അരിയാഹാരമില്ലാതെ ഒരു ദിവസംപോലും ചിന്തിക്കാന്‍ കഴിയാത്തവരാണ് മലയാളികള്‍. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ജീവിത്തില്‍ സമയം ലാഭിക്കാനായി പലപ്പോഴും ഒരു ദിവസത്തേക്കോ ഏതാനും ദിവസങ്ങളിലേക്കോ ആവശ്യമായ ചോറ് ഒരുമിച്ച് പാകം ചെയ്യുന്നത് ഇന്നൊരു പതിവാണ്. ആവശ്യാനുസരണം എടുത്ത് ചൂടാക്കി കഴിക്കാമല്ലോ എന്ന് കരുതി ഇങ്ങനെ സൂക്ഷിക്കുന്ന ചോറ് പക്ഷേ ചിലപ്പോള്‍ വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നതിലൂടെ ജീവന്‍ വരെ അപകടത്തിലാവാം. വേവിക്കാത്ത അരിയില്‍, ഛർദ്ദി, വയറിളക്കം പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങൾ ഉണ്ടാവാം. ചൂടിനെതിരെ പ്രതിരോധശേഷിയുള്ള ഇവ അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകില്ല. ചോറ് പുറത്തെടുത്തുവെച്ച് 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകൾ പുനരുൽപ്പാദനം തുടങ്ങും. ക്ലീവ്‌ലാൻഡ് ക്ലിനിക്കിന്‍റെ കണക്കനുസരിച്ച് യുഎസിൽ ഓരോ വർഷവും 63,400 ഭക്ഷ്യവിഷബാധകൾ ബാസിലസ് സെറിയസിൽ നിന്ന് ഉണ്ടാകുന്നുണ്ട്.
ചോറ് അധികനേരം പുറത്ത് വെക്കുമ്പോഴാണ് ഭക്ഷ്യവിഷബാധക്ക് സാധ്യത കൂടുന്നത്. മണിക്കൂറുകളോളം പുറത്തുവെച്ച ചോറ് പിന്നീട് ഫ്രിഡിജില്‍ സൂക്ഷിച്ച് ദിവസങ്ങള്‍ക്ക് ശേഷം ചൂടാക്കി കഴിച്ചാലും ഭക്ഷ്യവിഷബാധയുണ്ടാകും. ചോറ് ഉണ്ടാക്കി ഒരുമണിക്കൂറിനുള്ളില്‍ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുകയാണെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാനാവുന്നതാണ്. ഫ്രിഡ്ജില്‍ നിന്നെടുത്ത് ചൂടാക്കി കഴിച്ച ചോറ് വീണ്ടും ഫ്രിഡിജില്‍ വയ്ക്കുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.