ജീവിതത്തിലെ തിരക്കുകള്‍ കാരണം സ്വന്തം കുട്ടികളുടെ കാര്യങ്ങള്‍ പോലും വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്ത നിരവധി രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് കുട്ടികളുടെ ഭാവി തന്നെ ഇല്ലാതാക്കുമെന്ന് പലരും തിരിച്ചറിയാതെ പോകുന്നു. രാവിലെ കുട്ടികളെ ഒരുക്കി സ്‌കൂളിലേക്ക് അയച്ചത് മുതല്‍ തിരിച്ചെത്തുന്നത് വരെയും അതിനു ശേഷവും അവര്‍ എന്ത് ചെയ്യുന്നുവെന്ന് പല രക്ഷിതാക്കള്‍ക്കും അറിയില്ല. ഈ രീതിയിലാണ് കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നതെങ്കില്‍ തിരിച്ചു കൊണ്ട് വരന്‍ കഴിയാത്തത്ര ദൂരത്തില്‍ അവര്‍ എത്തിയിട്ടുണ്ടാകും. പഠിക്കാനായി പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും ലഹരിയുടെ പിടിയില്‍ അകപ്പെട്ടു പോകുന്ന നശിച്ച കാലത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്.
പെട്ടന്ന് തിരിച്ചറിയാന്‍ കഴിയില്ല എന്നതാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം ഉയരാനുള്ള പ്രധാന കാരണം. ഇന്ത്യയില്‍ നേരത്തെ തന്നെ നിരോധിച്ച ഇ-സിഗരറ്റുകള്‍ സ്‌കൂള്‍ പരിസങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ വില്‍പന നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇ-സിഗരറ്റ് ഉപയോഗം സംബന്ധിച്ച് നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടക്കത്തില്‍ പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നായി അവതരിപ്പിച്ച ഇ-സിഗരറ്റുകള്‍ കൗമാരക്കാര്‍ക്കിടയില്‍ നിക്കോട്ടിന്‍ ആസക്തിയിലേക്കുള്ള ഒരു കവാടമായി മാറിക്കഴിഞ്ഞു. പേനകളുടെയും മിഠായികളുടെയുമൊക്കെ രൂപ സാദൃശ്യമുള്ള ഇ- സിഗരറ്റുകള്‍ ഇന്ന് വ്യാപകമായി ലഭ്യമാണ്. 1,500 മുതല്‍ 2,000 രൂപ വരെയാണ് ഇവയ്ക്ക് ഈടാക്കുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഇറക്കുമതിയും വില്‍പനയും നിരോധിച്ചിട്ടുണ്ടെങ്കിലും നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഇ- സിഗരറ്റുകള്‍ ഇപ്പോഴും എളുപ്പത്തില്‍ ലഭ്യമാണ്.
കാര്‍ബണ്‍ സംയുക്തങ്ങള്‍, സള്‍ഫര്‍, മറ്റ് വിഷവസ്തുക്കള്‍ തുടങ്ങിയ ശരീരത്തിന് ദോഷകരമായ രാസവസ്തുക്കള്‍ ഇ-സിഗരറ്റുകളില്‍ അടങ്ങിയിട്ടുണ്ട്. ദ്രാവക രൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇതിനോടൊപ്പം രാസപദാര്‍ത്ഥങ്ങള്‍, രുചിക്കൂട്ടുകള്‍ എന്നിവയും ചേരുവയായി ചേര്‍ക്കുന്നു. സാധാരണ സിഗരറ്റുകള്‍ അപേക്ഷിച്ച് കൂടുതല്‍ അപകരടാകാരികളാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നേരത്തെ യുവാക്കള്‍ക്കിടയിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ 1% കാരണം ഇ-സിഗരറ്റുകള്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 5% ആയി വര്‍ധിച്ചു.
ഈ സിഗരറ്റ് എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു
നിക്കോട്ടിന്‍, പ്രൊപ്പൈലിന്‍ ഗ്ലൈസോള്‍, കൃത്രിമ രുചികള്‍ എന്നിവ അടങ്ങിയ ഇ-സിഗരറ്റുകള്‍ ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ്. ശ്വാസകോശരോഗങ്ങള്‍, ഹൃദയ പ്രശ്നങ്ങള്‍, പ്രമേഹം, നേത്ര പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ തുടങ്ങീ വിവിധ തരത്തില്‍ ഇത് ബാധിക്കും. സാധാര സിഗരറ്റ് വലിക്കുമ്പോള്‍ 1 ശതമാനം നിക്കോട്ടിനാണ് ശരീരത്തില്‍ എത്തുന്നതെങ്കില്‍ ഇതിന്റെ ഇരട്ടിയാണ് ഇ-സിഗരറ്റില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല സാധാരണ സിഗററ്റിനെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുകയും ശക്തിയേറിയതുമാണ് ഇ-സിഗരറ്റ്.