കയ്യിലും കാലിലും തരിപ്പും പുകച്ചിലും മരവിപ്പുമൊക്കെ നിരന്തരമായി ഉണ്ടാകാറുണ്ടോ? അവഗണിക്കേണ്ട ഇത് നാഡീവ്യൂഹ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ തുടക്കമാകാം. നാഡീവ്യൂഹ വ്യവസ്ഥയ്‌ക്ക് വരുന്ന ക്ഷതം, നീര്‍ക്കെട്ട്, നാഡികളുടെ ഞെരുക്കം എന്നിവ കൊണ്ടാണ് നമ്മുടെ കൈകാലുകളിൽ ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകുന്നതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
സ്‌പോന്‍ഡിലോസിസ്, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം, പെരിഫെറല്‍ ന്യൂറോപതി പോലുള്ള രോഗങ്ങള്‍ മൂലം വരുന്ന സുഷുമ്‌ന നാഡിയുടെ ഞെരുക്കം കൈകാലുകളില്‍ മരവിപ്പും തരിപ്പും ഉണ്ടാക്കാം. ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, വൈറ്റമിന്‍ ബി12 അഭാവം, വിഷവസ്‌തുക്കളുമായുള്ള സമ്പര്‍ക്കം, അണുബാധകള്‍, എന്നിവയും മരവിപ്പും തരിപ്പും ഉണ്ടാക്കാം.
രക്ത പരിശോധന, ശാരീരിക പരിശോധന,നാഡീവ്യൂഹങ്ങളുടെ പരിശോധന എന്നിവ രോഗനിര്‍ണ്ണയത്തിന് ആവശ്യമാണ്. നട്ടെല്ലിന്റെ എംആര്‍ഐ സ്‌കാന്‍ പോലുള്ള പരിശോധനകളും ചിലപ്പോൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ചിലപ്പോൾ ഇത് മാറാൻ ശസ്ത്രക്രിയ വരെ ആവശ്യമാകും. രോഗത്തിന്റെ മൂലകാരണവും തീവ്രതയും അനുസരിച്ച് മാത്രമേ ചികിത്സ നിർദേശിക്കുവാനാകു.