സോഷ്യല്‍ മീഡിയയില്‍, എല്ലാത്തിനുമുള്ള പരിഹാരമുണ്ട്. പക്ഷേ, അവ ചിലപ്പോള്‍ വിശ്വാസയോഗ്യമായിരിക്കില്ല. സോഷ്യല്‍ മീഡിയയില്‍ പറയുന്നതെല്ലാം വിശ്വാസത്തിലെടുക്കുന്നതിനു മുന്‍പ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി തേടുന്നത് നല്ലതാണ്. ഇത്തരത്തില്‍ പരക്കെ പ്രചാരത്തിലുള്ള 5 കാര്യങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ആരോഗ്യ വിദഗ്ധര്‍ തന്നെ നീക്കിയിരിക്കുന്നു.
- മുറിവുകളില്‍ രാത്രിയില്‍ തേന്‍ പുരട്ടിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും
ഈ അവകാശവാദം പൂര്‍ണമായും നിഷേധിക്കുകയാണ് ബെംഗളൂരുവിലെ ഡോ.ഷിറീന് ഫുര്‍ട്ടാഡോ. തേനില്‍ ചിലപ്പോള്‍ മറഞ്ഞിരിക്കുന്ന ബാക്ടീരിയകള്‍ ഉണ്ടാകാം, ഇത് മുറിവുകള്‍ ഗുരുതരമാക്കിയേക്കാം. മുറിവുകളില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആന്റി-മൈക്രോബയല്‍ ഓയില്മെന്റുകള് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
- ചിയ സീഡ്സ് ഈസ്ട്രജന്റെ അളവ് വര്‍ധിപ്പിച്ച് സ്തനവളര്‍ച്ചയ്ക്ക് സഹായിക്കുന്നു
ചിയ സീഡ്സ് ഈസ്ട്രജന്റെ അളവ് നേരിട്ട് വര്‍ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സ് മേധാവി എഡ്വിന രാജ് പറഞ്ഞു. ചിയ സീഡ്സ് ഈസ്ട്രജന്റെ അളവ് വര്‍ധിപ്പിക്കുമെന്നത് ഒരു തെറ്റിദ്ധാരണയാണ്. ചിയ സീഡ്സുകള്‍ നാരുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഒരു പോഷകസമൃദ്ധമായ ഭക്ഷണമാണെങ്കിലും അവയില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടില്ല, അതിനാല്‍ ഈസ്ട്രജന് ഉല്പാദനത്തെ നേരിട്ട് സ്വാധീനിക്കാന്‍ കഴിയില്ല. പക്ഷേ, വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നതില്‍ സംശയമില്ല,’ എഡ്വിന പറഞ്ഞു.
- ഒരു ദിവസം 3 ഓറഞ്ച് കഴിക്കുന്നത് ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും വയറു വീര്‍ക്കുന്നത് ഒഴിവാക്കാനും സഹായിക്കും
ഇതൊരു മിഥ്യാധാരണയാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ ആരോഗ്യകരമായ പഴമാണ് ഓറഞ്ച് എന്നതില്‍ സംശയമില്ല. എന്നാല്‍, ശരീരഭാരം നിയന്ത്രിക്കുന്നതിനോ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനോ ഓറഞ്ചിന് കഴിയില്ലെന്ന് എഡ്വിന പറഞ്ഞു. ഓറഞ്ചില്‍ വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. അവ നേരിട്ട് ഉപാപചയപ്രവര്ത്തനത്തെയോ വയറു വീര്ക്കുന്നതിനെയോ ലക്ഷ്യം വയ്ക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു. ഉപാപചയപ്രവര്‍ത്തനം ശരിയാക്കാന്‍ 3 ഓറഞ്ച് ആവശ്യമില്ല. പകരം, സീസണല്‍ പഴങ്ങള്‍ കഴിക്കുക.
- രാത്രിയില്‍ വെളിച്ചെണ്ണ വായില്‍ ഒഴിക്കുന്നത് പല്ലുകള്‍ വെളുപ്പിക്കും
വായുടെ ശുചിത്വത്തിന് എന്ന നിലയില്‍ വെളിച്ചെണ്ണ വലിയ പ്രചാരം നേടിയിട്ടുണ്ട്. പക്ഷേ, യാഥാര്‍ത്ഥ്യം മനസിലാക്കി ഇതിനെ സമീപിക്കേണ്ടതുണ്ട്. ‘വെളിച്ചെണ്ണയ്ക്ക് ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, ഇത് വായിലെ ബാക്ടീരിയകളെ കുറയ്ക്കാനും, മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താനും, സഹായിക്കും. പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുമെന്നതിന് പരിമിതമായ ശാസ്ത്രീയ തെളിവുകള്‍ മാത്രമാണുള്ളതെന്ന് എഡ്വിന പറഞ്ഞു.
- മുരിങ്ങാപ്പൊടി അരക്കെട്ട് ഒതുക്കും
മുരിങ്ങ നിരവധി ആരോഗ്യ ഗുണങ്ങളുള്ള പോഷക സമ്പുഷ്ടമായ ഇലക്കറി ആണെങ്കിലും, ‘അരക്കെട്ട് പോലുള്ള പ്രത്യേക ഭാഗങ്ങളില്‍ ശരീരഭാരം കുറയ്ക്കാനോ കൊഴുപ്പ് കുറയ്ക്കാനോ സഹായിക്കുമെന്നതിന് മതിയായ ഗവേഷണങ്ങള്‍ നടന്നിട്ടില്ല’. മുരിങ്ങാ പൊടിയില്‍ നാരുകളും പ്രോട്ടീനും വളരെ കൂടുതലാണ്, ഇത് കൂടുതല്‍ നേരം വയറു നിറയ്ക്കുകയും സംതൃപ്തി നല്‍കുകയും ചെയ്യുന്നു. കലോറി ഉപഭോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്നുവെന്ന് ഡോ. ആഷിനി ഭട്ട് പറഞ്ഞു.