- Advertisement -Newspaper WordPress Theme
HEALTHമുഖത്ത് കാറ്റടിച്ചാല്‍ പോലും കഠിന വേദന..ജീവനൊടുക്കിയവര്‍ നിരവധി; സല്‍മാനെ ബാധിച്ച അപൂര്‍വ രോഗം

മുഖത്ത് കാറ്റടിച്ചാല്‍ പോലും കഠിന വേദന..ജീവനൊടുക്കിയവര്‍ നിരവധി; സല്‍മാനെ ബാധിച്ച അപൂര്‍വ രോഗം

ബോളിവുഡിൽ മികച്ച ഫിറ്റ്നെസ്സ് കാത്തു സൂക്ഷിക്കുന്ന നടനാണ് സൽമാൻ ഖാൻ. ആരോഗ്യസംബന്ധമായി സല്‍മാന്‍ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകര്‍ ഞെട്ടലടെയാണ് കേട്ടത്. നേരെ ചൊവ്വേ ഒന്ന് ഭക്ഷണം കഴിച്ചിട്ട് പോലും ഏറെ കാലമായെന്നും വർഷങ്ങളായി താനൊരു രോ​ഗാവസ്ഥയുമായി പൊരുതുകയാണെന്നുമായിരുന്നു സൽമാൻ ഖാന്‍ പറഞ്ഞത്.

ആമീർ ഖാനുമൊത്ത് ടു മച്ച് എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്. വേദന കാരണം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് ആണെന്നും ശത്രുക്കൾക്ക് പോലും ഈ രോഗം വരല്ലേയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ പറയുന്നു.

പൊടുന്നനെയുള്ള വേദന, പ്രഭാതഭക്ഷണം കഴിക്കാൻ ഒന്നര മണിക്കൂറെടുക്കുക, ഓംലെറ്റ് ചവയ്ക്കുമ്പോൾ പോലും വേദന തുടങ്ങി വേദന സഹിക്കാനാവാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിക്കുന്നത്. ദന്തസംബന്ധമായ പ്രശ്നമാണ് കാരണമെന്നാണ് ആദ്യം കരുതിയത്. വേദനസംഹാരികൾ പതിവായി കഴിക്കുമായിരുന്നു.

പിന്നീടാണ് നാഡീ വ്യവസ്ഥകളെ ബാധിക്കുന്ന ട്രൈജെമിനൽ ന്യൂറല്‍ജിയ എന്ന അസുഖമാണ് ബാധിച്ചിരിക്കുന്നത് സൽമാൻ തിരിച്ചറിയുന്നത്. ഈ രോഗം ബാധിച്ചവരിൽ വലിയ തോതിൽ ആത്മഹത്യാ നിരക്ക് കൂടുതലാണെന്നും പക്ഷെ പലർക്കും ഇതിനെക്കുറിച്ച് അറിയില്ലായെന്നും സൽമാൻ ഷോയിൽ പറഞ്ഞു.

വർഷങ്ങൾ നീണ്ട ചികിത്സയ്ക്ക് ഒടുവിൽ ഗാമ നൈഫ് സർജറി എന്ന ശസ്ത്രക്രിയ നടത്തിയാണ് അസുഖത്തിൽ നിന്ന് മുക്തനായതെന്നും സൽമാൻ പറയുന്നു. ‘ഗാമ നൈഫ് സർജറി എന്നൊരു നടപടിക്രമമുണ്ട്, ഇതിൽ അവർ നിങ്ങളുടെ മുഖത്ത് ഏകദേശം 8 മണിക്കൂർ സ്ക്രൂ ഘടിപ്പിക്കും.

ഞാൻ ഈ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായാൽ എന്റെ വേദന 20-30% കുറയുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. പക്ഷേ, ദൈവത്തിന്റെ കൃപയാൽ വേദന പൂർണ്ണമായും അപ്രത്യക്ഷമായി. ” സൽമാൻ വ്യക്തമാക്കി.

എന്താണ് സൽമാൻ ഖാനെ ബാധിച്ച ട്രൈജെമിനൽ ന്യൂറല്‍ജിയ എന്ന രോ​ഗം ?

ട്രൈജെമിനൽ ന്യൂറല്‍ജിയ എന്നത് ഒരു വിട്ടുമാറാത്ത ന്യൂറോളജിക്കൽ പ്രശ്നമാണ്. വൈദ്യുതാഘാതമേറ്റതുപോലെ പൊടുന്നനെ വേദന അനുഭവപ്പെടും. താടിയെല്ല്, കവിൾ, കണ്ണിന് ചുറ്റുമെല്ലാം വേദന അനുഭവപ്പെടും. പല്ലുതേക്കുമ്പോഴും ചവയ്ക്കുമ്പോഴും മുഖത്തേക്ക് കാറ്റുവീശുമ്പോള്‍ പോലും വേദന അനുഭവപ്പെടും.

ലക്ഷണങ്ങൾ‌

ട്രൈജമിനൽ ന്യൂറാൽജിയയുടെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടവയാണ് മുഖത്ത് പെട്ടെന്ന് ഉണ്ടാകുന്ന, കഠിനമായ വൈദ്യുതാഘാതം പോലുള്ള വേദന. സാധാരണയായി മുഖത്തിന്റെ ഒരു വശത്ത്, കവിൾ, താടിയെല്ല്, പല്ലുകൾ, ചുണ്ടുകൾ അല്ലെങ്കിൽ കണ്ണിന്റെ സൈഡിൽ എല്ലാമാണ് വേദന അനുഭവപ്പെടുക. മുഖത്ത് തൊടുമ്പോഴോ, ഭക്ഷണം ചവയ്ക്കുമ്പോഴോ, പല്ല് തേക്കുമ്പോഴോ ഒക്കെയാണ് ഈ വേദന ഉണ്ടാകുന്നത്. മരവിപ്പ്, പൊള്ളൽ എന്നിവയും അസുഖത്തിൻ്റെ ഭാ​ഗമായി അനുഭവപ്പെട്ടേക്കാം.

കാരണം

രക്തക്കുഴലിൽ നിന്നുള്ള മർദ്ദം നാഡിയുടെ സംരക്ഷണ പാളിക്ക് പരിക്കേൽപ്പിക്കുമ്പോഴാണ് ട്രൈജമിനൽ ന്യൂറൽജിയ ഉണ്ടാകുന്നത്. ഇത് കൂടാതെ നാഡിയുടെ മെയ്ലിൻ കവചത്തിന് കേടുപാടുകൾ വരുത്തുന്നതും ഈ അവസ്ഥയ്ക്ക് കാരണമായേക്കാം.

രോ​ഗനി‍ർണയവും ചികിത്സയും

രോ​ഗിക്ക് മുകളിൽ പറഞ്ഞതു പോലെ മുഖത്തുണ്ടാകുന്ന വേദനകൾ നിരീക്ഷിച്ചാണ് രോ​ഗം നിർണയിക്കുന്നത്. രോ​ഗം ഭേദമാകാനുള്ള മരുന്നുകൾ കഴിച്ചിട്ടും കുറവില്ലെങ്കിൽ ശസ്ത്രക്രിയയാവും അടുത്ത ഘട്ടം. ഇത്തരത്തിലുള്ള മൈക്രോവാസ്കുലർ ഡീകംപ്രഷൻ (എംവിഡി) ശസ്ത്രക്രിയയിലൂടെ ചിലപ്പോൾ അസുഖം ഫലപ്രദമായി സുഖപ്പെടുത്താൻ കഴിഞ്ഞേക്കും.

Latest

- Advertisement -Newspaper WordPress Theme
- Advertisement -Newspaper WordPress Theme

Latest article

More article

- Advertisement -Newspaper WordPress Theme