ചെറുപ്പക്കാര്‍ക്കിടയില്‍ ഫിറ്റ്‌നസിന്റെ അവസാന വാക്ക് എന്നും ജിം തന്നെയാണ്. ജിമ്മില്‍ പോയി മണിക്കൂറുകള്‍ വര്‍ക്ക്ഔട്ട് ചെയ്ത് പേശികളെ പോഷിപ്പിക്കുക, ആരോഗ്യം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശമൊക്ക നല്ലതാണെങ്കിലും മറന്നു പോകുന്ന ഒരു പ്രധാന വസ്തുതയുണ്ട്. ഹൃദയാരോഗ്യം. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ ആളുകള്‍ കുഴഞ്ഞുവീണു മരിക്കുന്ന നിരവധി കേസുകള്‍ ഇപ്പോള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ആളുകള്‍ക്കിടയില്‍ ആശങ്കയും ജാഗ്രതയും വര്‍ധിപ്പിച്ചു
ഹൃദയാഘാതവും ഹൃദയസ്തംഭവനവും
വര്‍ക്ക്ഔട്ടിനിടെ ആളുകള്‍ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നത് ഹൃദയാഘാതം മൂലമല്ല, പലപ്പോഴും ഹൃദയസ്തംഭനം കാരണമാണ്.
കൊറോണറി ധമനികള്‍ അഥവാ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നതിലൂടെ സംഭവിക്കുന്ന ബ്ലോക്ക് കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതേസമയം, ഹൃദയസ്തംഭനം എന്നത് ഹൃദയത്തിന്റെ താളം തെറ്റലാണ്. ഇത് ഹൃദയത്തിന്റെ വൈദ്യുതി സംവിധാനത്തിലെ പ്രശ്‌നമാണ്. ഇത് പെട്ടെന്ന് ഹൃദയമിടിപ്പ് നില്‍ക്കാനോ ക്രമരഹിതമാകുന്നതിലേക്കോ നയിക്കുന്നു. ഇതാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്.
എന്നാല്‍ ഹൃദയാഘാതം ഉണ്ടാകുന്ന എല്ലാവര്‍ക്കും ഹൃദയസ്തംഭനം ഉണ്ടാകണമെന്നില്ല. ഹൃദയാഘാതം വരുന്ന ആള്‍ക്ക് ഹൃദയസ്തംഭനം വന്നാല്‍ മാത്രമാണ് പെട്ടെന്ന് മരണം സംഭവിക്കുക. എന്നാല്‍ ചിലരില്‍ ഹൃദയാഘാതം സംഭവിക്കാതെ തന്നെ അരിഹ്‌മിയ എന്ന അവസ്ഥ ഉണ്ടാകാം. അതായത്, ഹൃദയമിടിപ്പിന്റെ നിരക്കിലോ താളത്തിലോ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് അരിഹ്‌മിയ. ഇത് അടിസ്ഥാനപരമായി ഹൃദയമിടിപ്പിനെ നിയന്ത്രിക്കുന്ന ഹൃദയത്തിന്റെ വൈദ്യുത സംവിധാന തകരാറിലാക്കുകയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് കാരണമാവുകയും ചെയ്യാം.
പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് പിന്നില്‍
അമിത വ്യായാമം അല്ലെങ്കില്‍ ഓവര്‍ എക്‌സര്‍സൈസിങ് ഇതിനൊരു പ്രധാന ഘടകമാണ്. തീവ്ര വ്യായാമം ഹൃദയാരോഗ്യത്തെ അപകടത്തിലാക്കാം. മിതമായ വ്യായാമമാണ് ഹൃദയത്തിന് നല്ലത്. അര മണിക്കൂര്‍ വേഗത്തില്‍ നടക്കുന്നതു തന്നെ ഹൃദയാരോഗ്യത്തില്‍ മികച്ച ഫലം ഉണ്ടാക്കും.
പ്രായം മറ്റൊരു ഘടകമാണ്. ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുമ്പോള്‍ ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് കണക്കാക്കി വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് ശ്രദ്ധിക്കുക.
എന്താണ് ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ്
വ്യായാമം ചെയ്യുമ്പോള്‍ ഹൃദയം ഒരു മിനിറ്റില്‍ നിലനിര്‍ത്തേണ്ട സ്പന്ദനങ്ങളുടെ ശ്രേണിയാണ് ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് എന്നു പറയുന്നത്.
ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് എങ്ങനെ കണ്ടെത്താം: 220 മൈനസ് നിങ്ങളുടെ പ്രായം ഇതിന് ഉത്തരമാണ് നിങ്ങളുടെ ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ്. (ഉദ്ദാ; നിങ്ങള്‍ക്ക് 40 വയസാണെങ്കില്‍, 220-4= 180bpm).
ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് നാല് സോണ്‍ ആയി തിരിക്കാം
50-60 ശതമാനം
60-70 ശതമാനം
70-80 ശതമാനം
80-90 ശതമാനം
ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റിന്റെ അടിസ്ഥാനത്തില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്തേണ്ടതാണ്. ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് 100 ശതമാനം ആകുന്നത് അപകടമാണ്. പരമാവധി ആദ്യത്തെ മൂന്ന് സോണുകളില്‍ ഹൃദയമിടിപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കുക. എന്നാല്‍ ചില മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് ഇത്ര പോലും ടാര്‍ഗെറ്റഡ് ഹാര്‍ട്ട് റേറ്റ് നിലനിര്‍ത്താന്‍ സാധിക്കണമെന്നില്ല. അതുപോലെ പനി അല്ലെങ്കില്‍ അത്തരം രോഗാവസ്ഥ കഴിഞ്ഞ് ജിമ്മില്‍ വരുന്ന ഒരാള്‍, ഹാര്‍ട്ട് റോറ്റ് 50 ശതമാനം എത്തിച്ചാല്‍ മതിയാകും. പെട്ടെന്ന് അമിത വര്‍ക്ക്ഔട്ട് ചെയ്യുന്നത് ഹൃദയതാളം മാറാനും ഹൃദയസ്തംഭനം ഉണ്ടാകാനുമുള്ള സാധ്യത വളരെ കൂടുതലാണ്.