ഏപ്രിലും മേയും ചൂടിന്റെ ഏറ്റവും തീവ്രമായ സമയമാണ്. കടുത്ത ചൂടില്‍ വെയില്‍ കൊള്ളാതിരിക്കാന്‍ കരുതല്‍ എടുക്കും പോലെ ചിക്കന്‍ പോക്സിനെയും കരുതിയിരിക്കണം. ചൂട് കൂടുന്നത്തോടെ സംസ്ഥാനത്ത് ചിക്കന്‍പോക്സ് വ്യാപിക്കുകയാണ്.
ഇതുവരെ ചിക്കന്‍പോക്സ് വരാത്തവരിലും വാക്സിന്‍ എടുക്കാത്തവരിലുമാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ ഗര്‍ഭിണികള്‍ ദീര്‍ഘകാലമായി ശ്വാസകോശ രോഗമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ കരുതല്‍ എടുക്കണം. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസ് കാരണം ഉണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചിക്കന്‍പോക്സ്.
പകരുന്ന വിധം
ചിക്കന്‍പോക്സ് രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം വഴിയാണ് ചിക്കന്‍പോക്സ് പടരുന്നത്. ചിക്കന്‍പോക്സ് കുമിളകളിലെ സ്രവങ്ങളില്‍ നിന്നും ചുമ തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും രോഗം പാടരാം.
രോഗലക്ഷണങ്ങള്‍ ഇവയാണ്
പനി, ക്ഷീണം, ശരീര വേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തില്‍ കുമിളകള്‍ പൊന്തല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാല് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ ഉണങ്ങി തുടങ്ങും.
ചികിത്സാ രീതി
വൈറസ് പെരുകുന്നത് തടയുന്ന ആന്റി വൈറല്‍ മരുന്നുകള്‍ രോഗ തീവ്രതയും സങ്കീര്‍ണതകളും കുറയ്ക്കാന്‍ സഹായിക്കുമെന്ന് സുധീര്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. വേദനസംഹാരികള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന മറ്റു മരുന്നുകള്‍ ഒഴിവാക്കരുത്.
ഏറ്റവും നല്ലത് പ്രതിരോധ കുത്തിവെപ്പ്
ചിക്കന്‍ പോക്സ് പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രതിരോധ കുത്തിവെയ്പ്പാണ്. ഫലപ്രദമായ വാക്സിനുകള്‍ ഇതിനായുണ്ട്. 12 വയസിന് മുകളിലുള്ളവര്‍ക്ക് നാല് മുതല്‍ എട്ട് ആഴ്ച വരെയുള്ള ഇടവേളകളില്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കാം. രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ 72 മണിക്കൂറിനുള്ളില്‍ വാക്സിന്‍ എടുത്താല്‍ രോഗത്തെ പ്രതിരോധിക്കാം. കുട്ടികളില്‍ ഒന്നേകാല്‍ വയസിലും നാല് വയസിന് ശേഷവും കുത്തിവെയ്പ്പ് എടുക്കാം.
കൊവിഡ് പാര്‍ശ്വഫലങ്ങളും ചിക്കന്‍ പോക്സിനെ സങ്കീര്‍ണമാക്കുന്നു
പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹം പോലുള്ള രോഗമുള്ളവര്‍, പ്രായമായവര്‍ എന്നിവരില്‍ ചിക്കന്‍പോക്സ് സങ്കീര്‍ണതകള്‍ ഉണ്ടാക്കാം എന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ശ്വാസകോശം, ഹൃദയം, തുടങ്ങിയ അവയവങ്ങളെയാണ് രോഗം ബാധിക്കുന്നതാണ്. വൈറസില്‍ ഉണ്ടാകുന്ന ജനിതക വ്യതിയാനങ്ങളും തീവ്രത കൂട്ടാം. കൊവിഡാനന്തരം രോഗപ്രതിരോധശേഷി പലരിലും കുറഞ്ഞിരിക്കുന്നതും രോഗം ബാധിക്കാന്‍ ഇടയാക്കുന്നു.