നമ്മൾ തലച്ചോറിന്റെ 10% മാത്രമാണോ ഉപയോഗിക്കുന്നത്? ഇടത് തലച്ചോറുള്ളവർക്ക് വിശകലന ശേഷിയും വലത് തലച്ചോറുള്ളവർക്ക് സർഗ്ഗാത്മകതയും കൂടുതലാണോ? ഈ ചോദ്യങ്ങൾ നിങ്ങളെയും കുഴക്കിയിട്ടുണ്ടോ? മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണ്ണവും ആകർഷകവുമായ അവയവമാണ് തലച്ചോറ്. എന്നാൽ, തലച്ചോറിനെക്കുറിച്ച് കാലങ്ങളായി നിലനിൽക്കുന്ന ചില മിഥ്യാധാരണകൾ നമ്മളെ പലപ്പോഴും തെറ്റിദ്ധരിപ്പിക്കാറുണ്ട്. പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. വിനിത് ബംഗ, എച്ച്ടി ലൈഫ്‌സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ ഈ പൊതുവായ തെറ്റിദ്ധാരണകളെ പൊളിച്ചടുക്കുന്നു.
നമ്മൾ തലച്ചോറിന്റെ 10% മാത്രമേ ഉപയോഗിക്കുന്നുള്ളൂ ?
ഏറ്റവും പ്രചാരമുള്ളതും തെറ്റിദ്ധാരണ നിറഞ്ഞതുമായ ഒരു മിഥ്യയാണ് ഇത്. നമ്മുടെ തലച്ചോറിന്റെ ഭൂരിഭാഗവും ഉപയോഗശൂന്യമാണെന്ന് ഈ മിഥ്യാധാരണ സൂചിപ്പിക്കുന്നു. എന്നാൽ, അത് സത്യമല്ല! ന്യൂറോ സയന്റിഫിക് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്, സാധാരണ ജോലികൾ ചെയ്യുമ്പോൾ പോലും നമ്മുടെ തലച്ചോറിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ്. fMRI, PET സ്കാനിംഗ് പോലുള്ള നൂതന സാങ്കേതിക വിദ്യകൾ തെളിയിക്കുന്നത് തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ പകൽ സമയത്ത് നിരന്തരം പ്രവർത്തിക്കുന്നു എന്നാണ്. അതുകൊണ്ട്, തലച്ചോറ് എപ്പോഴും പ്രവർത്തനക്ഷമമാണ്, ചെയ്യുന്ന കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തന കേന്ദ്രങ്ങൾ മാറും എന്ന് മാത്രം.
ഇടത് തലച്ചോറുള്ളവർ വിശകലനം ചെയ്യുന്നവരാണ്; വലത് തലച്ചോറുള്ളവർ സർഗ്ഗാത്മകരാണ്
ആളുകൾ “ഇടത് തലച്ചോർ ഉപയോഗിക്കുന്നവർ അല്ലെങ്കിൽ “വലത് തലച്ചോർ ഉപയോഗിക്കുന്നവർ ആണെന്നും അവരുടെ കഴിവുകളും വ്യക്തിത്വവും ഒരു വശത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്നും വിശ്വസിക്കുന്നതും ഒരു സാധാരണ മിഥ്യയാണ്. ചില തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഒരു ഭാഗത്തു കൂടുതലായി കേന്ദ്രീകരിക്കാമെങ്കിലും (ഉദാഹരണത്തിന്, മിക്ക വലത് കൈയ്യൻമാർക്കും സംസാരശേഷി ഇടത് ഭാഗത്താണ്), ഇത് മാറ്റമില്ലാത്ത ഒരു ഒരു കാര്യമായി കണക്കാക്കാനാവില്ല. സത്യത്തിൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ തലച്ചോറിന്റെ രണ്ട് അർദ്ധഗോളങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്. സർഗ്ഗാത്മകത, യുക്തി, വികാരങ്ങൾ എന്നിവയെല്ലാം തലച്ചോറിലെ സങ്കീർണ്ണമായ ന്യൂറൽ ശൃംഖലകളിലൂടെയാണ് രൂപപ്പെടുന്നത്.
മൾട്ടിടാസ്കിംഗ് തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു
മൾട്ടിടാസ്കിംഗും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഒരേ സമയം പല ജോലികൾ ചെയ്യുമ്പോൾ കാര്യക്ഷമത വർദ്ധിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ പ്രായോഗികമായി ഇത് നേരെ തിരിച്ചാണ് സംഭവിക്കുന്നത്. മൾട്ടിടാസ്കിംഗ് കാര്യക്ഷമത കുറയ്ക്കാനും തെറ്റുകൾ വരുത്താനുള്ള സാധ്യത കൂട്ടാനും ഇടയാക്കും. തലച്ചോറ് യഥാർത്ഥത്തിൽ ഒരേ സമയം പല ജോലികൾ ചെയ്യുന്നില്ല; പകരം, അത് വേഗത്തിൽ ഓരോ ജോലികളിലേക്കും ശ്രദ്ധ മാറ്റുന്നു. ഇത് ചെയ്യുന്ന ജോലിയുടെ ഗുണമേന്മ കുറയ്ക്കുകയും മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയെ മന്ദഗതിയിലാക്കുകയും ചെയ്യും.
ബ്രെയിൻ ഗെയിമുകൾ ബുദ്ധിശക്തി വർദ്ധിപ്പിക്കും
ബ്രെയിൻ ഗെയിമുകൾ കളിക്കുന്നത് ബുദ്ധിശക്തിയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന വിശ്വാസം ഒരു മിഥ്യയാണ്. ഈ ഗെയിമുകൾ ഓർമ്മശക്തിയോ ശ്രദ്ധയോ പോലുള്ള ചില പ്രത്യേക കഴിവുകളെ ശക്തിപ്പെടുത്താൻ സഹായിക്കുമെങ്കിലും, അവ IQ-വിലോ മൊത്തത്തിലുള്ള അറിവിലോ കാര്യമായ വർദ്ധനവിന് കാരണമാകില്ല. പതിവ് വ്യായാമം, മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണക്രമം, തുടർച്ചയായ പഠനം എന്നിവ ഉൾപ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലിയാണ് ദീർഘകാല മാനസികാരോഗ്യം ഉറപ്പാക്കുന്നത്.