കാപ്പിയുടെയോ ചായയുടെയോ ചൂടാറിയാല്‍ നമ്മള്‍ക്ക് സഹിക്കാനാവില്ല. ചൂടാറിയാല്‍ പിന്നെ ചായ എന്തിന് കൊള്ളാമെന്ന് വാദിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ ആവി പാറുന്ന കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന ശീലം പതിവാക്കിയാല്‍ കാന്‍സറിന് കാരണമാകാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?.
കാപ്പിയും ചായയും അല്ല, ചൂടാണ് പ്രശ്നം
ഉയര്‍ന്ന ചൂടില്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നത് നമ്മുടെ ദഹനനാളി അഥവാ ഭക്ഷണ കുഴലില്‍ പൊള്ളല്‍ ഉണ്ടാക്കാനും അവിടുത്തെ കോശങ്ങള്‍ നശിച്ചു പോകാനും കാരണമാകും. ഇത് കാന്‍സറിലേക്ക് നയിക്കാമെന്ന് പഠനങ്ങള്‍ പറയുന്നു.
2016-ല്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍, 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ പാനീയങ്ങള്‍ കുടിക്കുന്നതിനെ കാര്‍സിനോജെനിക്ക് (കാന്‍സറിന് കാരണമാകുന്നത്) എന്ന വിഭാഗത്തില്‍ പെടുത്തിയിരുന്നു. വിറക് അടുപ്പിലെ പുകയോ ചുവന്ന മാംസം അമിതമായി കഴിക്കുന്നതിനോ തുല്യമായ ആരോഗ്യസങ്കീര്‍ണത ഇത് ഉണ്ടാക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
സൗത്ത് അമേരിക്കയില്‍ നടന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു നടപടി. പഠനത്തില്‍ ഹെര്‍ബല്‍ ചായ 70 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടോടെ കുടിക്കുന്നവരില്‍ ദഹനനാളിയില്‍ കാന്‍സര്‍ വരാനുള്ള ഉയര്‍ന്ന സാധ്യത കണ്ടെത്തിയിരുന്നു. സമാനമായ പഠന ഫലങ്ങള്‍ ആഫ്രിക്ക, ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിലും കണ്ടെത്തിയിരുന്നു.
ഈ വര്‍ഷം യുകെയില്‍ 50 ലക്ഷത്തോളം മുതിര്‍ന്ന വ്യക്തികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ചൂടോടെ പാനീയങ്ങള്‍ കുടിക്കുന്നത് ദഹനനാളിയിലെ കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. ചൂടു ചായ കുടിക്കാത്തവരെ അപേക്ഷിച്ച്, ഒരു ദിവസം എട്ട് കപ്പ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ അളവില്‍ ചൂട് ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുന്നവരില്‍ ഏതാണ്ട് ആറ് മടങ്ങ് ദഹനനാളിയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
മറ്റൊരുന്ന്, ചൂട് തട്ടുന്നത് ദഹനനാളിയിലെ സ്വാഭാവിക സംരക്ഷണ കവചം തകരാറിലാവുകയും ഗ്യാസ്ട്രിക് ആസിഡ് റിഫ്ലക്സിന് തകരാര്‍ സംഭവിക്കാനും ഇടയാകുമെന്നതാണ്. കാലക്രമേണ ഇത് കാന്‍സറായി മാറമെന്നും ഗവേഷകര്‍ പറയുന്നു.
എത്ര അളവു കുടിക്കുന്നു
ഒറ്റ തവണ വലിയ അളവില്‍ കുടിക്കുന്നത് അപകടത്തിന്റെ ആഘാതം കൂട്ടുമെന്നും ഗവേഷകര്‍ പറയുന്നു. 65 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കാപ്പി അല്ലെങ്കില്‍ ചായ ഒറ്റമിഴിക്കില്‍ (20 മില്ലിലിറ്റര്‍) കുടിക്കുന്നത്, ദഹനനാളിയിലെ ചൂട് 12 ഡിഗ്രി സെല്‍ഷ്യസ് ആയി വര്‍ധിക്കുന്നു. പതിവാക്കുന്നതോടെ ഇത് കോശങ്ങളെ തകരാറിലാക്കാം.
അതേസമയം ഒറ്റമിഴിക്കില്‍ ചെറിയ അളവില്‍ കാപ്പി (65 ഡിഗ്രി സെല്‍ഷ്യസ്) കുടിക്കുന്നത് ദീര്‍ഘകാലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ലെന്നും ഗവേഷകര്‍ പറയുന്നു. 57.8 ഡിഗ്രി സെല്‍ഷ്യസ് ആണ് സുരക്ഷിത അളവായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.