മൂക്കില്‍ വിരലിടുന്ന സ്വഭാവമുണ്ടോ? കുട്ടിക്കാലത്ത് തുടങ്ങുന്ന ഈ ദുശ്ശീലം പിന്നീട് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. 2022 ഓസ്ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാല ?ഗവേഷകര്‍ നടത്തിയ പഠനത്തില്‍, മൂക്കില്‍ വിരലിടുന്ന സ്വഭാവം ഡിമെന്‍ഷ്യയ്ക്ക് (പ്രത്യേകിച്ച് അല്‍ഷിമേഴസ്) സാധ്യതയുണ്ടാക്കുന്നുവെന്നാണ്.
മനുഷ്യരില്‍ ന്യുമോണിയ പോലുള്ള രോഗത്തിന് കാരണമാകുന്ന ക്ലമീഡിയ ന്യുമോണിയയെന്ന ബാക്ടീരിയയുടെ സാന്നിധ്യം വൈകി ഡിമെന്‍ഷ്യ ബാധിച്ച ആളുകളുടെ തലച്ചോറില്‍ കണ്ടെത്തിയതാണ് പഠനത്തില്‍ വഴിയൊരുക്കിയത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഈ ബാക്ടീരിയയ്ക്ക് മൂക്കില്‍ നിന്ന് തലച്ചോറിലേക്ക് നേരിട്ട് ഘ്രാണ നാഡി (മൂക്കിനെ തലച്ചോറുമായി ബന്ധിപ്പിക്കുന്നു) വഴി സഞ്ചരിക്കാന്‍ കഴിയുമെന്ന് കണ്ടെത്തി. മൂക്കിനുള്ളിലെ നേര്‍ത്ത പാളിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് ബാക്ടീരിയകള്‍ക്ക് തലച്ചോറിലേക്ക് എത്തുന്നത് എളുപ്പമാക്കുന്നു.
എലികളില്‍, ബാക്ടീരിയ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ തലച്ചോറിലെത്തി. തലച്ചോറിലേക്കുള്ള ഒരു കുറുക്കുവഴിയായിരിക്കാം മൂക്ക് എന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. അണുബാധയെ തുടര്‍ന്ന്, എലികളുടെ തലച്ചോറില്‍ കൂടുതല്‍ അമിലോയിഡ്-ബീറ്റ പ്രോട്ടീന്‍ അടിഞ്ഞുകൂടാന്‍ തുടങ്ങി.
അല്‍ഷിമേഴ്സ് രോഗികളുടെ തലച്ചോറില്‍ കൂട്ടമായി കാണപ്പെടുന്ന അതേ പ്രോട്ടീനാണിത്. അണുബാധയ്ക്കുള്ള പ്രതികരണമായിട്ടാണ് സാധാരണയായി ഈ പ്രോട്ടീന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്, എന്നാല്‍ അമിതമായ അടിഞ്ഞുകൂടല്‍ ദോഷകരമാണ്. എലികളില്‍ നടത്തിയ പരീക്ഷണമായതിനാല്‍ മനുഷ്യരില്‍ സമാന ഫലമുണ്ടാകുമോ എന്നതില്‍ വിശദമായ പഠനം നടത്തേണ്ടതായിട്ടുണ്ട്.
ഇതേ ബാക്ടീരിയകള്‍ മനുഷ്യരിലും കാണപ്പെടുന്നതിനാല്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു. മൂക്കിന്റെ ആന്തരിക സംരക്ഷണ പാളിക്ക് കേടുപാടുകള്‍ വരുത്തുന്നതിനാല്‍ മൂക്കില്‍ വിരലിടുന്നതോ മൂക്കിലെ രോമങ്ങള്‍ പറിക്കുന്നതോ നല്ല ശീലമല്ലെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയ ന്യൂറോ സയന്റിസ്റ്റ് ജെയിംസ് സെന്റ് ജോണ്‍ പറഞ്ഞു. ഇത് ബാക്ടീരിയകള്‍ തലച്ചോറിലേക്ക് എത്താനുള്ള സാധ്യത വര്‍ധിപ്പിക്കും




