പനി വന്നു ഭേദമായിട്ടും വിടാതെ പിന്തുടരുന്ന ചുമയാണ് പലരുടെയും പ്രശ്നം. ശ്വാസകോശവിഭാഗ ഓപികളിൽ പനി വന്ന് മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ശ്വാസംമുട്ടലും ചുമയുമായി ഒരുപാട് ആളുകൾ എത്തുന്നുണ്ട്. പോസ്റ്റ് ഇന്‍ഫെക്ഷ്യസ് കഫ് അഥവാ തുടർച്ചയായി നീണ്ടു നൽക്കുന്ന ചുമയാണ് വില്ലൻ. എന്നാൽ ഇത് ന്യുമോണിയ ആയി മാറുന്നില്ല.
ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയും ആസ്മാ രോഗികളുടേതു പോലെയുള്ള ശ്വാസംമുട്ടലും വളരെ വ്യാപകമായി രോഗികളിൽ കാണുന്നു. ആസ്മാ സമാനമായ ലക്ഷണങ്ങളോടെ നീണ്ടു നിൽക്കുന്ന ശ്വാസംമുട്ടൽ ആഴ്ചകളോളം നീണ്ടു നിൽക്കും. അഡിനോ വൈറസ്, റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസ് എന്നിവ ശ്വാസകോശനാളികളെ ബാധിക്കുന്നതു മൂലമുണ്ടാകുന്ന അണുബാധയാണ് ഇതിനു കാരണം എന്നാണ് പറയുന്നത്. മൂന്നു നാലു തരത്തിലാണ് ഇത് കണ്ടു വരുന്നത്.
1.ചുമച്ച് ചുമച്ച് ശ്വാസം മുട്ടുന്ന രീതിയിൽ വില്ലൻ ചുമ പോലത്തെ ചുമ. ഇത് ആഴ്ചകളോളം നീണ്ടു നിൽക്കുന്നു.
2. ഇതുവരെ ശ്വാസംമുട്ടൽ വന്നിട്ടില്ലാത്തവർക്ക് ശ്വാസംമുട്ടൽ വരുന്നു
3. ആസ്മാരോഗികൾക്ക് മരുന്നുകൊണ്ട് നല്ലരീതിയിൽ നിയന്ത്രിക്കപ്പെട്ട ശ്വാസംമുട്ടൽ ഇപ്പോൾ നിയന്ത്രണാതീതമാകുന്നു.
4. ചെറുപ്പത്തിൽ ശ്വാസംമുട്ടൽ വന്നവരിൽ വീണ്ടും അത് പ്രത്യക്ഷപ്പെടുന്നു
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇത്തരം ചുമ കണ്ടിരുന്നു. എന്നാൽ ഇപ്പോഴും അതിനെ കോവിഡുമായി ബന്ധപ്പെടുത്തി പറയാനാവില്ല. അഡിനോ വൈറസുകൾ, ഇൻഫ്ലുവൻസാ വൈറസുകൾ, ഫ്ലൂ വൈറസുകൾ തുടങ്ങിയവ ഇത്തരത്തിലെ പ്രശ്നങ്ങൾ ഉണ്ടാക്കും. കുട്ടികളിലും മുതിർന്നവരിലുമെല്ലാം ഈ അവസ്ഥ കാണപ്പെടുന്നുണ്ട്. പ്രത്യേകിച്ചും ആസ്മ, സിഒപിഡി ബാധിതരിലും ശ്വാസകോശം ദ്രവിച്ചു പോകുന്ന ഐഎൽഡി എന്ന അവസ്ഥയുള്ളവരിലും ഇത് നിയന്ത്രണാതീതമായി മാറുന്നു.
ഇതുകൂടാതെ ജീവിതത്തിൽ ഇന്നേവരെ ശ്വാസംമുട്ടൽ വന്നിട്ടില്ലാത്തവർക്ക് ചില അണുബാധകളെ തുടർന്ന് ആസ്മയുടേതിനു സമാനമായ ലക്ഷണങ്ങളോടെ ചുമയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു. പൊടിപടലങ്ങൾ നിറഞ്ഞ തണുത്ത അന്തരീക്ഷം ഒഴിവാക്കണം. തണുപ്പു കാലത്ത് വാഹനത്തിൽനിന്നും മറ്റും പുറന്തള്ളുന്ന പുകയും പൊടിപടലങ്ങളും രാസവസ്തുക്കളുമൊന്നും മുകളിലേക്ക് ഉയരില്ല.

അവ അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. ശ്വസിക്കുന്ന വായുവിനൊപ്പം ഇതും ശരീരത്തിലേക്കെത്തും. പൊടിപടലങ്ങൾ നേരിട്ട് അണുബാധ ഉണ്ടാക്കില്ലെങ്കിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാനും ചുമയുടെ കാഠിന്യം കൂട്ടാനും ഇത് കാരണമാകുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുകയും നമ്മുടെ ദൈനം ദിന ജീവിതത്തെ ബാധിക്കാനുമുള്ള സാധ്യത ഏറെയാണ്.
കൃതൃ സമയത്ത് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ഇത്തരം ചുമകളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും ചെറുതല്ല. ആരോഗ്യപ്രശ്നം എന്നു പറഞ്ഞാൽ ചുമച്ചു ചുമച്ചു നമ്മുടെ ശരീരത്തിനുള്ള കടുത്ത ക്ഷീണം, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക തുടങ്ങിയ പ്രശ്നങ്ങളാണ്. ഒപ്പം അറിയാതെ മൂത്രം പോകുന്ന പ്രശ്നവും ഉണ്ടാകുന്നുണ്ട്.




