ഫാഷൻ പ്രേമികളുടെ ഉറ്റ ചങ്ങാതിയാണ് ജീൻസ്. ആ പേരിൽ ഒരു സിനിമ വരെയുണ്ട്
പല പേരുകളിൽ പല സ്റ്റൈലുകളിൽ ജീൻസ് ഇന്ന് ഉണ്ട്. കീറിയ ജീൻസ് വരെ ഇന്ന് സ്റ്റെലാണ്. ആകെയുള്ളൊരു കുഴപ്പം ജീൻസിന് നല്ല ഭാരമുണ്ടെന്നതാണ്. അതുകൊണ്ട് ഇത് കഴുകിയാലും പെട്ടെന്ന് ഉണങ്ങി കിട്ടാറില്ല. ഇടയ്ക്കിടെ കഴുകുന്നത് ജീൻസ് വേഗം നരയ്ക്കാനും കാരണമാകും. ഈ കാരണങ്ങൾ കൊണ്ട് തന്നെ പലരും ജീൻസ് കഴുകാനും മടിക്കും. എന്നാൽ നാലിൽ കൂടുതൽ തവണ ഇട്ടശേഷം ജീൻസ് കഴുകാതെ ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്.
നാല് തവണ ഉപയോഗിച്ച ശേഷം ജീൻസ് കഴുകാം. എന്നാൽ ഒരേ ജീൻസുകൾ തുടരെ ഉപയോഗിക്കരുത്. അതായത് ഇന്ന് ജീൻസ് ധരിച്ചാൽ അത് അടുത്ത ദിവസം ധരിക്കരുത്. പകരം വെയിലത്തിട്ട് നല്ലപോലെ ഉണക്കി എടുത്തശേഷം വേണം ഉപയോഗിക്കാൻ. എങ്കിലേ അതിലെ രോഗാണുക്കൾ നശിക്കുകയുള്ളൂ.
ചർമ്മ പ്രശ്നങ്ങൾ ഉള്ളവർ ഇടയ്ക്കിടെ ജീൻസ് കഴുകുക. അതുപോലെ തന്നെ ഓരോ തവണ ഉപയോഗിച്ച ശേഷവും കറയുള്ള ഭാഗം മാത്രം കഴുകി ഉണക്കുന്നതാണ് നല്ലത്. കൂടാതെ ജീൻസ് കഴുകുമ്പോൾ കഴിവതും കെെ കൊണ്ട് അലക്കാൻ ശ്രമിക്കുക. വളരെ കാലം ജീൻസിന്റെ പുതുമ നിലനിർത്താൻ ഇത് സഹായിക്കും.
വാഷിംഗ് മെഷീനിൽ അലക്കുന്നത് ജീൻസ് പെട്ടെന്ന് നശിക്കാൻ കാരണമാകും. ജീൻസ് അലക്കുന്ന വെള്ളത്തിൽ അൽപം വിനാഗിരി ഒഴിച്ചാൽ വസ്ത്രത്തിന്റെ നിറം മങ്ങുന്നത് തടയാം. കൂടാതെ ജീൻസ് കഴുകുമ്പോൾ പുറംതിരിച്ചിട്ട് കഴുകുന്നതാണ് നല്ലത്. ഉണക്കാൻ ഇടുന്നതും പുറംതിരിച്ച് വേണം. ഇല്ലെങ്കിൽ നിറം വേഗം മങ്ങിപോകും.
ജീൻസ് വെറുമൊരു വസ്ത്രമല്ല, അതൊരു വികാരമാണ്. പാന്റിലും ഷർട്ടിലും മാത്രമല്ല ഇന്ന് സ്‌കേർട്ടിലും ഓവർകോട്ടിലും ജാക്കറ്റിലും ടോപ്പിലും തുടങ്ങി ഫാഷൻ ആക്‌സസറീസ് വരെ ഇക്കാലത്ത് ജീൻസിലുണ്ട്.