എല്ലാവരെയും അകറ്റുന്ന ഒരു പ്രശ്നമാണ് പേൻ ശല്യം. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. മറ്റ് കുട്ടികളുമായി ഇടപഴകുന്നത് വഴി ഇത് പെട്ടന്ന് പടരാം. തലയോട്ടിയിൽ നിന്ന് രക്തമൂറ്റി കുടിക്കുന്നതാണ് പേനുകളുടെ പ്രധാന ആഹാരം. അതുകൊണ്ട് ഇതൊരു നിസ്സാര പ്രശ്നമായി കാണരുത്. പേൻ ശല്യം അകറ്റാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വേപ്പെണ്ണ
പേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയിൽ വേപ്പെണ്ണ ഒന്നാം സ്ഥാനത്താണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചർമ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂർ എങ്കിലും ഈ എണ്ണ മുടിയിൽ തുടരാൻ അനുവദിക്കുക. ഇനി ഒരു പേൻ ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഒരു ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേൻ പ്രശ്നം പൂർണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യുക.
ബേബി ഓയിൽ
പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകൾ ബേബി ഓയിലിന് ഉണ്ട് എന്ന കാര്യം അറിയാമോ? ഇത് ഉപയോഗിക്കാനുള്ള ഏറ്റവും സിംപിൾ ആയ മാർഗ്ഗം ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വെയ്ക്കുക എന്നതാണ്. രാവിലെ മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാൻ സാധിക്കും. അതിന് ശേഷം വേപ്പ് അല്ലെങ്കിൽ ടീ ട്രീ ഓയിൽ അടിസ്ഥാനമാക്കിയുള്ള ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും.
ബേക്കിംഗ് സോഡ
പേൻ ശല്യം, തലയിലെ ചൊറിച്ചിൽ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു മാർഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേർത്ത് യോജിപ്പിച്ച് തലയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കുക
വെളുത്തുള്ളി
നമ്മുടെ മിക്ക ഭക്ഷണത്തിലെയും സ്ഥിര സാന്നിധ്യമാണ് വെളുത്തുള്ളി. പേൻ ശല്യം അകറ്റാൻ വെളുത്തുള്ളി സഹായിക്കുമെന്ന കാര്യം അറിയാമോ? വെളുത്തുള്ളിയുടെ ഏതാനും അല്ലികൾ ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു, അതേസമയം അലിസിൻ, സൾഫർ സംയുക്തങ്ങൾ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങൾ ഈരുകളെ, പുറന്തള്ളാൻ സഹായിക്കുന്നു