വിറ്റാമിൻ എ, വിറ്റാമിൻ സി, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് മാമ്പഴം. ഇത് മാത്രമല്ല, എന്നാൽ നാം പലപ്പോഴും അവഗണിക്കുന്ന മാവിന്റെ ഇലകൾക്ക് ഒരു മികച്ച ഔഷധ മരുന്നായി പ്രവർത്തിക്കാൻ കഴിയും എന്ന കാര്യം അറിയാമോ? രോഗശാന്തി ഗുണങ്ങളും ഔഷധഗുണവും നിറഞ്ഞതാണ് ഈ ഇലകൾ. മാവിലയുടെ ഈ ഗുണങ്ങൾ കാരണം വൈദ്യശാസ്ത്രത്തിലും അവയ്ക്ക് വളരെയധികം പ്രാധാന്യം നൽകുന്നു.
വീടിനു പുറത്ത് നിൽക്കുന്ന മരം മാത്രമല്ല മാവ് . ഇതിന് നിരവധി ഉപയോഗങ്ങളുണ്ട്. അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ കാരണം ഈ ഇലകൾ വിവിധ രോഗങ്ങൾക്കുള്ള പരമ്പരാഗത ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്നു. ഇവയുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്താനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് വെള്ളം തിളപ്പിച്ച് കുടിക്കുകയാണ്. ദൈനംദിന ജീവിതത്തിൽ ഈ ഇലകൾ ഉൾപ്പെടുത്തിയാലുള്ള ആരോഗ്യ ഗുണങ്ങൾ നോക്കാം.
ദഹനത്തെ സഹായിക്കുന്നു
മാവില വെള്ളം കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു, ദഹനത്തെയും ഉപാപചയ പ്രവർത്തനത്തെയും വർധിപ്പിക്കുന്നു, വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും വയറു വീർക്കുന്നത് കുറയ്ക്കുന്നതിനും ഒരു നേരിയ ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ഭക്ഷണത്തിനുശേഷം കുടിക്കുന്നത് ദഹനം സുഗമമാക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ടാനിനുകളുടെയും ആന്തോസയാനിനുകളുടെയും സഹായത്തോടെ മാവില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. ഇത് പ്രീ ഡയബറ്റിസ് അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. വെറും വയറ്റിൽ കുടിക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം വർധിപ്പിക്കുന്നു
മാവിലയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കാനും, രക്തയോട്ടം മെച്ചപ്പെടുത്താനും, മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെയും രക്തസമ്മർദം നിയന്ത്രിക്കുന്നതിലൂടെയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു, ഇത് ഹൃദയ സംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കും.
മാവില വെള്ളം തയ്യാറാക്കുന്ന വിധം
ആദ്യം 4-5 ഇളം ഇലകൾ നന്നായി കഴുകി വൃത്തിയാക്കുക. 1.5-2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കുക. മൂടി വെച്ച് 5 മിനിറ്റ് കൂടി തിളപ്പിക്കുക. അരിച്ചെടുത്ത് ചെറുനാരങ്ങയോ തേനോ ചേർത്ത് ചൂടോടെ കുടിക്കുക