ഡോ.വാസുദേവൻ നമ്പൂതിരി
സാധാരണയായി നമ്മുടെയെല്ലാം ഇമ്യൂണിറ്റി അല്ലെങ്കിൽ രോഗപ്രതിരോധശേഷി, രോഗാണുക്കളിൽനിന്നും മറ്റുള്ള രോഗകാരണങ്ങളിൽനിന്നും നമ്മെ പരിരക്ഷിക്കുന്നു. എന്നാൽ, ചില പ്രത്യേക അവസ്ഥകളിൽ നമ്മുടെ പ്രതിരോധശേഷി നമുക്കെതിരെ തന്നെ പ്രവർത്തിക്കുന്നു. അപരിചിതരിൽനിന്നു നമ്മളെ രക്ഷിക്കാനായി നാം വളർത്തുന്ന നായ നമ്മളെത്തന്നെ ഉപദ്രവിച്ചാൽ എങ്ങനെയിരിക്കും? ഏതാണ്ട് ഇതേ അവസ്ഥയാണിത്. അതായത്, നമുക്കു രോഗപ്രതിരോധശേഷിയുണ്ട്. പക്ഷേ, അത് വികലമായ രീതിയിൽ പ്രവർത്തിക്കുന്നു. ഇത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു.
അതിനോടനുബനിധിച്ചുള്ള രോഗാവസ്ഥകൾ സംജാതമാകുന്നു. ഇതാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. ആയുർവേദത്തിൽ ഇൗ അവസ്ഥയ്ക്കു വ്യക്തമായ ഔഷധങ്ങളും ചികിത്സാപദ്ധതിയും ലഭ്യമാണ്. രോഗപ്രതിരോധശേഷിയെ നേരെയാക്കാനായി, ശോധന ചികിത്സകൾക്കുശേഷം ചെയ്യേണ്ടതായ വിവിധതരം രസായന ഔഷധങ്ങൾ വിവരിക്കുന്നുണ്ട്. അവയെല്ലാം കേരളത്തിലെ ആയുർവേദ ഡോക്ടർമാർ വളരെ പ്രായോഗികമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. എന്നാൽ, ഒാരോ അവയവത്തെയും ബാധിക്കുന്ന ഒാട്ടോ ഇമ്യൂൺ രോഗത്തിനു വെവ്വേറെ ഔഷധങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ഉദാഹരണമായി, സന്ധികളെ ബാധിക്കുന്ന റുമാറ്റോയ്ഡ് ആർത്രൈറ്റിസ് പോലെയുള്ള രോഗങ്ങളുടെ ചികിത്സയിൽ രസായന ഔഷധമായ ചിറ്റമൃതിനു പ്രാധാന്യമുണ്ട്.
എന്നാൽ, ശ്വാസകോശ സംബന്ധമായ രോഗങ്ങളിലും ത്വക്കിനെ ബാധിക്കുന്ന ഇത്തരം രോഗങ്ങളിലുമെല്ലാം പ്രത്യേകം ഔഷധങ്ങൾ ലഭ്യമാണ്. അതിനാൽ, ശരീരത്തിലെ ഏതു സിസ്റ്റത്തിനെയാണ് രോഗം ബാധിച്ചത്, രോഗിയുടെ പ്രായം, ആരോഗ്യാവസ്ഥ, രോഗത്തിന്റെ പഴക്കം എന്നിവ കണക്കാക്കി രൂപകൽപന ചെയ്യപ്പെടുന്ന ഔഷധങ്ങൾ ഇത്തരം രോഗങ്ങളിൽ തികച്ചും അപായരഹിതവും എന്നാൽ ഫലപ്രദവുമാണ്.