അന്നനാളത്തിന്റെ രണ്ടറ്റവും അടഞ്ഞു പോയ ഒരു ദിവസം പ്രായമായ കുഞ്ഞിനെ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തി തിരുവനന്തപുരം കിംസ്‌ഹെല്‍ത്. ഈസോഫാഗല്‍ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക് നവജാത ശിശുക്കളില്‍ അത്യപൂര്‍വമായി മാത്രമാണ് അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയ നടത്താറുളളത്
തിരുവനന്തപുരം സ്വദേശിയായ ആണ്‍കുഞ്ഞിനെ ജന്മനാതന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ് ഉമിനീരുപോലും ഇറക്കാന്‍ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
ശൈശവദശയില്‍ പലപ്പോഴും കുട്ടികളില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്യാറുണ്ടെങ്കിലും നവജാതശിശുക്കളില്‍ ഇത് അത്യപൂര്‍വമാണ്. സാധാരണ വലതു നെഞ്ച് തുറന്നാണ് ഈ ശസ്ത്രക്രിയ നടത്തുന്നത് എന്നാല്‍ ഇതിന് അപകടസാധ്യത കൂടുതലാണ്. മാത്രമല്ല പിന്നീട് വലത് തോളിന് വളര്‍ച്ചാക്കുറവും ആകാര വൈകല്യവും ഉണ്ടാകാനുളള സാധ്യതയുമുണ്ടായിരുന്നു.
ഒരു ദിവസം പ്രായമായ കുട്ടിയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമ്പോള്‍ അതീവ സങ്കീര്‍ണമായ തയാറെടുപ്പുകള്‍ വേണം സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 3 മി.മി വ്യാസമുളള ദ്വാരമാണ് ഇടേണ്ടത്. അന്നനാളം മുകളിലും താഴെയും ചേര്‍ത്ത് തുന്നലിടുകയാണ് ചെയ്തത്. പീഡിയാട്രിക് വിഭാഗത്തിലെ സര്‍ജനായ ഡോ. റെജു ജോസഫിന്റെ നേത്യത്വത്തില്‍ അനസ്തീസിയോളജിസ്റ്റ് ഡോ.എ. ഹാഷീര്‍, നവജാതവിഭാഗം തലവന്‍ ഡോ. നവീന്‍ ജെയിന്‍ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്.
ഒരു ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിറുത്തിക്കൊണ്ടാണ് ഈ പ്രക്രിയ നടത്തുന്നത്. അതിനാല്‍ ശസ്ത്രക്രിയയിലുടനീളം അതീവശ്രദ്ധയോടെ തത്സമയം അനസ്തീസിയോളജിസ്റ്റിന്റെ സാന്നിധ്യം അനിവാര്യമാണ്.
എട്ടു ദിവസത്തിനു ശേഷം കുട്ടിക്ക് വായിലൂടെ ഭക്ഷണം നല്‍കിത്തുടങ്ങി. ഭക്ഷണം ഇറങ്ങിപ്പോകുന്നത് എക്‌സ്‌റേയിലൂടെ നിരീക്ഷിച്ച് രണ്ടാഴ്ചയ്ക്കു ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.