യാറാക്കാനായി പാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലെഡ് പോലെ ആരോഗ്യത്തിന് ഹാനികരമായ ലോഹങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വിളര്‍ച്ച, വൃക്കരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകളുടെ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും. ഭാരം കുറഞ്ഞതോ കൂടുതല്‍ ഭാരമുള്ളതോ ആയ പാത്രങ്ങള്‍ ഒഴിവാക്കാം. പകരം അല്‍പം കട്ടിയുള്ളതും പ്രത്യേക കോട്ടിങ്ങോടുകൂടിയ ഹാര്‍ഡ് – അനോടൈസ്ഡ് അലുമിനിയം പാത്രങ്ങള്‍ തെരഞ്ഞെടുക്കുക.