സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൂത്രാശയ അണുബാധ നിരുപദ്രവകാരിയാണെന്നും, ധാരാളം വെള്ളം കുടിച്ചാൽ മാറുമെന്നും കരുതുന്നവരുണ്ട്.
പക്ഷെ ദീർഘകാലത്തോളം മൂത്രാശയ അണുബാധ നീണ്ടുനിൽക്കുന്നതോ, ഇടയ്ക്കിടെ വന്ന് പോകുന്നതോ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും, ഇത് വൃക്കയിലെ കാൻസറിന് പോലും കാരണമാകാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്ത്രീകളിലാണ് മൂത്രാശയ അണുബാധ ഒരു സ്ഥിരം ആരോഗ്യ പ്രശ്‌നമായി കൂടുതലായി കാണപ്പെടുന്നത്. അൽപ്പം ആശങ്കപ്പെടുത്തുന്ന വാർത്തയാണെങ്കിലും, കൃത്യമായ ചികിത്സയിലൂടെ ഈ രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയും.
ഒരുപാട് കാലത്തിനിടെ ഒരിക്കൽ മൂത്രാശയ അണുബാധ വരുന്നതിനെ ഭയക്കേണ്ടതില്ല. പക്ഷെ വർഷത്തിൽ മൂന്നിലധികം തവണ വരെ മൂത്രാശയ അണുബാധയുണ്ടാകുന്നുവെങ്കിൽ തീർച്ചയായും വിദഗ്ധ ചികിത്സ ആവശ്യമാണ്. ആവർത്തിച്ചുള്ള അണുബാധ വൃക്കകൾക്ക് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. കാലക്രമേണ പല വൃക്കരോഗങ്ങൾക്കും, വൃക്കയിലെ കാൻസറിന് പോലും ഇത് വഴിതെളിക്കുന്നു.
സ്ത്രീകളുടെ ശരീരഘടനയിലെ പ്രത്യേകതകൾ കാരണവും മൂത്രാശയ അണുബാധ കൂടുതലായി കാണപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമോൺ വ്യത്യാനം, ശുചിത്വക്കുറവ്, മൂത്രനാളിയിൽ അസാധാരണമായുണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവ സ്ഥിരമായുള്ള മൂത്രാശയ അണുബാധയ്ക്ക് കാരണമാകാറുണ്ട്.
ആന്റിബയോട്ടികുകളും, ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകളും കൃത്യമായി ഉപയോഗിക്കുന്നതിലൂടെ എളുപ്പത്തിൽ സുഖപ്പെടുന്ന അസുഖമാണ് മൂത്രാശയ അണുബാധ. എന്നാൽ കൃത്യമായി ചികിത്സിക്കാതിരുന്നാൽ മൂത്രാശയത്തെ ബാധിച്ചിരിക്കുന്ന അണുബാധ വൃക്കയിലേക്കും പടരുകയും സ്ഥിതി വഷളാവുകയും ചെയ്യുന്നു. അണുബാധകൾ ശരീരത്തിലെ കലകളെ നശിപ്പിക്കുക മാത്രമല്ല, കോശവ്യവസ്ഥയെ താളം തെറ്റിച്ച് കാൻസറിലേക്കും നയിക്കുന്നു.
ഈ ലക്ഷണങ്ങൾ ഉണ്ടെന്ന് കരുതി നിങ്ങൾക്ക് കാൻസറോ അനുബന്ധ മാരക രോഗങ്ങളോ ഉണ്ടെന്ന് കരുതേണ്ടതില്ല. ഇതെല്ലാം സാധ്യതകൾ മാത്രമാണ്. പക്ഷെ ഇത്തരം ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനെ ഡോക്ടറെ കാണുകയും വൃക്കകൾക്കും അനുബന്ധ അവയവങ്ങൾക്കും പ്രശ്‌നമില്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.