തൃശൂര്‍:സ്വന്തം കാല് മുറിക്കണമെന്ന് ഡോക്ടര്‍മാര്‍ പലതവണ നിര്‍ദ്ദേശിച്ചെങ്കിലും അഷ്റഫ് ദൃഢനിശ്ചയത്തിലായിരുന്നു. സൈക്കിളില്‍ ഇന്ത്യമുഴുവന്‍ സഞ്ചരിച്ചിട്ടേ കാല് മുറിച്ച് മാറ്റുവെന്ന്.
ചലനശേഷിയുമില്ലാത്ത വലത് കാല്‍പത്തിയുമായി കേരളത്തില്‍ നിന്ന് 4200 കിലോമീറ്റര്‍ സൈക്കില്‍ ചവിട്ടി ലഡാക്കിലെ ഖര്‍ദുംഗല എന്ന തന്റെ ലക്ഷ്യത്തിലെത്തിയത് ഒരു ചെറുപ്പക്കാരന്റെ ദൃഢനിശ്ചയത്തിന് തെളിവാണ്. നാട്ടിലെത്തിയാല്‍ ചലനമറ്റകാല് മുറിച്ച് മാറ്റി നല്ലൊരു കൃത്രിമകാല് വയ്ക്കാനാണ് അഷ്റഫിന്റെ തീരുമാനം.
വടക്കാഞ്ചേരി പാര്‍ളിക്കാട് തെക്കേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് അഷ്റഫ് ആണ് അപകടത്തില്‍ അറ്റ്പോയതിനാല് തുന്നിച്ചേര്‍ത്ത കാല്‍പാദവുമായി കേരളത്തില്‍ നിന്ന് ലഡാക്കിലേക്ക് സൈക്കില്‍ ചവിട്ടിയത്. രണ്ട് തവണ കോവിഡ്, ശക്തമായ ആസ്മ,ഇതിനിടയില്‍ ന്യുമോണിയ ഇതിനെയെല്ലാം അതിജീവിച്ചാണ് തന്റെ ആഗ്രഹം അഷ്റഫ് പൂര്‍ത്തീകരിച്ചത്.
2017 ഓഗസ്റ്റ് 20ന് ഉണ്ടായ അപകടമാണ് വലത് കാല്പാദം തകര്‍ത്തത്. അന്നേ ലഡാക്ക് യാത്ര അ,്റഫിന്റെ മനസില്‍ കുടിയേറിയിരുന്നു. തന്റെ കാല് മുറിക്കരുതെന്ന് ഡോക്ടറോട് അഷ്റഫ് തന്നെ അഭ്യര്‍ഥിക്കുകയായിരുന്നു. പല ശസ്ത്രക്രിയ നടത്തിയസേഷം കാല് ഏകദേശരൂപം പ്രാപിച്ചു. പക്ഷേ അധിക ദൂരം നടക്കാന്‍ പറ്റില്ല. സഞ്ചരിക്കാല്‍ സൈക്കില്‍ ആയി ആശ്രയം. ഊട്ടി, കൊടൈക്കനാല്‍ മലനിരകള്‍ ചവിട്ടിക്കയറി ആത്മവിശ്വാസം നേടി. ആറുമാസം മുന്‍പ് വീണ്ടും പ്രശ്നമായി. ഒരു അസ്ഥി തൊലി തുളച്ച് പുറത്ത് വരുന്ന സ്ഥിതിയായി. അന്നും കാല്മുറിക്കാനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം.
പക്ഷേ സുഖം പ്രാപിച്ചയുടന്‍ അഷ്റഫ് സൈക്കിളില്‍ ഇന്ത്യന്‍ പര്യടനം തുടങ്ങി. മുത്തുവ്ളോഗ്സ് എന്ന യൂറ്റൂബ് ചാനലിലൂടെ യാത്ര രേഖയാക്കി. ജൂലൈ 19ന് തൃശ്ശൂര്‍ വടക്കുനാഥന് ക്ഷേത്രമുറ്റത്ത് നിന്ന് യാത്ര തുടങ്ങിയ അഷ്റഫ് ഓഗസ്റ്റ് 30നാണ് ജമ്മുവില്‍ എത്തിയത്. അവിടെ നിന്ന് 12 ദിവസം കൊണ്ട് ലഡാക്കിലെ ഖര്‍ദുംഗലാ പാസിലെത്തി. സൈക്കിളില്‍ തന്നെയാണ് അഷ്റഫിന്റെ കേരളത്തിലേക്കുള്ള യാത്ര.