വര്‍ഷങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ ഇടയിലെ ഒരു തര്‍ക്കമാണ് മുട്ടയുടെ വെള്ളയിലാണോ അതോ ഒരു ഫുള്‍ മുട്ടയിലാണോ പ്രോട്ടീന്‍ ഉള്ളത് എന്നത്. ഉയര്‍ന്ന പ്രോട്ടീനും കുറഞ്ഞ കൊഴുപ്പും ഉള്ളതിനാല്‍ മുട്ടയുടെ വെള്ളക്ക് പലപ്പോഴും മുന്‍ഗണന നല്‍കാറാണ് പതിവ്. എന്നാല്‍, പുതിയ ശാസ്ത്രീയ പഠനം തെളിയിക്കുന്നത് മുട്ട മുഴുവനായും കഴിക്കുമ്പോള്‍ അതില്‍ കാര്യമായ ഒരു ഗുണമുണ്ടെന്നാണ്. പ്രത്യേകിച്ച് പേശീ വളര്‍ച്ചയുടെ കാര്യത്തില്‍.മുട്ട മുഴുവനായും കഴിക്കുന്നത്, വെള്ള മാത്രം കഴിക്കുന്നതിനെ അപേക്ഷിച്ച് 42 ശതമാനം കൂടുതല്‍ പേശി പ്രോട്ടീന്‍ സമന്വയത്തെ ഉത്തേജിപ്പിക്കുന്നുവെന്ന് 2017ലെ ഒരു പഠനം കാണിക്കുന്നു
മഞ്ഞക്കരു ഒരു പോഷക ശക്തികേന്ദ്രമാണ്
*ഹോര്‍മോണ്‍ നിയന്ത്രണത്തിനും പോഷകങ്ങളുടെ ആഗിരണത്തിനും സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ മഞ്ഞക്കരുവില്‍ ഉണ്ട്.
*രക്തത്തിലെ കൊളസ്ട്രോളിന്റെ അളവില്‍ കാര്യമായ സ്വാധീനം ചെലുത്താത്ത നല്ല ഭക്ഷണം.
*കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളായ എ, ഡി, ഇ, കെ എന്നിവ പേശികളുടെ അറ്റകുറ്റപ്പണികള്‍, രോഗപ്രതിരോധ പ്രവര്‍ത്തനം, ഊര്‍ജ ഉപാപചയം എന്നിവക്ക് പ്രധാനമാണ്.
*കോളിന്, സെലിനിയം തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യം, നാഡികളുടെ പ്രവര്‍ത്തനം, ആന്റി ഓക്സിഡന്റ് സംരക്ഷണം എന്നിവക്ക് പ്രധാനമാണ്.
*വ്യായാമത്തിനു ശേഷമുള്ള കോശഘടനയെയും വീണ്ടെടുക്കലിനെയും ഫോസ്ഫോളിപിഡുകള് പിന്തുണക്കുന്നു.
*ഈ പോഷകങ്ങള്‍ ശരീരത്തിന്റെ അനാബോളിക് അല്ലെങ്കില്‍ പേശി നിര്‍മാണ പ്രതികരണത്തെ വര്‍ധിപ്പിക്കുന്നു.
ചുരുക്കത്തില്‍ മഞ്ഞക്കരു കഴിക്കുമ്പോള്‍ നിങ്ങളുടെ പേശികള്‍ പ്രോട്ടീന്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നു.
മുട്ടയുടെ വെള്ളയില്‍ പ്രധാനമായും ആല്ബുമിന് അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വീണ്ടെടുക്കലിന് ഉത്തമമായ ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍ ആണ്. എങ്കിലും മഞ്ഞക്കരുവില്‍ കാണപ്പെടുന്ന നിരവധി പോഷകങ്ങള്‍ അവയില്‍ ഇല്ല. മുട്ടയില്‍ ഒമ്പത് അവശ്യ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അവയെ ഒരു സമ്പൂര്‍ണ പ്രോട്ടീനാക്കി മാറ്റുന്നു. മുട്ടയുടെ വെള്ളയിലും ഈ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും മഞ്ഞക്കരുവിലെ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും സാന്നിധ്യം അവയുടെ ആഗിരണം മെച്ചപ്പെടുത്താനും ഉപയോഗത്തിനും കൂടുതല്‍ ശക്തമായ പ്രതികരണം സൃഷ്ടിക്കാനും സഹായിക്കുന്നു.
ചെറുപ്പക്കാര്‍ക്കും പ്രായമായവര്‍ക്കും മുട്ട കാര്യമായ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. സമീപകാല ഗവേഷണങ്ങള്‍ പറയുന്നത് മുഴുവനായുള്ള മുട്ടയുടെ മിതമായ ഉപഭോഗം മിക്ക ആളുകള്‍ക്കും സുരക്ഷിതവും പോഷകപ്രദവുമാണെന്നാണ്. പ്രായമായവര്‍ക്ക് മുഴുവന്‍ മുട്ടയും കഴിക്കുന്നത് വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പേശികളുടെ നഷ്ടം (സാര്‍കോപീനിയ) തടയും. ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍ തലച്ചോറിന്റെ പ്രവര്‍ത്തനം, അസ്ഥികളുടെ ശക്തി, മൊത്തത്തിലുള്ള ഓജസ്സ് എന്നിവയെ പിന്തുണക്കുന്ന വിറ്റാമിന്‍ ഡി, കോളിന്, ബി 12 തുടങ്ങിയ പ്രധാന പോഷകങ്ങളും നല്കുന്നു. സമീകൃതാഹാരത്തില്‍ ഒന്നോ രണ്ടോ മുഴു മുട്ടകള്‍ ഉള്‍പ്പെടുത്തുന്നത് പ്രായമായവര്‍ക്ക് ബലം നിലനിര്‍ത്തുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ വാര്‍ധക്യത്തെ പിന്തുണക്കുന്നതിനുമുള്ള ലളിതവും താങ്ങാനാവുന്നതുമായ മാര്‍ഗമാണ്.എന്നാല്‍, പ്രത്യേക രോഗാവസ്ഥകളുള്ളവര്‍ അവരുടെ ആരോഗ്യ വിദഗ്ധരെ ഇക്കാര്യത്തില്‍ സമീപിക്കുന്നത് നല്ലതാണ്.