സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ ചുരുക്കമാണ്. ചുറ്റുപാട് മറന്നു ഫോണിലെ മായാലോകത്തേക്ക് വഴുതി വീഴുന്നവര്‍ ധാരാളമാണ്. ദിനചര്യകള്‍ പോലും മറന്ന് മണിക്കൂറുകളോളം ഫോണില്‍ സമയം ചെലവഴിക്കുന്നവര്‍ ധാരാളമാണ്. ഫോണും ഒരു തരം ലഹരിയാണ്, ഈ അഡിക്ഷന്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും ഈ പ്രശ്‌നം നിങ്ങളെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
മണിക്കൂറുകളോളം ഫോണില്‍ മുഴുകിയിരിക്കുന്നവരുണ്ട്. അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അഡിക്ഷനായി മാറുന്നു. നിരന്തരമായ തലവേദനയ്ക്കും കഴുത്ത് വേദനയ്ക്കും മറ്റനവധി ശാരീരിക പ്രശ്‌നങ്ങള്‍ക്കും വഴിതെളിയ്ക്കുന്നു. ഇത് പരിഹരിക്കാന്‍ ചില കാര്യങ്ങള്‍ പാലിച്ചാല്‍ ഫോണ്‍ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റാന്‍ സാധിക്കും.
ഫോണ്‍ ഉപയോഗത്തിനായി നിശ്ചിത സമയം മാറ്റി വയ്ക്കുക. നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളാണ് ഫോണിലേക്കുള്ള നമ്മുടെ ശ്രദ്ധ ആകര്‍ഷിപ്പിക്കുന്നത്. ഫോണ്‍ നോക്കേണ്ടെന്ന് കരുതിയാലും ശബ്ദം കേട്ടാല്‍ എടുത്ത് നോക്കും.
പിന്നെ ഫോണ്‍ വെക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. അതിനാല്‍ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക. ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ ഇടയ്ക്കിടെ സ്വയം ശാസിക്കാന്‍ പഠിക്കുക. ആ സമയം മറ്റെന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്.
വെറുതെ മടി പിടിച്ചിരിക്കുമ്പോഴാണ് കൂടുതലും ഫോണിലേക്ക് പോകുന്നത്. അതിനാല്‍, എപ്പോഴും സ്വയം തിരക്കായിരിക്കാന്‍ ശ്രമിക്കുക. കളികള്‍, ജോലികള്‍, ചെടി പരിപാലനം, വ്യായാമം, വീട്ടുജോലി അങ്ങനെ എന്തിലെങ്കിലും മുഴുകിയിരിക്കുക.
ഫോണില്‍ നോക്കി നോക്കി പലരും ഉറക്കം കളയാറുണ്ട്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ പരാതി പറയുന്നതിനുമപ്പുറം സ്വയം ഒരു ശ്രദ്ധയാണ് ആവശ്യം. ഫോണ്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലിട്ട് ഉറങ്ങാന്‍ ശ്രമിക്കാവുന്നതാണ്. ഏതാനും ദിവസത്തേക്ക് അല്‍പ്പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പതിയെ അത് ശീലമാകും.