കേരളത്തില്‍ നിന്ന് വിദേശത്തേക്ക് കഞ്ചാവ് കടത്തുന്ന മാഫിയാസംഘത്തിനെതിരെ വെളിപ്പെടുത്തലുമായി യുവാക്കള്‍. പണവും ലഹരിയും വാഗ്ദാനം ചെയ്ത് യുവാക്കളെ കാരിയര്മാരാക്കുന്നതായി കഞ്ചാവ് കടത്തിയ യുവാക്കള്‍ ട്വന്റിഫോര്‍ ന്യൂസിനോടാണ് ഇക്കാര്യം വിശദീകരിച്ചത്.
യുവാക്കളുടെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്താണ് കഞ്ചാവ് മാഫിയയുടെ നീക്കം. സ്വര്ണക്കടത്തിനെന്ന് അറിയിച്ച് സംഘത്തിലെടുക്കുന്ന യുവാക്കളെ കഞ്ചാവുമായി വിദേശത്തെത്തിക്കും. പിടിയിലായില്ലെങ്കില്‍ തിരിച്ചെത്തിയ ശേഷം ചെറിയ തുക നല്കി ഇവരെ വീണ്ടും ഉപയോഗിക്കും. കേരളത്തില്‍ നിന്ന് തന്നെ നിരവധി യുവാക്കള്‍ ഇവരുടെ വലയിലായതായാണ് ഒരു തവണ കഞ്ചാവ് കടത്തി സുരക്ഷിതനായി തിരിച്ചെത്തിയ യുവാവും ഷാര്‍ജയില്‍ പിടിക്കപ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച് മടങ്ങിയെത്തിയ യുവാവും പറഞ്ഞത്. 2018 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന സംഘത്തിനായുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയതായി താനൂര്‍ ഡിവൈഎസ്പി എംഐ ഷാഷിയും പറഞ്ഞു
ജില്ല കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടക്കുന്ന കഞ്ചാവ് വേട്ടക്കിടെയാണ് ജില്ലാ പൊലീസ് മേധാവിക്ക് ഈ സംഘത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചത്. സോഷ്യല്‍മീഡിയ വഴി ഇടപാടുകള്‍ നടത്തുന്ന സംഘം നിരവധി പേരെ ഇതിനോടകം കാരിയര്മാരാക്കിയതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന.