ചെടികൾക്കും, പ്രാണികൾക്കും തമ്മിൽ ശബ്ദത്തിലൂടെ ആശയവിനിമയം നടത്താനാവുമെന്നാണ് പുതിയ കണ്ടെത്തൽ. ടെൽ അവീവ് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിലൂടെ ചെടികളും പ്രാണികളും തമ്മിൽ സംസാരിക്കുമെന്ന വിപ്ലവകരമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. തക്കാളിച്ചെടികളെയായിരുന്നു ഈ പഠനത്തിനായി ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത്. തക്കാളിച്ചെടിയിൽ മുട്ടയിടുന്ന നിശാശലഭങ്ങളായിരുന്നു പഠനത്തിന് വിധേയമായിരുന്നത്. ജേണൽ ഇലൈഫിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പ്രകൃതിയിലെ ശബ്ദ ആശയവിനിമയത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പുതിയ വാതായനം തുറക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
പോപ്പ്‌കോൺ പൊട്ടുന്നതിന് സമാനമാണ് ചെടികളുടെ ശബ്ദമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇത് മനുഷ്യർക്ക് കേൾക്കാനാകില്ല. ”സസ്യങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രോമീറ്ററുകൾ വൈബ്രേഷനുകൾ റെക്കോർഡ് ചെയ്യുന്നതായി മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ പ്രകമ്പനങ്ങൾക്ക് ശബ്ദ തരംഗങ്ങളായി മാറാൻ സാധിക്കുമോ എന്ന വർഷങ്ങളായുള്ള ചോദ്യത്തിനാണ് ഞങ്ങളുടെ പഠനം ഉത്തരം നൽകുന്നത്”, ഗവേഷണത്തിന് നേതൃത്വം കൊടുത്ത പ്രൊഫ. ലിലാച്ച് ഹദാനി പറഞ്ഞു.
ലോകം മുഴുവൻ സസ്യങ്ങളുടെ ശബ്‌ദങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഈ ശബ്‌ദങ്ങളിൽ ജലക്ഷാമം, മറ്റ് അപകടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നും ഗവേഷകർ പറയുന്നു. “സസ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ വവ്വാലുകൾ, എലികൾ, പ്രാണികൾ, തുടങ്ങിയ ജീവികൾക്കു മാത്രമേ കേൾക്കാനാകൂ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ അങ്ങനെയല്ല, മറ്റ് സസ്യങ്ങൾക്കും അവ കേൾക്കാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്”, ഹഡാനി പറഞ്ഞു. സെൻസറുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാൽ മനുഷ്യർക്കും ഈ ശബ്ദങ്ങൾ കേൾക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.