രാത്രി ഏറെ വൈകിയാണ് ഉറങ്ങുന്നതെങ്കിലും, തീരെ ഉറക്കമില്ലാത്തവരുടെ കൂട്ടത്തിലാണെങ്കിലും ശ്രദ്ധിക്കുക. ഉറക്കത്തെ ഗൗനിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. അമേരിക്കയിലെ ഒറിഗൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് നിർണ്ണായക കണ്ടെത്തലുകൾ.
ആയുസ്സും മരണസാധ്യതയും
ദിവസവും അഞ്ച് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങുന്നവരുടെ ആയുസ്സ് ശരാശരി 2.5 മുതൽ 3 വർഷം വരെ കുറവായിരിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കൂടാതെ, ഇത്തരക്കാരിൽ മരണസാധ്യത 30% കൂടുതലാണ് എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.
സൈലന്റ് കില്ലർ മോഡിലേക്ക്
ഭക്ഷണത്തിനും വ്യായാമത്തിനും തുല്യമായി ഹൃദയത്തിനും തലച്ചോറിനും ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ അത് പ്രമേഹം, രോഗപ്രതിരോധ ശേഷി കുറയുന്നത്, മാനസിക സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഡിപ്രഷൻ, ആൻസൈറ്റി എന്നിവ വരാനുള്ള സാധ്യതയും കൂടുന്നു.
ഒരു ദിവസം ഉറക്കം കുറഞ്ഞാൽ വലിയ പ്രശ്നങ്ങളൊന്നും പ്രകടമാകില്ല. എന്നാൽ ആഴ്ചകളോളം തുടർച്ചയായി ഉറക്കം കുറഞ്ഞാൽ, ശരീരം ‘സൈലന്റ് കില്ലർ’ മോഡിലേക്ക് മാറാൻ ഇത് കാരണമാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ഉറങ്ങേണ്ട സമയം
18 നും 60 നും ഇടയിൽ പ്രായമുള്ളവർ ദിവസവും 7-9 മണിക്കൂർ വരെ ഉറങ്ങണം.
60 വയസ്സ് കഴിഞ്ഞവർ 7-8 മണിക്കൂർ വരെയും ഉറങ്ങണം.
നല്ല ഉറക്കത്തിന് ചെയ്യേണ്ടത്
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവയുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കുക.
കിടക്കുന്നതിന് 2-3 മണിക്കൂർ മുമ്പ് കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
നല്ല ഉറക്കം ലഭിക്കാൻ ദിവസവും വ്യായാമം ശീലമാക്കുന്നത് പ്രായമായവർക്ക് ഏറെ സഹായകമാകും.




