വൃക്കകള്‍ ശരീരത്തിലെ ഒരു ഫില്‍ട്ടര്‍ സംവിധാനമാണ്. അവ രക്തത്തില്‍ നിന്ന് അധിക ഉപ്പ്, വെള്ളം, പൊട്ടാസ്യം, ആസിഡ്, നൈട്രജന്‍ തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍, രക്തത്തില്‍ ഈ പദാര്‍ത്ഥങ്ങള്‍ വളരെയധികം ഉണ്ടാകാം. നിങ്ങളുടെ വൃക്കകള്‍ക്ക് അതെല്ലാം ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിഞ്ഞുവെന്നും വരില്ല. ഇത്തരം പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടി അവ നിങ്ങളുടെ വൃക്കകളില്‍ പരലുകള്‍ രൂപപ്പെടാനും, വൃക്കക്കല്ല് എന്നറിയപ്പെടുന്ന ഒരു ഖരവസ്തു രൂപപ്പെടുകയും ചെയ്യും.
വൃക്കയിലെ കല്ലുകള്‍ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനുസമാര്‍ന്നതോ അരികുകളില്‍ കൂര്‍ത്തതോ ആകാം. ഈ കല്ല് ശരീരത്തില്‍ നിന്ന് പുറത്തുവരുകയോ നീക്കം ചെയ്യുകയോ ചെയ്തില്ലെങ്കില്‍, അത് വളര്‍ന്നുകൊണ്ടിരിക്കും. ചില കല്ലുകള്‍ വളരെ വലുതായി മാറുകയും മൂത്രത്തിലൂടെ പുറത്തുപോകാന്‍ കഴിയാതെ വരികയും ചെയ്യും. ചിലപ്പോള്‍ കല്ല് ചെറിയ കഷണങ്ങളാക്കാനോ നീക്കം ചെയ്യാനോ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം.
എങ്ങനെയാണ് വൃക്കകളില്‍ കല്ല് രൂപപ്പെടുന്നത്
ചില ഭക്ഷണങ്ങളില്‍ കാല്‍സ്യം, ഫോസ്ഫറസ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ്, സിസ്റ്റിന്‍ തുടങ്ങിയ ധാധുക്കള്‍ കൂടുതലാണ്.
അമിത ഭാരം, മദ്യപാനം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക. പോഷക കുറവ് എന്നിവ പ്രധാന കാരണങ്ങളാണ്.
ആസ്പിരിന്‍ അടങ്ങിയ മരുന്നുകള്‍, ചില അന്റാസിഡുകള്‍, ചില ആന്റിബയോട്ടിക്കുകള്‍ എന്നിവയും കിഡ്‌നി സ്റ്റോണിന് കാരണമാകും.
വൃക്കയിലെ കല്ലുകള്‍ ചിലപ്പോള്‍ പാരമ്പര്യമായി ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഒരിക്കല്‍ സ്റ്റോണ്‍ വന്നവര്‍ക്ക് ഇത് വീണ്ടും വരാനുളള സാധ്യത വളരെ കൂടുതലാണ്.
രോഗ ലക്ഷണങ്ങൾ
മൂത്രത്തില്‍ രക്തം
ദുര്‍ഗന്ധം വമിക്കുന്നതോ നിറംമാറിയതോ ആയ മൂത്രം
നിരന്തരം മൂത്രമൊഴിക്കല്‍
മൂത്രമൊഴിക്കുമ്പോള്‍ വേദന. നടുവിന് താഴെ, അടിവയര്‍ ഇവിടെയൊക്കെ മൂര്‍ച്ചയുളള വേദന
വിട്ടുമാറാത്ത വയറുവേദന
വയറിന് അസ്വസ്ഥത തോന്നുകയോ ഛര്‍ദ്ദിക്കുകയോ ചെയ്യുന്നു.
പനിയും വിറയലും (കല്ലുകള്‍ മൂത്രാശയ അണുബാധയ്ക്ക് (UTI-കള്‍) കാരണമാകുമ്പോള്‍ ഇത് സംഭവിക്കാം )
വൃക്കയിലെ കല്ല് പുറത്തുവരുമ്പോഴോ അല്ലെങ്കില്‍ വലിയ കല്ല് മൂത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുമ്പോഴോ നിങ്ങള്‍ക്ക് വളരെയധികം വേദന അനുഭവപ്പെടാം. ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതുണ്ട്.