സദാസമയവും ചെവിയില്‍ ഇയര്‍ഫോണുകള്‍ തിരുകി നടക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ഫോണിലേക്ക് നീട്ടിപ്പിടിച്ച വയറുകളോ കൊണ്ടു നടക്കാനുള്ള അസൗകര്യമോ ബ്ലൂടൂത്ത് ഇയര്‍ഫോണുകളെ സംബന്ധിച്ചിടത്തോളം ഇല്ലെന്നതാണ് ആളുകള്‍ ഇത് തിരഞ്ഞെടുക്കാനുള്ള കാരണം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ബ്ലൂടൂത്ത് ഇയര്‍പോഡുകളുടെ ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പ്രചാരം.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ബ്ലൂടൂത്ത് ഇയര്‍പോഡുകള്‍ ഉപയോഗിക്കുന്നത് തല മൈക്രവേവില്‍ വയ്ക്കുന്നതിന് സമാനമാണെന്നും, അത്രത്തോളം റേഡിയേഷന്‍ ഇവയില്‍ നിന്ന് പുറപ്പെടുന്നുണ്ടെന്നും ഇത് കാന്‍സര്‍ ഉണ്ടാക്കുമെന്ന തരത്തില്‍ വിഡീയോ വൈറലായിരുന്നു. ഇതിനോട് പ്രതികരിച്ച് അമേരിക്കയിലെ മിഷിഗണ്‍ ന്യൂറോസര്‍ജറി ഇന്‍സ്റ്റിറ്റ്യൂട്ട്, ന്യൂറോസര്‍ജന്‍ ഡോ. ജയ് ജഗ്‌നാഥന്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
ബ്ലൂടൂത്ത് ഇയര്‍പോഡുകളില്‍ നിന്ന് നോണ്‍-അയോണൈസിങ് ആയ റേഡിയേഷന്‍ പുറപ്പെടുന്നുണ്ട്. എന്നാല്‍ അത് നമ്മുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് പുറപ്പെടുന്ന റേഡിയേഷനെത്താള്‍ 10 മുതല്‍ 400 മടങ്ങ് കുറവാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മൊബൈല്‍ഫോണില്‍ നിന്നുണ്ടാകുന്ന റേഡിയേഷന് കാന്‍സര്‍ ഉണ്ടാക്കാനുള്ള കഴിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നാഷണല്‍ ടോക്‌സിക്കോളജി പ്രോഗ്രാം നടത്തിയ ഒരു പഠനത്തില്‍ റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) വികിരണത്തിന് ദീര്‍ഘനേരം എക്‌സ്‌പോഷര്‍ ചെയ്യുമ്പോള്‍ എലികളില്‍, ചില കാര്‍ഡിയാക് കാന്‍സറുകളുമായി ബന്ധം കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അവലോകനത്തില്‍ മനുഷ്യരില്‍ സമാന ഫലങ്ങള്‍ ഉണ്ടാക്കുന്നതായ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും അദ്ദേഹം പറയുന്നു.
2024ല്‍ പ്രസിദ്ധീകരിച്ച തൈറോയ്ഡ് നോഡ്യൂളുകളെ കുറിച്ചുള്ള പഠനത്തില്‍ ചില മൊബൈല്‍ ഫോണുകളുകളില്‍ നിന്ന് പുറപ്പെടുന്ന ചിലതരം റേഡിയേഷനുകളുമായുള്ള സമ്പര്‍ക്കം ചിലരില്‍ കാന്‍സര്‍ അല്ലാത്ത തൈറോയ്ഡ് നോഡ്യൂളുകളുടെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ കാന്‍സര്‍ അല്ലാത്ത നോഡ്യൂളുകളാണ്.
എയര്‍പോഡുകള്‍ മൊബൈല്‍ ഫോണുകളെക്കാള്‍ വളരെ കുറവ് റേഡിയേഷന്‍ മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ. അതിനാല്‍ മൊബൈല്‍ഫോണുകളും കാന്‍സറും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ മതിയായ ഡാറ്റ ഇല്ലാത്തതിനാല്‍ എയര്‍പോഡ് ഉപയോഗവും കാന്‍സറും തമ്മില്‍ സാധുവായ ഒരു ബന്ധമില്ലെന്നാണ് നി?ഗമനമെന്നും അദ്ദേഹം പറയുന്നു.




