കൈകാലുകള്‍ക്ക് വേദനയും തരിപ്പും പുകച്ചിലും പുറംവേദന, തലയ്ക്കു പുകച്ചില്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചുരുങ്ങിയത് 20 ശതമാനം രോഗികളെങ്കിലും ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററിലോ അല്ലെങ്കില്‍ ജനറല്‍ പ്രാക്ടീഷണറുടെ ക്ലിനിക്കിലോ എത്തുന്നത്. സാധാരണ ഗതിയില്‍ ഒരു വേദനസംഹാരിയും ഉറക്കഗുളികയും ക്ഷീണത്തിന് ഒരു വിറ്റാമിന്‍ ഗുളികയും നല്‍കി നിങ്ങള്‍ക്ക് രോഗമൊന്നുമില്ല, ടെന്‍ഷന്‍ കൊണ്ടാണെന്ന് പറഞ്ഞു സമാധാനിപ്പിച്ചുവിടുകയാണ് കണ്ടുവരുന്നത്.
പലപ്പോഴും ഇത്തരം രോഗികള്‍ ഇതേ ലക്ഷണങ്ങളുമായി വീണ്ടും വീണ്ടും ഡോക്ടറെ സമീപിക്കുകയും ഇതേ ചികിത്സ തുടരുകയും ചെയ്യാറുണ്ട്. ഇവരുടെ വീട്ടുകാര്‍ പലപ്പോഴും നിങ്ങള്‍ക്ക് രോഗമൊന്നുമില്ല, വെറുതെ അഭിനയിക്കുകയാണെന്നു പറഞ്ഞ് ഇവരെ അധിക്ഷേപിക്കുകയും ചെയ്യാറുണ്ട്.
ലബോറട്ടറി പരിശോധനയിലും ശാരീരിക പരിശോധനയിലും ശരീരത്തിന്‍േറതായ രോഗങ്ങള്‍ ഒന്നും കാണാതിരിക്കുകയും എന്നാല്‍ രോഗിക്ക് ശാരീരിക ലക്ഷണങ്ങള്‍ വ്യക്തമായി അനുഭവിക്കുകയും ചെയ്യുന്ന ഈ അവസ്ഥ അതായത് വേദനയോ പുകച്ചിലോ ഉണ്ടാകാനുള്ള ശാരീരിക വൈകല്യങ്ങളൊന്നുമില്ലാതെ രോഗി വേദനയും പുകച്ചിലും അനുഭവിക്കുക. ഇത്തരം ലക്ഷണങ്ങളെ സൈക്കോ സോമാറ്റിക് ലക്ഷണങ്ങള്‍ എന്നാണ് പറയുക. അതായത് മാനസികനിലയുടെ ശാരീരികമായ ആവിഷ്‌കരണം, മനുഷ്യമനസ്സിന്റെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളും ചിന്താഗതികളും പ്രകടിപ്പിക്കുവാന്‍ ശരീരം കണ്ടുപിടിച്ച ഒരു വഴിയാണിത്.
ഇത്തരം ലക്ഷണങ്ങള്‍ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ വൈകാരികാവസ്ഥയുടെ ഭാഗമായി ഇതിനെ മനസ്സിലാക്കുവാന്‍ കഴിയില്ല. കാരണം ബോധമനസ്സിന് ഇത്തരം ലക്ഷണങ്ങളില്‍ വലിയ സ്ഥാനമില്ല. ഒരു വ്യക്തിക്ക് തന്നത്താന്‍ തിരിച്ചറിയുവാന്‍ കഴിയാത്ത അവന്റെ ഉപബോധമനസ്സില്‍നിന്ന് മാനസിക സമ്മര്‍ദം നേരിട്ട് ശാരീരിക ലക്ഷണങ്ങളായ വേദനയും തരിപ്പായുമൊക്കെ പരിണമിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനുഭവിക്കുന്ന വ്യക്തിക്ക് നൂറുശതമാനം ശരിയായ വേദനയായും തരിപ്പായും തന്നെയാണ് ഇത് അനുഭവപ്പെടുന്നത്.
നമ്മുടെ ശരീരത്തിലുണ്ടാകുന്ന എല്ലാതരം സംവേദനങ്ങളിലും നമ്മുടെ വൈകാരികാവസ്ഥയുടെ നിയന്ത്രണമുണ്ട്. ഒരു പട്ടാളക്കാരന്‍ തനിക്കേറ്റ മാരകമായ മുറിവില്‍നിന്ന് യാതൊരു വേദനയുമനുഭവിക്കാതെ യുദ്ധമുഖത്ത് മുന്നേറുന്നത് ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
സ്ഥിരമായുണ്ടാകുന്ന പുറംവേദനകളില്‍ 70 ശതമാനത്തിലധികവും മനശ്ശാത്രപരമാണെന്ന് മിക്കവാറും എല്ലാ പഠനങ്ങളും തെളിയിക്കുന്നു. കൂടാതെ ശരീരത്തിന്റെ പല ഭാഗത്ത് മാറിമാറിവരുന്ന വേദനകള്‍ അതായത് ചില ദിവസങ്ങളില്‍ നെഞ്ചുവേദന, മറ്റു ചില ദിവസങ്ങളില്‍ തലവേദന, കൈകാലുകള്‍ക്ക് വേദന എന്നിങ്ങനെ ഉണ്ടാകുന്നതും മിക്കവാറും മാനസിക നിലയുമായി ബന്ധപ്പെട്ടതാണ്.
സാമൂഹികമായ പിന്തുണയില്ലായ്മ, കുടുംബത്തിലെ ആശയവിനിമയത്തിലുള്ള വൈകല്യങ്ങള്‍, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നിലവാരം, വ്യക്തിത്വവൈകല്യങ്ങള്‍, വിവിധ മാനസികരോഗങ്ങള്‍ എന്നിവയൊക്കെ സൈക്കോസോമാറ്റിക് ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രായമായവരിലാണ് ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്. പ്രായമാകുമ്പോഴുണ്ടാകുന്ന വിവിധ ശാരീരികാസുഖങ്ങളും അധികാരസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നതും ഉറ്റവരുടെ മരണങ്ങള്‍ക്ക് സാക്ഷിയാകുന്നതുമൊക്കെ ഇതിനു കാരണമാകുന്ന ഘടകങ്ങളാണ്.
ശാരീരിക പരിശോധനയിലും ലബോറട്ടറി പരിശോധനകളിലുമെല്ലാം നോര്‍മലായ ഇത്തരം രോഗികളെ രോഗമില്ലെന്നു പറഞ്ഞ് തിരിച്ചയയ്ക്കുമ്പോള്‍ സംഭവിക്കുന്നത് പൂര്‍ണമായും ചികിത്സിച്ചുമാറ്റാന്‍ കഴിയുന്ന ഒരു മാനസികരോഗത്തില്‍നിന്ന് രോഗിയുടെ മോചനം അസാധ്യമാക്കുകയാണ്. അതായത്, മുകളില്‍ വിവരിച്ച ശാരീരിക ലക്ഷണങ്ങളുമായി വരുന്ന ഭൂരിപക്ഷം രോഗികളിലും വിഷാദരോഗത്തിന്റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. വിഷാദരോഗത്തിന്റെ സാധാരണലക്ഷണങ്ങളായ അമിതമായ സങ്കടം, ഒന്നിനും താത്പര്യമില്ലായ്മ, തളര്‍ച്ച, നിരാശാബോധം, പ്രതീക്ഷയില്ലായ്മ, ആത്മഹത്യാപ്രവണത, ഉറക്കക്കുറവ്, ഓര്‍മക്കുറവ്, ദേഷ്യക്കൂടുതല്‍ എന്നിവയില്‍ പലതും ഇവരില്‍ മിക്കവാറും പേര്‍ക്ക് ഉണ്ടാകുമെങ്കിലും അതിനെപ്പറ്റി നേരിട്ടന്വേഷിക്കുമ്പോള്‍ മാത്രമേ പലരും അതൊക്കെ പറയാറുള്ളൂ.
ചിലപ്പോള്‍ അമിതമായ സങ്കടവും നിരാശാബോധവും താത്പര്യമില്ലായ്മയുമൊക്കെ തരിപ്പും പുകച്ചിലിനുമൊപ്പം രോഗി പറയാറുണ്ടെങ്കിലും വിഷാദരോഗത്തെപ്പറ്റി വേണ്ടത്ര അവബോധമില്ലാത്തതുകൊണ്ടുമാത്രം യഥാര്‍ഥ ചികിത്സ ലഭിക്കാതെ അസുഖം നീണ്ടുപോകുകയോ അല്ലെങ്കില്‍ ആത്മഹത്യയില്‍വരെ എത്തുകയോ ചെയ്യാറുണ്ട്. പ്രഷറും പ്രമേഹവുംപോലെ ശരീരത്തിന്റെ രാസഘടനയിലുണ്ടാകുന്ന ഒരു മാറ്റംമൂലമാണ് വിഷാദരോഗവും ഉണ്ടാകുന്നത്.
ഒരുപാട് വേദനസംഹാരികളും വിറ്റാമിന്‍ ഗുളികകളും കഴിച്ചാലും മാറ്റുവാന്‍ കഴിയാത്ത തരിപ്പും പുകച്ചിലും വേദനകളുമൊക്കെത്തന്നെ തലച്ചോറിലെ സെറോടോണീവിന്റെ അളവ് കൂട്ടുന്ന വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ചാല്‍ മൂന്നുനാല് ആഴ്ചയ്ക്കുള്ളില്‍ത്തന്നെ പൂര്‍ണമായി മാറ്റം വരാറുണ്ട്. വിഷാദരോഗത്തിന് പഴയകാലത്തുള്ള പാര്‍ശ്വഫലങ്ങളുണ്ടാകുന്ന മരുന്നുകളില്‍നിന്ന് വ്യത്യസ്തമായി പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത പുതിയതരം മരുന്നുകളുള്ളത് ഇത്തരം രോഗികളുടെ ചികിത്സയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്നുണ്ട്.