മനുഷ്യജീവിതത്തിലെ അനിവാര്യമായ സത്യങ്ങളാണ് ജനനവും മരണവും. പ്രിയപ്പെട്ട ഒരാളുടെ അവസാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വൈകാരികമായ ഒരനുഭവമാണ്. ഒരു വ്യക്തി ജീവിതാവസാനത്തോട് അടുക്കുമ്പോൾ, അവരുടെ ശരീരം ക്രമേണ പ്രവർത്തനരഹിതമാകാൻ തുടങ്ങും. ഈ പരിവർത്തനത്തെ സൂചിപ്പിക്കുന്ന ചില ശാരീരികവും പെരുമാറ്റപരവുമായ മാറ്റങ്ങൾ സാധാരണയായി കണ്ടുവരാറുണ്ട്. മരണത്തിന് മുമ്പുള്ള അവസാന ദിവസങ്ങളിൽ വ്യക്തികളിൽ സാധാരണയായി കാണപ്പെടുന്ന എട്ട് ലക്ഷണങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ എടുത്തു കാണിക്കുന്നു.
വിശപ്പും ദാഹവും കുറയുന്നു
അവസാന ദിവസങ്ങളിലോ ആഴ്ചയിലോ പലർക്കും ഭക്ഷണത്തോടും വെള്ളത്തോടുമുള്ള താൽപ്പര്യം ഗണ്യമായി കുറയും. ഈ സമയത്ത് അവരെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നതിന് പകരം, അവർക്ക് ആശ്വാസം നൽകുന്നതാണ് കൂടുതൽ സഹായകരം. നനഞ്ഞ തുണികൾ, ഐസ് ക്യൂബുകൾ, അല്ലെങ്കിൽ ലിപ് ബാം എന്നിവ ഉപയോഗിച്ച് ചുണ്ടുകളും മുഖവും നനയ്ക്കുന്നത് ആശ്വാസം നൽകും.
ഉറക്കക്കൂടുതലും മയക്കവും വർദ്ധിക്കുന്നു
ശരീരത്തിലെ ഊർജ്ജ നില കുറയുന്നതോടെ, വ്യക്തി കൂടുതൽ സമയം ഉറങ്ങുകയും പുറമെയുള്ള പ്രതികരണങ്ങൾ കുറയുകയും ചെയ്തേക്കാം. പ്രതികരിക്കാത്തപ്പോഴും, അവർക്ക് പരിചിതമായ ശബ്ദങ്ങൾ കേൾക്കാൻ സാധിക്കും. ഈ സമയത്ത് സൗമ്യമായി സംസാരിക്കുന്നതും, സംഗീതം കേൾപ്പിക്കുന്നതും, കൈ പിടിക്കുന്നതും അവർക്ക് സമാധാനവും ആശ്വാസവും നൽകും.
മലവിസർജ്ജനത്തിലും മൂത്രാശയ ശീലങ്ങളിലും മാറ്റം
ഭക്ഷണത്തിന്റെയും ദ്രാവകങ്ങളുടെയും അളവ് കുറയുന്നതോടെ മലവിസർജ്ജനവും മൂത്രമൊഴിക്കലും കുറയും. ചിലപ്പോൾ മൂത്രമൊഴിക്കുന്നതും മലവിസർജ്ജനം നടത്തുന്നതും പൂർണ്ണമായും നിലച്ചെന്നും വരാം. ഇത് കാണുമ്പോൾ അസ്വസ്ഥത തോന്നാമെങ്കിലും, ശരീരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന്റെ സ്വാഭാവികമായ ലക്ഷണങ്ങളാണിവ.
പേശി ബലഹീനതയും ക്ഷീണവും
ശരീരം അതിന്റെ പരിമിതമായ ഊർജ്ജം പ്രധാനപ്പെട്ട അവയവങ്ങളിലേക്ക് തിരിച്ചുവിടുന്നതിനാൽ, മൊത്തത്തിലുള്ള പേശി ബലഹീനതയും ക്ഷീണവും അനുഭവപ്പെടും. ചെറിയ ചലനങ്ങൾക്ക് പോലും വ്യക്തിക്ക് മറ്റൊരാളുടെ സഹായം ആവശ്യമായി വന്നേക്കാം.
സുപ്രധാന ലക്ഷണങ്ങളിലെ ഏറ്റക്കുറച്ചിലുകൾ
രക്തസമ്മർദ്ദം കുറയുകയും, ഹൃദയമിടിപ്പ് ക്രമരഹിതമാവുകയോ ദുർബലമാവുകയോ ചെയ്യാം. ശ്വാസമെടുക്കുന്നത് മന്ദഗതിയിലായെന്നും വരാം. ഈ മാറ്റങ്ങൾ ശരീരത്തിന്റെ അവസാന ഘട്ട പ്രവർത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്.