സാധാരണഗതിയില്‍ ചിയ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്താണ് കൂടുതലും കഴിക്കുക, അത് നല്ലതാണ്. എന്നാല്‍ ഇനി മുതല്‍ യോഗര്‍ട്ടില്‍ കുതിര്‍ത്തു കഴിച്ചു നോക്കൂ, ആരോഗ്യഗുണങ്ങള്‍ ഇരട്ടിയാകുമെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ഡോ. കരണ്‍ രാജന്‍ പറയുന്നു.
ചിയ വിത്തുകള്‍ നാരുകളാല്‍ സമ്പന്നമാണ്. വെറും രണ്ട് ടേബിള്‍സ്പൂണ്‍ കഴിച്ചാല്‍ ഏകദേശം 10 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും ദീര്‍ഘനേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രോട്ടീനുമായി ചേരുമ്പോള്‍ നാരുകള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നു. യോഗര്‍ട്ട് പ്രോട്ടീന്റെ പവര്‍ഹൗസ് ആണ്.
പ്രോട്ടീന്‍ വിശപ്പ് നിയന്ത്രിക്കാനും പേശികളുടെ നന്നാക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു, കൂടാതെ നാരുകളുമായി സംയോജിപ്പിക്കുമ്പോള്‍ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും. യോഗര്‍ട്ടില്‍ പ്രോട്ടീന്‍ മാത്രമല്ല, കാല്‍സ്യം, പൊട്ടാസ്യം, ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചിയ വിത്തുകളിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയുമായി ഇത് സംയോജിപ്പിക്കുമ്പോള്‍ പോഷകസമൃദ്ധമായ ഒരു ലഘഭക്ഷണം റെഡിയാകും.
കുടലിന്റെ ആരോഗ്യം
കുടലിന്റെ ആരോഗ്യത്തിനും ചിയ വിത്തുകളും യോഗര്‍ട്ടും മികച്ചതാണ്. ചിയ വിത്തുകളും (പ്രീബയോട്ടിക്‌സ്) യോഗര്‍ട്ടും (പ്രോബയോട്ടിക്‌സ്) കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. പ്രീബയോട്ടിക്‌സും പ്രോബയോട്ടിക്‌സും ഒന്നിക്കുമ്പോള്‍, കുടല്‍ ആരോഗ്യം മികച്ചതാക്കാം. വെള്ളത്തില്‍ ചിയ വിത്തുകള്‍ കുതിര്‍ക്കുമ്പോള്‍ നാരുകള്‍ ലഭിക്കും, എന്നാല്‍ പ്രോബയോട്ടിക് ഗുണം നഷ്ടമാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ്
രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതിന് തൈരും ചിയയും ഒരുമിച്ച് കഴിക്കുന്നത് ഒരു മികച്ച ആശയമാണ്. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നാരുകളും ചേര്‍ന്ന് ദഹനത്തെ മന്ദഗതിയിലാക്കുന്നു. പഞ്ചസാര രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നതിന്റെ വേഗത മന്ദഗതിയിലാക്കുന്നു.