- Advertisement -Newspaper WordPress Theme
WOMEN HEALTHഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സുരക്ഷിതമോ?

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സുരക്ഷിതമോ?

ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് സ്ത്രീകളാണ് ദിവസവും പലരൂപത്തിലുള്ള സംയോജിത ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈസ്ട്രജനെയും പ്രോജസ്റ്റോജനെയും സംയോജിപ്പിച്ച് രൂപപ്പെടുത്തുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഗുളിക, പാച്ചസ്, വജീനല്‍ റിങ് എന്നിങ്ങനെ പലരൂപത്തില്‍ ലഭ്യമാണ്. ഇവ ഓവുലേഷന്‍, സെര്‍വിക്കല്‍ മ്യൂക്കസിലും ഗര്‍ഭാശയ പാളിയിലും മാറ്റങ്ങള്‍ ഉണ്ടാക്കിയും ഗര്‍ഭധാരണം തടസപ്പെടുത്തുന്നു. എന്നാല്‍ തികച്ചും സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഇത്തരം മാര്‍ഗങ്ങള്‍ സ്ത്രീകള്‍ക്ക് പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി.

യൂറോപ്യന്‍ സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനത്തില്‍ സംയോജിത ഓറല്‍ ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്ത്രീകള്‍ക്ക് ക്രിപ്‌റ്റോജെനിക് സ്‌ട്രോക്ക് (Stroke Risk in Women) ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വ്യക്തമാക്കുന്നു. ചെറുപ്പക്കാരായ സ്ത്രീകളില്‍ മൊത്തത്തിലുള്ള സ്‌ട്രോക്കുകളുടെ ഏതാണ്ട് 40 ശതമാനം ക്രിപ്‌റ്റോജെനിക് സ്‌ട്രോക്ക് ആണെന്ന് മുന്‍ പഠനങ്ങള്‍ തെളിയിക്കുന്നു. 18 നും 49 നും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ ഉണ്ടാകുന്ന പക്ഷാഘാതത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള ഒരു അന്താരാഷ്ട്ര അന്വേഷണമായിരുന്നു ഇത്.

13 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രിപ്റ്റോജെനിക് ഇസ്‌കെമിക് സ്‌ട്രോക്ക് ബാധിച്ച 608 രോഗികളിലാണ് പഠനം നടത്തിയത്. പഠനത്തില്‍ സംയോജിത ഓറല്‍ ഗര്‍ഭനിരോധന മാര്‍?ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അവ ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ക്രിപ്റ്റോജെനിക് സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് കണ്ടെത്തി. പൊണ്ണത്തടി, മൈഗ്രെയിന്‍ പോലുള്ള പക്ഷാഘാത സാധ്യതയുള്ള മറ്റ് ഘടകങ്ങള്‍ പരിഗണിച്ച ശേഷവും ഈ ബന്ധം നിലനിന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

രണ്ട് ദശലക്ഷത്തിലധികം സ്ത്രീകളെ നിരീക്ഷിച്ച ഒരു പഠനത്തില്‍ സിന്തറ്റിക് ഈസ്ട്രജനും പ്രോജസ്റ്റോജനും അടങ്ങിയ ഗുളികകള്‍, ഗര്‍ഭാശയ ഉപകരണങ്ങള്‍ (ഐയുഡി), പാച്ചുകള്‍, വജീനല്‍ റിങ്ങുകള്‍ എന്നിവയുള്‍പ്പെടെയുള്ള സംയോജിത ഹോര്‍മോണ്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി.വജീനല്‍ റിങ് പക്ഷാഘാത സാധ്യത 2.4 മടങ്ങും ഹൃദയാഘാത സാധ്യത 3.8 മടങ്ങും ഗര്‍ഭനിരോധന പാച്ചുകള്‍ പക്ഷാഘാത സാധ്യത ഏകദേശം 3.5 മടങ്ങും വര്‍ധിപ്പിക്കുന്നതായി കണ്ടെത്തി. എന്നാല്‍ പ്രോജസ്റ്റിന്‍ മാത്രമുള്ള ഗര്‍ഭനിരോധന മാര്‍ഗം (ഐയുഡി) ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ ഉള്ള സാധ്യത കുറവാണെന്നും കണ്ടെത്തി. ഇതിലൂടെ പക്ഷാഘാതത്തിനുള്ള പ്രധാന ഘടകം ഈസ്ട്രജനായിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.

ശരീരത്തിലെ സ്വാഭാവിക ഈസ്ട്രജന്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു. ഇത് മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും അമിത രക്തസ്രാവം തടയുന്നതിനും പ്രധാനമാണ്. എന്നാല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ അടങ്ങിയ സിന്തറ്റിക് ഈസ്ട്രജന്‍ കൂടുതല്‍ ശക്തിയുള്ളതും ഉയര്‍ന്നതും സ്ഥിരവുമായ അളവില്‍ വിതരണം ചെയ്യുന്നതുമാണ്. ഇത് കരളിനെ അധിക കട്ടപിടിക്കുന്ന പ്രോട്ടീനുകള്‍ ഉത്പാദിപ്പിക്കാന്‍ ഉത്തേജിപ്പിക്കുകയും സ്വാഭാവിക ആന്റികോഗുലന്റുകള്‍ കുറയ്ക്കുകയും ചെയ്യുന്നു – ഇത് രക്തം കട്ടപിടിക്കുന്നത് എളുപ്പമാക്കുന്നതിലേക്ക് നയിക്കുന്നു. അമിത രക്തസ്രാവം തടയാന്‍ ഇത് സഹായകമാണെങ്കിലും, സ്‌ട്രോക്ക് പോലുള്ള അവസ്ഥകളിലേക്ക് നയിച്ചേക്കാവുന്ന അസാധാരണമായ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. പുകവലിക്കുന്നവര്‍, മൈഗ്രെയ്ന്‍ അനുഭവിക്കുന്നവര്‍ അല്ലെങ്കില്‍ രക്തം കട്ടപിടിക്കാനുള്ള ജനിതക പ്രവണത ഉള്ളവരില്‍ ഈ അപകടസാധ്യത വളരെ കൂടുതലായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനിയില്‍ രക്തം കട്ടപിടിക്കുകയോ അല്ലെങ്കില്‍ അത് പൊട്ടാന്‍ ഇടയാവുകയോ ചെയ്താല്‍ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയും ഇസ്‌കെമിക് സ്‌ട്രോക്കിന് കാരണമാവുകയും ചെയ്യുന്നു. ഞരമ്പുകളില്‍ വരെ രക്തം കട്ടപ്പിടിക്കാന്‍ ഇത് കാരണമാകുന്നു. മാത്രമല്ല, ഈസ്ട്രജന്‍ രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും കാലക്രമേണ രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നു, ഇത് പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ക്രിപ്റ്റോജെനിക് സ്‌ട്രോക്ക് ഉണ്ടാകാനുള്ള വ്യക്തമായ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും ഹോര്‍മോണ്‍ മൂലമുണ്ടാകുന്ന രക്തം കട്ടപിടിക്കല്‍ പോലുള്ള സൂക്ഷ്മമായ അപകട ഘടകങ്ങളുമായി ഇത് കൂടുതലായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme