എബിസി ജ്യൂസിനെപറ്റി കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഒരു പോഷക സമ്പന്നമായ പാനീയമാണ് എബിസി ജ്യൂസ്. ശരീരത്തിന് ഊർജം നൽകാനും ക്ഷീണം അകറ്റാനും സഹായിക്കുന്ന ഈ ജ്യൂസ് ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നിറഞ്ഞതാണ്. എബിസി ജ്യൂസിലെ പ്രധാന ഘടകങ്ങളും അവയുടെ ഗുണങ്ങളും അറിയാം.
ആപ്പിൾ
സ്വാഭാവിക മധുരവും ഫൈബറും നിറഞ്ഞ ആപ്പിൾ ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. കൂടാതെ ഹൃദയാരോഗ്യത്തിനും ആപ്പിൾ ഗുണകരമാണ്.
ബീറ്റ്റൂട്ട്
എബിസി ജ്യൂസിലെ പ്രധാന ഘടകമാണ് ബീറ്റ്റൂട്ട്. ശരീരത്തിലെ ക്ഷീണം അകറ്റാനും രക്തസഞ്ചാരം മെച്ചപ്പെടുത്താനും ഊർജം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിലും ബീറ്റ്റൂട്ട് പ്രധാന പങ്ക് വഹിക്കുന്നു.
ക്യാരറ്റ്
ക്യാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നതിനൊപ്പം തിളക്കമുള്ള ചർമ്മം ലഭിക്കാനും പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
എബിസി ജ്യൂസിന്റെ ഗുണങ്ങൾ
ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർന്ന എബിസി ജ്യൂസിൽ നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദിവസേന കുടിക്കുന്നത് ശരീരത്തിന് ഉന്മേഷവും ആരോഗ്യം മെച്ചപ്പെടാനും സഹായിക്കുന്നു.
എബിസി ജ്യൂസ് തയ്യാറാക്കുന്ന വിധം
തൊലിയോടെ ഒരു ചെറിയ ആപ്പിൾ, പകുതി ബീറ്റ്റൂട്ട്, ഒരു ക്യാരറ്റ് എന്നിവ എടുത്ത് ചെറിയ അളവിൽ വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക. രുചിക്കും ആരോഗ്യത്തിനുമായി അല്പം ഇഞ്ചി അല്ലെങ്കിൽ നാരങ്ങാനീരോ ചേർത്താൽ എബിസി ജ്യൂസ് തയ്യാറാകും.




