നമ്മുടെ വീട്ടിൽ ഏറ്റവും വൃത്തിയായി വെക്കേണ്ട ഇടമാണ് ബാത്റൂം. ബാത്റൂം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അത് ആരോഗ്യ പ്രശനങ്ങൾക്ക് ഇടയാക്കും. അതിനാൽ ഇടയ്ക്കൊക്കെ ബാത്റൂം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇത്തരത്തിൽ ബാത്റൂം വൃത്തിയാകേണ്ടതുണ്ട്. എടുക്കാൻ ഉള്ള എളുപ്പത്തിനും മറ്റുമായി ബാത്റൂമിലെ ഷെൽഫിലും മറ്റും സാധനങ്ങൾ സൂക്ഷിക്കുയോ മറന്നുവെക്കുകയോ ചെയ്യുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഇത്തരത്തിൽ ഒരിക്കലും ബാത്റൂമിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട് അവ എന്തെല്ലാമാണെന്ന് നോക്കിയാലോ?
ടവൽ
ഒന്നിൽകൂടുതൽ ടവലുകൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ആവശ്യത്തിനുള്ള ഒരു ടവൽ മാത്രം ബാത്റൂമിനുള്ളിൽ സൂക്ഷിച്ചാൽ മതി. ബാത്റൂമിനുള്ളിൽ തങ്ങി നിൽക്കുന്ന വായുവും ഈർപ്പവും ടവലിൽ പറ്റുകയും ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക്കുകൾ
ബാറ്ററിയിൽ പ്രവർത്തിപ്പിക്കുന്ന ചെറിയ ഇലക്ട്രോണിക്കുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. അമിതമായ ഈർപ്പവും ചൂടും ബാറ്ററിയും ഉപകരണവും കേടുവരാൻ കാരണമാകുന്നു.
ആഭരണങ്ങൾ
കുളിക്കുമ്പോൾ ആഭരണങ്ങൾ ബാത്റൂമിനുള്ളിൽ അഴിച്ചു വെയ്ക്കുന്ന രീതി പലർക്കുമുണ്ട്. പിന്നീടിത് എടുക്കാൻ മറക്കുകയും ചെയ്യും. ദിവസങ്ങളോളം ഇത് ഇങ്ങനെ തന്നെ ഇരിക്കും. എന്നാൽ ബാത്റൂമിനുള്ളിലെ ചൂടും ഈർപ്പവും മൂലം ആഭരണങ്ങൾ പെട്ടെന്ന് മങ്ങിപോകുന്നു. ഇത്തരം സാധനങ്ങൾ ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
മരുന്നുകൾ
മരുന്നുകൾ ഒരിക്കലും ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. എപ്പോഴും ചൂടും ഈർപ്പവും തങ്ങി നിൽക്കുന്നത് മരുന്നുകളുടെ ഗുണത്തെ ബാധിക്കുകയും പിന്നീടിത് ഉപയോഗിക്കാൻ കഴിയാതാവുകയും ചെയ്യുന്നു.
സൗന്ദര്യ വർധക ഉത്പന്നങ്ങൾ
ബാത്റൂമിൽ പോയി ഒരുങ്ങുന്ന ശീലം പലർക്കുമുണ്ട്. ഉപയോഗിക്കാൻ എളുപ്പം കരുതി സൗന്ദര്യ വർധക ഉത്പന്നങ്ങൾ ബാത്റൂമിനുള്ളിൽ തന്നെ സൂക്ഷിക്കുന്ന ശീലമുണ്ട്. ഓരോ ഉത്പന്നത്തിനും വ്യത്യസ്തമായ പരിചരണമാണ് വേണ്ടത്. ബാത്റൂമിനുള്ളിലെ ഈർപ്പവും വെളിച്ചവും ഉത്പന്നങ്ങൾ കേടുവരാൻ കാരണമാകുന്നു.