തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി അതിവേഗം പടര്‍ന്ന് പിടിക്കുകയാണ് അമീബിക് മസ്തിഷ്‌കജ്വരം അഥവ അമീബിക് എന്‍സെഫലൈറ്റിസ്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗ ബാധയാണ് ഇത്. മൂക്കിനേയും മസ്തിഷ്‌കത്തെയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണപുടത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.
അമീബിക് മസ്തിഷ്‌കജ്വരം മൂലം ഈ വര്‍ഷം 16 പേര്‍ മരിച്ചെങ്കിലും പ്രതിരോധത്തിനും പഠനത്തിനും ഫലപ്രദമായ ഏകോപനമില്ലെന്ന് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. 1971 മുതല്‍ രാജ്യത്ത് അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെയുള്ള കണക്കനുസരിച്ചു കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍.
മലിനജലത്തില്‍ കുളിക്കുന്നവര്‍ക്കാണു രോഗം വരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്.പക്ഷേ, കുളിമുറിയില്‍ കുളിക്കുന്നവര്‍ക്കും രോഗം ബാധിക്കുന്നതിനാല്‍ വിശദമായ പഠനം വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശം. തിരുവനന്തപുരം ജില്ലയില്‍ മാത്രം 2 വര്‍ഷത്തിനിടെ 51 പേര്‍ക്കാണു രോഗം ബാധിച്ചത്. ഇതില്‍ 6 പേര്‍ മരിച്ചു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ജലസമൃദ്ധമായതാണു രോഗബാധിതര്‍ കൂടാന്‍ കാരണമെന്നാണു വിശദീകരണം.
രോഗത്തിന്റെ രാജ്യാന്തര മരണനിരക്ക് 97 ശതമാനമായിരിക്കെ കേരളത്തില്‍ ഇത് 24 ശതമാനമായി നിയന്ത്രിച്ചതു നേട്ടമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം. മരുന്നു കൊടുത്തു ചികിത്സിക്കുന്നതല്ല, രോഗപ്രതിരോധത്തിലാണു വിജയിക്കേണ്ടതെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അമീബ ശരീരത്തില്‍ എത്താതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന വിശദമായ മാര്‍ഗനിര്‍ദേശം തയാറാക്കണം. ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ചു സംസ്ഥാനത്ത് അര ലക്ഷത്തോളം കുളങ്ങളുണ്ട്. കിണറുകള്‍പോലെ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്താല്‍ അത് ആവാസവ്യവസ്ഥയെ ബാധിക്കും. കുളങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തില്‍ 16% മാത്രമേ ശാസ്ത്രീയമായി സംസ്‌കരിക്കുന്നുള്ളൂ. ബാക്കിയെല്ലാം മണ്ണിലേക്ക് ഒഴുക്കി വിടുകയാണ്. ബാക്ടീരിയ ഉള്ള സ്ഥലങ്ങളില്‍ അമീബയുടെ സാന്നിധ്യം കൂടുതലായിരിക്കും. മാത്രമല്ല, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള അകലം ഉറപ്പാക്കുന്നതിനും ഇടപെടല്‍ വേണം.