എന്റെ ഭർത്താവിന് 41 വയസ്സുണ്ട്. നന്നായി മദ്യപിക്കുന്ന ആൾക്ക് ലിവർ സിറോസിസ് ഉണ്ട്. വയറിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ ആശുപത്രിയിൽ പോയി ചികിത്സ നടത്തും. കുറച്ചു ഭേദമായാൽ വീണ്ടും മദ്യപിക്കും. ഇങ്ങനെ പോയാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈ ശസ്ത്രക്രിയയെ കുറിച്ചും അതിനാവശ്യമായ ചെലവുകളെക്കുറിച്ചുമൊക്കെ അറിയാൻ ആഗ്രഹിക്കുന്നു. ഭർത്താവിന്റെ മൂത്തചേട്ടൻ മരിച്ചത് സിറോസിസ് വന്നിട്ടാണ്. കൊച്ചിയുള്ള ഒരു സുഹൃത്തിന്റെ സുഹൃത്ത് എന്നോട് ചോദിച്ചതാണ് ചോദിച്ചു.
ഇന്ന് കേരളത്തിലും ലോകത്താകമാനവും കരൾ മാറ്റിവയ്ക്കുന്നതിന്റെ തോത് വർധിച്ചു വരികയാണ്. കരളിന്റെ പ്രവർത്തനം തകരാറിലാകുന്നതിനുള്ള പ്രധാന കാരണം അമിതമായ മദ്യപാനമാണ്. ഇന്നും നല്ലൊരു ശതമാനം ആളുകൾ ഈ ബുദ്ധിമുട്ട് നേരിടുന്നു. അതോടൊപ്പം തന്നെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്നതുകൊണ്ട് ഉണ്ടാകുന്ന ഫാറ്റി ലിവറും ആഗോളതലത്തിൽ വലിയ രീതിയിൽ കണ്ടുവരുന്നു. കരൾ മാറ്റിവയ്ക്കൽ തന്നെയാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമായി ഉയർന്നുവരുന്നത്.
കരൾ മാറ്റിവയ്ക്കുന്നതിന് പല തരത്തിലുള്ള സമീപനങ്ങളിലൂടെ സാധിക്കും. കേരള സർക്കാരിന് കീഴിലുള്ള മൃതസഞ്ജീവനിയിലൂടെ കരൾ മാറ്റിവയ്ക്കൽ ചെയ്യാൻ സാധിക്കും. അത് വളരെ സജീവമായിട്ടുള്ള ഒരു രീതിയാണ്. അതോടൊപ്പം തന്നെ മറ്റു പ്രമുഖ ആശുപത്രികളിൽ നേരിട്ടെത്തിയും ഇത് ചെയ്യാവുന്നതാണ്. കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ മെഡിക്കൽ കോളജുകളിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ഇന്നു നിലവിലുണ്ട്. കരൾ മാറ്റിവയ്ക്കൽ ചെലവേറിയ ശസ്ത്രക്രിയ ആയതിനാൽ തന്നെ സർക്കാർ ആശുപത്രികളും പദ്ധതികളും തിരഞ്ഞെടുക്കുന്നത് കുടുംബത്തിന്റെ സാമ്പത്തികഭാരം കുറയ്ക്കാൻ സഹായിക്കും.
കരൾ മാറ്റിവയ്ക്കുന്നതിലൂടെ ഒരു പരിധിവരെ രോഗിക്കു സാധാരണ ജീവിതത്തിലേക്കു മടങ്ങിവരാൻ സാധിക്കുമെങ്കിലും ഇതു വരാതെ ഇരിക്കുവാൻ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് മദ്യം ഒഴിവാക്കുന്നത്. മദ്യം അമിതമായി കഴിക്കുന്നത് തീർച്ചയായിട്ടും വളരെ നേരത്തേ തന്നെ ഒഴിവാക്കേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയും അപകടകരമാണ്. അമിതവണ്ണം ഒഴിവാക്കുന്നതിനും കൊഴുപ്പ് അടിയുന്നതു തടയുന്നതിനും വ്യായാമം ചെയ്യുന്നത് പതിവാക്കുക.
ഈ ശസ്ത്രക്രിയയുടെ ചെലവ് ചോദിച്ചതു കൊണ്ടുമാത്രം ഞാൻ പറയുവാൻ ആഗ്രഹിക്കുന്നു, ഏകദേശം ഒരു നാൽപതു ലക്ഷം രൂപയോളം ഇതിനു വേണ്ടിവന്നേക്കാം. പല ആശുപത്രികളിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ സാധ്യമാണെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഏറ്റവും നല്ല ചികിത്സയാണ് കേരളത്തിൽ നൽകിവരുന്നത്. അതുകൊണ്ട്, മൃതസഞ്ജീവനി മുഖേനയും അല്ലെങ്കിൽ ആശുപത്രികളെ നേരിട്ടു സമീപിച്ചുകൊണ്ടും കരൾ മാറ്റിവയ്ക്കാവുന്നതാണ്.