വണ്ണം കുറയ്ക്കണം…ഒട്ടുമിക്ക ആളുകളും ജീവിതത്തില്‍ ഏറ്റെടുക്കുന്ന ഒരു ലക്ഷ്യമാണിത്. പലരും ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നത് വണ്ണം കുറയ്ക്കാനുള്ള തീരുമാനങ്ങളുമായാണ്. എന്നാല്‍ രാത്രിയാകുമ്പോഴേക്കും ആ തീരുമാനങ്ങള്‍ പിസ്സയിലോ ബര്‍ഗ്ഗറിലോ, ബിരിയാണിയുടെ സുഗന്ധത്തിലോ ഇല്ലാതാവുകയാണ് പതിവ്. പുതിയ സര്‍വേ പ്രകാരം ബംഗളൂരുവിലെ ജനങ്ങള്‍ അനുഭവിക്കുന്ന, വണ്ണം കുറച്ചെടുക്കാനുള്ള വെല്ലുവിളികള്‍ക്കുള്ള ഏറ്റവും വലിയ കാരണം സ്വയം പ്രചാദനമില്ലാത്തതോ സമയക്കുറവോ അല്ലെന്നാണ്. മറിച്ച് അത് ഓരോ കോണിലും നിന്ന് കവിഞ്ഞൊഴുകുന്ന ഫാസ്റ്റ് ഫുഡുകളും അത് നല്‍കുന്ന ഓഫറുകളുമാണെന്നാണ്.
ബെംഗളൂരുവിലെ 43% മുതിര്‍ന്നവരും അനാരോഗ്യകരമായ ഭക്ഷണത്തിന്റെ സൗകര്യവും കുറഞ്ഞ വിലയുമാണ് തങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ പാടുപെടുന്നതിന്റെ പ്രധാന കാരണം എന്ന് വിശ്വസിക്കുന്നതായി രാജ്യവ്യാപകമായി നടത്തിയ സര്‍വേ വെളിപ്പെടുത്തി. ഫിസിഷ്യന്‍സ് കമ്മിറ്റി ഫോര്‍ റെസ്‌പോണ്‍സിബിള്‍ മെഡിസിന്‍ (പിസിആര്‍എം) ഉം മോര്‍ണിംഗ് കണ്‍സള്‍ട്ടും നടത്തിയ ഇന്ത്യ വെയ്റ്റ് ലോസ് സര്‍വേ 2025 ല്‍ നിന്നാണ് ഈ കണ്ടെത്തല്‍. ബെംഗളൂരുവില്‍ നിന്നുള്ള 213 പേര്‍ ഉള്‍പ്പെടെ ഇന്ത്യയിലുള്ള 1,000-ത്തിലധികം ആളുകളിലുമാണ് സര്‍വേ നടത്തിയത്. ബെംഗളൂരു നഗരത്തില്‍, 35% പേര്‍ നിലവില്‍ അമിതഭാരമുള്ളവരാണെന്നാണ് സര്‍വേ പറയുന്നത്, 89% പേര്‍ ആദ്യസമയങ്ങളില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. എന്നിരുന്നാലും, 27% പേര്‍ക്ക് മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
സര്‍വേയുടെ ഏറ്റവും ആത്മവിശ്വാസമേകുന്ന കണ്ടെത്തലുകളില്‍ ഒന്നാണ് ബംഗളൂരു നിവാസികളുടെ മനോഭാവം. മരുന്നുകളിലൂടേയും കുത്തിവെപ്പുകളിലൂടേയുമുള്ള വണ്ണം കുറയ്ക്കലിനോട് അവര്‍ അത്രകണ്ട് തല്‍പരരല്ല. സര്‍വേയില്‍ 66 ശതമാനത്തോളം പേര്‍ കുത്തിവയപ്പിലൂടെയും വണ്ണം കുറയ്ക്കല്‍ മരുന്നുകള്‍ക്ക് പകരമായും പ്ലാന്റ് ബേസ്ഡ് ഡയറ്റ് സ്വീകരിക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് വ്യക്തമാക്കി. മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും, അതിന് ശേഷം നിര്‍ത്തിയാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് അറിവ് ഉള്ളതുകൊണ്ടാണ് പലരും അവ ഉപയോഗിക്കാനായി താത്പര്യം കാണിക്കാത്തതും എന്നാണ് അവര്‍ വ്യക്തമാക്കിയത്.
ആരോഗ്യത്തെക്കുറിച്ചുള്ള ബോധം സജീവമായി വളരുകയാണ്. ബെംഗളൂരുവില്‍ ഇപ്പോള്‍ സസ്യാഹാരശൈലി (plant-based diet) പൂര്‍ണ്ണമായി പിന്തുടരുന്നവര്‍ വെറും 1 ശതമാനമായിരിക്കുമ്പോഴും, 42 ശതമാനത്തോളം പേര്‍ നേരത്തെ ഒരിക്കലെങ്കിലും മാംസം, പാല്‍, അല്ലെങ്കില്‍ പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി പുതിയ ജീവിതശൈലി പരീക്ഷിച്ചിട്ടുണ്ട്. അതിലുപരി, 91 ശതമാനത്തോളം പേര്‍ പറയുന്നത്, പ്ലാന്റ് ബേസ്ഡ് ബേസ്ഡ് ഡയറ്റ് ദീര്‍ഘകാല രോ?ഗങ്ങള്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നുറപ്പുണ്ടെങ്കില്‍ അത് തുടരണം എന്നാണ്.
മറ്റൊരു വശത്ത് നഗരജീവിതത്തിന്റെ വേഗം, ഫുഡ് ഡെലിവറി ആപ്പുകള്‍ തമ്മിലുള്ള മത്സരം ഇതെല്ലാം ബംഗളൂരുവിലെ ആരോഗ്യ സംരക്ഷണ പോരാട്ടത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. അതേസമയം, മാഗ്ഗങ്ങള്‍ ഇല്ലയെന്നല്ല അതിന് മനസ്സുള്ളവര്‍ക്കു വഴിയുണ്ടെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ജീവിതശൈലിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും വലിയ ഫലങ്ങള്‍ നല്‍കും. പക്ഷേ അതിനു മുന്‍പ് ഉണ്ടാകേണ്ടത് ശരിയായ ബോധവത്കരണവും കൃത്യമായ പിന്തുണയുമാണ്.