വീട്ടിൽ വളരെ വേഗത്തിലാണ് പാറ്റകൾ പെരുകുന്നത്. അടുക്കളയിൽ പാറ്റകളുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതൊന്നുമല്ല. ഭക്ഷണ സാധനങ്ങളിലും കഴുകി വച്ച പത്രങ്ങളിലുമൊക്കെ പറന്നെത്തുന്ന പാറ്റകൾ പകർച്ചവ്യാധി, അലർജി എന്നിവയ്ക്ക് കാരണമാകും. ലോകമെമ്പാടുമുള്ള ആളുകളിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണം പാറ്റകളാണെന്ന് എൻസിബിഐ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പാറ്റകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ ഏതൊക്കെയെന്നും അവയെ തുരത്താൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അറിയാം.
ടൈഫോയ്ഡ്
പാറ്റകൾ പരത്തുന്ന ബാക്ടീരിയകൾ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗമാണ് ടൈഫോയ്ഡ്. പാറ്റകളിൽ കാണപ്പെടുന്ന സാൽമൊണെല്ല ടൈഫി എന്ന ബാക്ടീരിയയാണ് രോഗത്തിന് കരണമാകുന്നതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പനി, ബലഹീനത, തലവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളിലേക്ക് ഇത് നയിക്കും.
കോളറ
പാറ്റകൾ പകർത്തുന്ന മറ്റൊരു രോഗമാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് രോഗത്തിന് കാരണമാകുന്നത്. പാറ്റകൾ ഭക്ഷണപാനീയങ്ങളിൽ വന്നിരുന്ന് മലിനമാക്കുകയും ഈ ഭക്ഷണം കഴിക്കുന്നതിലൂടെ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. ഇത് കോളറ വരാൻ ഇടയാക്കും. കടുത്ത വയറിളക്കം, നിർജ്ജലീകരണം, ചർദ്ദി തുടങ്ങിയ അവസ്ഥയ്ക്ക് ഇത് കാരണമാകും. പലപ്പോഴും ശുചിത്വമില്ലായ്മയാണ് കോളറ പിടിപെടാൻ ഇടയാക്കുന്നത്.
വയറിളക്കം
വയറിളക്കത്തിന് കാരണമാകുന്ന ഷിഗെല്ല ബാക്ടീരിയ, അമീബ എന്നിവ പാറ്റകൾ വഴിയും പകരുന്നവയാണ്. വൈറസ് ബാധിച്ചാൾക്ക് രക്തം കലർന്ന കടുത്ത വയറിളക്കവും അനുഭവപ്പെടാം. നീണ്ടുനിൽക്കുന്ന വയറുവേദന, പനി എന്നിവയാണ് ഇതിന്റെ പ്രധാന രോഗലക്ഷണങ്ങൾ.
ആസ്ത്മ
പാറ്റയുടെ കാഷ്ഠം, ഉമിനീർ, ശരീരഭാഗങ്ങൾ എന്നിവ ഭക്ഷണപദാർത്ഥങ്ങളിൽ കലരുകയും ഇത് കഴിക്കുകയും ചെയ്യുന്നത് അലർജി, ആസ്ത്മ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ദി കോക്രോച്ച് ആൻഡ് അലർജിക് ഡിസീസസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. തുമ്മൽ, ചുമ, ശ്വസന പ്രശ്നങ്ങൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.
പാറ്റകളുടെ അണുബാധയോ രോഗങ്ങളോ തടയുന്നതിന്, നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക, ഭക്ഷണം മൂടിവയ്ക്കുക, പാത്രങ്ങൾ കഴുകി വൃത്തിയാക്കിയതിന് ശേഷം മത്രം ഉപയോഗിക്കുക. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ ശ്രദ്ധിക്കുന്നതാണ്. അതിനാൽ പാറ്റകളെ തുരത്താൻ സഹായിക്കുന്ന സ്പ്രേകൾ ഉപയോഗിക്കുകയോ മറ്റ് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാം.