കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടെ എല്ലാവിധ ചികിത്സയും നിര്‍ത്തി വയ്ക്കും
കൊച്ചി : പുക്കാട്ടുപടി തഖ്ദീസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍. കോവിഡ് വാക്സിനേഷന്‍ ഉള്‍പ്പെടെയുളള എല്ലാ വിധ ചികിത്സയും നിര്‍ത്തി വച്ച് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് ഐ.എം.എ കൊച്ചി ശാഖ. ഇക്കഴിഞ്ഞ മൂന്നാം തിയതി ഉച്ചയ്ക്ക് ഒരുമണിയോടെ തഖ്ദീസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കോവിഡ് ലക്ഷണങ്ങളുളള ഭാര്യയ്ക്കും കുട്ടികള്‍ക്കും ചികിത്സ തേടി എത്തിയ വ്യക്തിയാണ് ഡ്യൂട്ടി ഡോക്ടറായ ജീസണ്‍ ജോണിയെ അസഭ്യം പറയുകയും, കൈയ്യേറ്റം നടത്തുകയും ചെയ്തത്.
എടത്തല പോലീസ് ഐ.പി.സി 323,294(ബി),506 വകുപ്പുകള്‍ക്ക് പുറമെ 2012-ലെ ആശുപത്രി സംരക്ഷണ നിയമപ്രകാരവും കേസെടുത്തെങ്കിലും ഉന്നത സ്വാധീനമുള്ള പ്രതി ഇപ്പോഴും നാട്ടില്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്നു. പ്രതി ഒളിവിലെന്നാണ് പോലീസ് ഭാഷ്യം. ഇത് അംഗീകരിക്കാനാവില്ല. 2012 മുതല്‍ സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ആശുപത്രികള്‍ക്കും സംരക്ഷണം നല്‍കുന്ന ശക്തമായ നിയമം നിലവിണ്ടായിട്ടും അവ ഫലപ്രദമായി നടപ്പാക്കുന്നില്ല. സമാനമായ സംഭവങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നു. മിക്കപ്പോഴും കോവിഡ് വാക്സിനേഷനിലും ചികിത്സയിലും രാഷ്ട്രിയ ഇടപെടലുകള്‍ വരുമ്പോഴാണ് ആശുത്രികളില്‍ സംഘര്‍ഷം ഉണ്ടാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭയരഹിതരായി തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് വകുപ്പ് മന്ത്രിയോടും, മുഖ്യമന്ത്രിയോടും നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരുവരും കുറ്റകരമായ മൗനം തുടരുകയാണെന്ന് ഐ.എം.എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒന്നര വര്‍ഷമായി വിശ്രമമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരും മനുഷ്യരാണെന്നും അവരും സാമാന്യ നീതി അര്‍ഹിക്കുന്നവരാണെന്നും ഭാരവാഹികള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആദ്യപടി എന്ന നിലയില്‍ ഐ.എം.എ കൊച്ചി ശാഖ വാക്സിനേഷന്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നിറുത്തിവച്ചുകൊണ്ടുള്ള പണിമുടക്കിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്രാഹം വര്‍ഗീസ് , ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ.അതുല്‍ ജോസഫ് മാനുവല്‍, വൈസ് പ്രസിഡന്റ് ഡോ.എം.എം.ഹനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.